Sunday, July 10, 2011

ഗായത്രിയെ നിനക്കറിയുമെന്നു കരുതുന്നു....

നിനക്ക്,
ഇന്ന് നിനക്ക് ഞാനാണു കത്തെഴുതുന്നത്
ഗായത്രിയെ നിനക്കറിയുമെന്നു കരുതുന്നു
പണ്ടൊരിക്കൽ താജ് മഹൽ 
എന്തെന്നു നീയെന്നോടും പറഞ്ഞിരുന്നു
നിന്റെ കത്തുകളെല്ലാം ഞാൻ വായിക്കാറുമുണ്ട്
അതു വായിക്കുമ്പോൾ ചിലപ്പോഴൊക്കെ
എന്റെ ഭൂമിയോട് തോന്നുമ്പോലെ
ഒരു സഹതാപം നിന്നോടും 
തോന്നിതുടങ്ങിയിട്ടുണ്ട്...
പക്ഷെ ആ തർജ്ജിമക്കാരനെയും
നിന്റെ സുഹൃത്തുക്കളെന്നു പറഞ്ഞെഴുതുന്ന
യഥാർഥത്തിൽ നിന്നെ 
ദ്രോഹിച്ചുകൊണ്ടേയിരിക്കുന്നവരുമായ
കുറെപ്പേരുണ്ട്
അവരെഴുതുന്നതു വായിക്കുമ്പോൾ
എനിയ്ക്ക് നിന്നോടുള്ള സഹതാപത്തിന്റെയും
രോഷത്തിന്റെയും അളവ് കൂടാറുമുണ്ട്
ദൈവമേ ഇങ്ങനെയുള്ള സുഹൃത്തുക്കളുണ്ടാവാത്തത്
എത്ര ഭാഗ്യമെന്നുകൂടി ഞാൻ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നു..
അവരെഴുതുന്നതിങ്ങനെ..
അവരെന്നുപറയുമ്പോൾ 
ആ തർജ്ജിമക്കാരനെകൂടി ചേർത്തുകൊള്ളുക..
"കാശ്മീർതെരുവിലൂടെ നീങ്ങും ചുമന്നസാരിക്കാരി
അവളുടെ ഉടലോ തീവ്രവാദികൾ 
പലരും കവർന്നിരിക്കുന്നു..
അവളൊരു നിശാക്ലബിൽ മദ്യം വിളമ്പി ജീവിക്കുന്നു 
ആലസ്യം അവളുടെ മിഴികളിൽ
ചുണ്ടിൽ ചുമന്ന ചായം
എന്തോ ഒരു ലക്ഷണംകേട് അവളെ
ചുറ്റിപ്പറ്റിയുണ്ട്"
പിന്നെയൊരു കാര്യം കൂടി നീയറിയുക
കാളിയനെന്ന അനേകം ഫണമുള്ള
ഒരു വിഷസർപ്പം ഒരോഗസ്റ്റ് അഞ്ചാംദിനം
ഞങ്ങളുടെ ഭൂമിയുടെ ശുദ്ധഹൃദയത്തിലേയ്ക്ക്
കടും നീലവിഷം കുത്തിയിറക്കി
ആ വിഷമാ ഹൃദയത്തിലിരുന്ന്
തിളച്ചഗ്നിയായിപുറത്തേയ്ക്കൊഴുകി...
മണ്ണിൽ വീണാൽ ഭൂമിയില്ലാതെയാവും
അതിനാൽ ശിവനതൊരു 
രുദ്രാക്ഷത്തിലാക്കികൊണ്ടേയിരുന്നു
അതു നീ തന്ന സർപ്പവിഷമായിരുന്നു
അത് നിന്നെതേടിയലയുന്നു
ശിവരുദ്രാക്ഷത്തിനെത്രകാലമതു
സൂക്ഷിക്കാനാവും..?
നീ തന്നെ പറഞ്ഞാലും...
സത്യത്തിലിങ്ങനെയെഴുതുന്നതല്ല
എന്റെയൊരു ശൈലി
പക്ഷെ നിന്റെയാളുകൾ 
ആവശ്യത്തിനുമനാവശ്യത്തിനും
ഞങ്ങളുടെ ഭൂമിയെ കൈയേറ്റം ചെയ്യുമ്പോൾ
അത് നിന്നോടുമൊന്നു പറയണമെന്നും തോന്നി
ഇത്തിരി കടുപ്പമായിയെന്നറിയാം
പിന്നെ നീ ചെയ്ത എല്ലാസഹായവുമോർമ്മയുണ്ട്
ഭംഗിയുള്ള, മനോഹരമായ
എല്ലാ ഫോർവേഡുകളും കവിതകളും, 
കുറിപ്പുകളും ഇന്നും സൂക്ഷിക്കുന്നുണ്ട് ഭൂമി..
ഒരുകാലത്തതൊക്കെയൊരുപാട്
സന്തോഷവുമേകിയിരുന്നു....
പിന്നീടതിലുള്ള വിശ്വാസം നഷ്ടപ്പെടുകയുമുണ്ടായി..
നിന്റെ സഹായം ഒരു തൂവൽ പോലെ
ഒരു തുലാസിലിരിക്കുമ്പോൾ
മറുതട്ടിൽ നീയിട്ടുപോയ സങ്കടങ്ങൾ
വലിയൊരു പർവതം പോലെ വളരുന്നു..
നീ സന്തോഷിക്കുമോയെന്നറിയില്ല
ഒരിയ്ക്കൽ ഉണ്ടായിരുന്നുവെന്ന്
വിശ്വസിച്ചിരുന്ന മനസ്സമാധാനം 
കൂടിയിന്നില്ലാതെയായിരിക്കുന്നു...
ചില്ലുകളെല്ലാമുടഞ്ഞതിലിരിക്കും 
പോലെയൊരവസ്ഥ ചിലപ്പോഴുണ്ട്
എങ്കിലുമൊന്നുമില്ലയെന്ന് 
വരുത്തിതീർക്കാൻ ഞങ്ങളാവതും
ശ്രമിക്കുന്നുമുണ്ട്..


ഗായത്രി...

നിന്റെ കത്തുകണ്ടിരിക്കുന്നു മറുപടിയെന്തെഴുതുമെന്നാലോചിച്ച് രണ്ടുനാളിരുന്നു

പ്രിയപ്പെട്ട കുട്ടീ,
നിന്റെ കത്തുകണ്ടിരിക്കുന്നു
മറുപടിയെന്തെഴുതുമെന്നാലോചിച്ച്
രണ്ടുനാളിരുന്നു
ആവശ്യത്തിനുമനാവശ്യത്തിനും
ചുറ്റുമുള്ള മഹാത്മക്കാൾ
നിറയെ എഴുതിയിടുന്നുണ്ട്
അതൊക്ക വായിച്ചും മനസ്സുകെട്ടിരിക്കുന്നു
ഇതൊക്കെ നീ നേരിടുന്നരീതിയിൽ
അല്പം അത്ഭുതവും തോന്നുണ്ട്
വിവർത്തകനെന്തെഴുതിയാലും
നിനക്കിന്ന് പരിഭവമില്ലയെന്നറിഞ്ഞതിൽ 
സന്തോഷിക്കുന്നു
ആ സുഹൃത്തിന്റെ മാനസികാവസ്ഥയെ
നീ മനസ്സിലാക്കിയതു നന്നായിരിക്കുന്നു
ഗ്രഹസഞ്ചാരങ്ങളുടെ നൈമിഷികതയിലായിരിക്കാം
പറയാതെ പോയതും പറഞ്ഞുതീർന്നതുമായ
പല വാക്കുകളിലൂടെ പലേവിധ ദു:ഖങ്ങളുമുണ്ടായി..
പ്രിയപ്പെട്ട കുട്ടീ;
പല മുഖങ്ങളുമണിയേണ്ടി വന്നു
മനസ്സാക്ഷിക്കൊരു മുഖം,
നിന്റെ മുന്നിൽ വേറൊരു മുഖം,
പുറം ലോകത്തിനായ് വേറൊരു മുഖം
അങ്ങനെ സൂക്ഷിക്കേണ്ട മുഖങ്ങളെണ്ണിയാൽ
തീരാതെ വളർന്നുപെരുകിയപ്പോൾ
മുഖങ്ങളെല്ലാമുടയുന്നതും കാണേണ്ടിവന്നു..
അങ്ങനെയൊക്കെ വന്നുപോയി
ഒരു അത്യാഹിതമെന്ന് കരുതി
എല്ലാം മറന്നേക്കുക..
നിന്റെ പരിഹാസങ്ങളെല്ലാം കാണുന്നുണ്ട്
അതിനു നിനക്കവകാശവുമുണ്ട്
എന്നറിയാമെന്നതിനാൽ
ഞാൻ നിശബ്ദനായിരിക്കാനാഗ്രഹിക്കുന്നു..
എന്റെയിന്നത്തെയവസ്ഥയിലതു 
തന്നെയെനിക്കഭികാമ്യമെന്നുമറിയുക.
പ്രിയപ്പെട്ട കുട്ടീ;
ആവരണങ്ങളാൽ മൂടപ്പെട്ടവർ നമ്മളൊക്കെയും
അതിനാലിനിയെങ്കിലുമിങ്ങനെയെഴുതിയെന്നെ
വലയ്ക്കാതിരുന്നാലും



Friday, July 8, 2011

നിന്റെ കത്തുവായിച്ചു.. സത്യമായും എനിയ്ക്കുമല്പം ദു:ഖം തോന്നി.



നിന്റെ കത്തുവായിച്ചു..
സത്യമായും എനിയ്ക്കുമല്പം 
ദു:ഖം തോന്നി..
ആ വിവർത്തകനോടെനിക്കിപ്പോൾ
സഹതാപമുണ്ട്..
അയാളുടെ പരിഭാഷകൾ
കാണുമ്പോഴേ അറിയാം
എന്തോ വ്യസനം  അയാൾ
സ്വകാര്യമായി സൂക്ഷിക്കുന്നുവെന്ന്..
ആ വിവർത്തകനോടുള്ള
രോഷമിപ്പോൾ മഞ്ഞുപോലെ
തണുത്തു തുടങ്ങിയിരിക്കുന്നു..
മനുഷ്യമനസ്സുകളെത്രയോ
വിചിത്രം...
അതിനൊരു ദീനം വന്നാലുള്ള
അവസ്ഥ അതിദയനീയം
പിന്നെ മൺസൂൺനിലാവും
ചാരി നിൽക്കുന്ന ഒരാളെയവിടെ
കാണാനിടയായി
മൺസൂൺനിലാവെന്നൊരുനിലാവുണ്ടോ
കാർമേഘാവൃതമായ മഴക്കാലങ്ങളിൽ
നിലാവ് ദൃശ്യവുമല്ല
പിന്നെയീ മൺസൂൺനിലാവിലെഴുതും
മഹാസാഹിത്യകാരനെ കണ്ടുനോക്കുക
ലങ്കയിലെ രാജാവിന്റെ
അനേകമുഖങ്ങളിലൊന്നുപോലെതോന്നും...
നിനക്കും അങ്ങനെതന്നെ
തോന്നുമെന്നെനിക്കറിയാം...
പഴയകാലങ്ങളെങ്ങനെ മറക്കാനാവും
ഭൂമിയുടെ ചുമരുകൾക്കരികിൽ
നിന്നാരോ പറഞ്ഞുകൊണ്ടേയിരിക്കുന്നു
പോയകാലത്തെ നമുക്കൊരു
മേഘ തുണ്ടായി മായ്ച്ചേക്കാമെന്ന്
പക്ഷെ ചുമരുകൾക്കരികിലെ
നിഴലുകളവിടെ തന്നെയുണ്ട്
ഇടയ്ക്കിടെയവരവരോടു
തന്നെ മത്സരിക്കുന്നു
നിനക്കറിയുമോ?
ബ്രഹ്മാസ്ത്രങ്ങളനേകമെന്നെ
ചുറ്റിക്കൊണ്ടേയിരിക്കുന്നു
എങ്കിലുമൊരു വിരൽതുമ്പിലെൻ
ഹൃദയവും സ്പന്ദിക്കുന്നു
നിലയില്ലാകയങ്ങളിലൂടെയൊഴുകിയൊഴുകി
ഞാനിന്നൊരു തുരുത്തിലെത്തിയിരിക്കുന്നു
ചെമ്പകപ്പൂവുകളനേകം സുഗന്ധതൈലങ്ങൾ
തീർക്കുമൊരു സായന്തനത്തിൽ
ഈ തുരുത്തിലിരിക്കുമ്പോൾ
ആകാശത്തിലനേകം 
നക്ഷത്രദീപങ്ങൾ തെളിയുന്നു
മുഖാവരണങ്ങളില്ലാതെയന്ന്
പ്രത്യേകമായും നിന്നോട് 
പറയാനുമാഗ്രഹിക്കുന്നു....

Wednesday, July 6, 2011

WINNERS VS. INFLUENCE


What do we mean by victory. We call people winners by merit and in general we do not appreciate winners who purchase their victories. We can describe winners in two categories:

One is influential victory ie you pay money to the authorities and get a deal or you use your influence to give fame to someone but that someone will not have any merit. We see a lot of such people around and the people who receive such fame assume that they are the smartest people in this world. They overtake many really meritorious people because they can cut a deal with the people in power. Such victories are low category victories of the selfish people. Even a thief who builds a royal bungalow out of stolen money is also a victor in his own terms. Really meritorious ones get no inspiration from such victories. We should have the analytical capability to understand which victory we value. The one which is purchased out of influence and money not give any value but many people think that is real victory. Such victories will not last long like that of a thief the day he is caught his bungalow will be seized and the day people find out that your marks are purchased with your influence in top authorities your marks sheets will seized.

It is true that we should not blame others for our mistakes but even we should learn one thing that with influence you should not try to erase your mistakes. Victory is not doing revenge on your enemy by showing off your extreme power but to stand and say I will not be shaken by a group of people who want a victory over me by any means.  Victory is that not to run away from a situation or to do revenge but to say courageously that I face the whole world even when they turn against me and for that I don’t need influence but only my conscience.  Even when I am victimized if I am able to do that I consider myself a winner.

നീയയച്ച കത്തു വായിച്ചപ്പോളൊരു ചെറിയ ദു:ഖം തോന്നി


പ്രിയപ്പെട്ട പെൺകുട്ടീ,
നീയയച്ച കത്തുകിട്ടിയിരിക്കുന്നു
വായിച്ചപ്പോളൊരു ചെറിയ
ദു:ഖം തോന്നി..
നിന്റെ സ്വാതന്ത്ര്യത്തെ
കവർന്നെടുത്തതിനു ഞാൻ
നിന്നോടു മാപ്പുപറയുന്നു
നിന്റെയവസ്ഥ എനിക്കിന്ന് 
മനസ്സിലാക്കാനാവുന്നുമുണ്ട്
ആ വിവർത്തകനന്റെ സുഹൃത്തു തന്നെ
അയാൾക്കല്പം വിഭ്രമമുണ്ട്
അയാളെ കുറ്റം പറയേണ്ടകാര്യമില്ല
മനസ്സിന്റെയസുഖത്തിനുചികിത്സിക്കും
ആതുരാലയത്തിലയാൾ കുറെ നാൾ
ചികിസ്തയിലായിരുന്നു എന്നൊരു പരിഗണന
ദയവായി നീ അയാളോടു കാട്ടുക
എന്റെയാസുഹൃത്തെഴുതുന്നതോർത്ത്
പ്രിയപ്പെട്ടവളെ നീ വ്യസനിക്കരുത്
നിനക്ക് പഴയ പോലെ 
ഇവിടെവന്ന് ഒരു കവിത വായിക്കാനോ
എഴുതാനോ ആവുന്നില്ല എന്നറിയാം
നിന്റെ പുറകെയുള്ള നിഴലുകൾ
എന്റെ സൃഷ്ടികൾ തന്നെ..
അതിലെനിക്ക് വേദനയുമുണ്ട്
ഇനിയെങ്കിലും നീയതെല്ലാം മറക്കണം
നിനക്ക് നന്മ വരുമെന്ന് വിശ്വസിക്കുന്നു
പ്രിയപ്പെട്ട കുട്ടി,
ഈ ലോകം നീ വിചാരിക്കുന്ന പോലെയല്ല
ഒരുപാട് വന്യം തന്നെ..
നിന്റെ രോഷവും സങ്കടവുമെനിക്ക്
മനസ്സിലാവും..
എതിർമൊഴികളെഴുതുന്നവരോട്
ചിലർക്കെങ്കിലും വൈരാഗ്യം 
ഉണ്ടായിപ്പോവും എന്നറിയുക..
പ്രത്യേകിച്ചും ഒരു പെൺകുട്ടിയുടെ മുന്നിൽ
തോൽക്കുക എന്നതൊക്കെ 
ഞങ്ങളെപ്പോലുള്ള ആൺകുട്ടികൾക്ക്
സഹിക്കാനാവുകയുമില്ല... 
നീയെഴുതിയ എഴുത്തിലെ 
പരിഹാസമെനിക്ക് മനസ്സിലായിരിക്കുന്നു
ദൈവം ഞങ്ങളുടെ പ്രവർത്തികൾ
കണ്ട് സഹതപിക്കുന്നുണ്ടാവും
നിനക്കുമിന്ന് എന്നോട്
സഹതാപം തോന്നിതുടങ്ങിയിരിക്കും
ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടിയ
എന്റെ ചിന്തകളോട്
എനിക്കുമിന്ന് വലിയ ബഹമാനവും
തോന്നുന്നില്ല..
ദയവായി ഇനിയെങ്കിലും പരിഹാസത്തിന്റെ
ഭാഷ നീ ഉപയോഗിക്കില്ല 
എന്നു ഞാൻ വിശ്വസിക്കട്ടെ
പ്രിയപ്പെട്ട കുട്ടി,
നിനക്കിങ്ങനെ വന്നുപോയല്ലോ
എന്നതിനെക്കാൾ
നീയെത്രയോ കഠിനമായി
എന്നെ പരിഹസിക്കുന്നു
എന്നതോർത്ത് ഞാൻ ചിലനേരങ്ങളിൽ
വിഷമിക്കാറുമുണ്ട്.
എങ്കിലും തിരക്കിട്ടോടുന്നതിന്നൊരു സുഖം
പലതും മനസ്സിൽ നിന്നു മാഞ്ഞുമാഞ്ഞുപോവുന്നു..
നിന്റെ കത്തുകൾ പോലും
വല്ലപ്പോഴുമേ ഞാൻ ശ്രദ്ധിക്കാറുള്ളൂ....
ശരിതന്നെ;
മാറ്റങ്ങളുടെ രഥമിന്ന് മുന്നോട്ടോടുമ്പോൾ
പഴയ പതാകയും ആരോ മാറ്റിയിരിക്കുന്നു..
അതിനാൽ ആധുനികലോകം 
ഇവിടെയെഴുതിയിടും അലോസരപ്പെടുത്തും   
അക്ഷരക്കൂട്ടുകളെയോർത്ത്
വെറുതെ    നീ വ്യസനിക്കാതിരിക്കുക..
എന്തെഴുതിയാലും നീയിന്നെന്നെ 
വിശ്വസിക്കുകയില്ല എന്നുമറിയാം
എങ്കിലുമെഴുതുന്നു
പ്രിയപ്പെട്ട പെൺകുട്ടീ,
ഒക്കെയും അറിയാതെ സംഭവിച്ചുപോയതെന്ന്
നീ വിശ്വസിച്ചിരുന്നുവെങ്കിലെന്ന് 
ഞാനാശിച്ചുതുടങ്ങിയിരിക്കുന്നു...



Sunday, July 3, 2011

മനുഷ്യകുലം...


പ്രിയേ,
ആർക്കാണാവോ
ഇവിടെയല്പം ഭ്രാന്ത്
എനിക്കോ, നിനക്കോ,
ആ വിവർത്തകനോ,
മഷിചെപ്പുകൾക്കോ,
അനേകകോടി നക്ഷത്രങ്ങൾക്കോ,
ഗ്രഹങ്ങൾക്കോ?


പ്രിയനേ;
ആർക്കുമായിരിക്കില്ല
നിനക്കോ എനിയ്ക്കോ
വിവർത്തകനോ, 
ആർക്കുമാർക്കുമായിരിക്കില്ല..
എല്ലാരെയുമിങ്ങനെയൊക്കെ
ചെയ്യിക്കുമാ ദൈവത്തിനുതന്നെ 
തിരുവട്ട് എന്നെഴുതി
നമ്മൾക്ക് രക്ഷപെട്ടേയ്ക്കാം
ദൈവം ദയാമയനാണെന്നറിയുക
നമ്മളോടും ക്ഷമിക്കും...
ഉള്ളിൽചിരിച്ചുകൊണ്ടാദൈവം
മനസ്സിൽ പറയുന്നുമുണ്ടാവാം
എത്രയോ സഹതാപമർഹിക്കുന്നു
ഈ മനുഷ്യകുലം....

ചിലനേരങ്ങളിലെ ചുമരെഴുത്തുകൾ എഴുതാതിരിക്കാൻ സഹായിക്കുന്നുമില്ല


പ്രിയപ്പെട്ട കുട്ടി,
നീയെഴുതിയിട്ടിട്ടു പോയ കത്തുകണ്ടു..
എല്ലാ ഓർമ്മകളും ചിതയിലേറ്റേണ്ടവയല്ല
എന്നറിഞ്ഞാലും..
എന്നിരുന്നാലും ചിലയോർമ്മകൾ
ഇല്ലാതെയായങ്കിലുമെന്നും ആശിച്ചുപോവുന്നു..
പ്രിയപ്പെട്ടവളെ,
നിന്റെ ചില നേരങ്ങളിലെയെഴുത്തുകൾ
എന്റെ ക്ഷമാശീലത്തെയില്ലാതാക്കുന്നു
എങ്കിലും ഞാൻ പരിശീലിക്കുന്നു
പരിശ്രമിക്കുന്നു...
തിരിക്കിലൂടെയോടിയോടിനീങ്ങുമ്പോൾ
പലതുമറിയാതെതന്നെ മറന്നും പോവും
പിന്നെയോർമ്മകളുടെ മിഴാവിൽ
ശബ്ദരഹിതശാന്തിയാണിപ്പോൾ
അതിനിടയിലൂടെയോടിപോവും
ദിനരാത്രങ്ങളിൽ ഞാനിന്നൊന്നും 
ഭദ്രമായി സൂക്ഷിക്കുന്നുമില്ല.....
നീയിപ്പോഴൊരപരിചിതലോകത്തിലേയ്ക്ക്
നടന്നു നീങ്ങുന്നുവെന്നുമെനിക്ക് തോന്നിതുടങ്ങിയിരിക്കുന്നു
പ്രിയപ്പെട്ട കുട്ടീ,
എല്ലാറ്റിനുമൊരു ലഘുത്വമനുഭവപ്പെട്ടുതുടങ്ങിയിരിക്കുന്നു
ആദിമധ്യാന്തങ്ങളുടെയനശ്ചിതത്വമൊരു
കാലത്തെന്നെ വേദനിപ്പിച്ചിരുന്നു..
ഇന്നങ്ങനെയുണ്ടോ എന്നു ചോദിച്ചാൽ
വ്യക്തമായൊരുത്തരവുമെഴുതാനാവില്ല..
നീയെഴുതുന്നതെല്ലാമൊരു മഞ്ഞുപാളിപോലെയുറഞ്ഞും
തുടങ്ങിയിരിക്കുന്നുവെന്നെനിക്ക് തോന്നുന്നു..
എഴുതിയെഴുതിയന്തമില്ലാതായ വൃത്തങ്ങൾ
ചുറ്റുവലയങ്ങളായ് ചുറ്റിലും ഗ്രഹങ്ങൾ പോലെ 
പറന്നു നീങ്ങുന്നുവെന്നിടയ്ക്ക് തോന്നുന്നുമുണ്ട്
എഴുതിതീരാത്ത അദ്ധ്യായങ്ങളുടെ
അവസാനമില്ലായ്മയോ നിന്റെ കത്തുകൾ..


പ്രിയപ്പെട്ടവനേ;
ഓർമ്മകൾ തീയെരിഞ്ഞു പുകയുമ്പോഴും
അലോസരമുണർത്തും
സന്ദേശങ്ങൾ സ്വനഗ്രാഹിയിലൂടെ
മനസ്സിനെയുലയ്ക്കുമ്പോഴും 
അനശ്വരമായ മഹാകാവ്യങ്ങളുടെ
കുളിരുന്ന സ്പർശം മനസ്സിനു
സ്വാന്തനമേകുന്നു..
അതിനാലാവുമൊരു പടയണിയുടെ
അശ്വമേധാശ്വത്തിനരികിലുമിരുന്നെഴുതാൻ
ഹൃദയം സ്പന്ദിച്ചുകൊണ്ടേയിരുന്നത്
പുലർകാലങ്ങളുടെ ഈറൻമുടിച്ചാർത്തിൽ
നിന്നൊഴുകും മഞ്ഞുതുള്ളിയിൽ മിന്നും
പ്രകാശതുണ്ടുകൾ 
കാണാനാവുന്നതുമതുകൊണ്ടായിരിക്കാമെന്നു
വിശ്വസിക്കാനാവുന്നു..
അപൂർവരാഗങ്ങളുടെയനശ്ചിതത്തിലോ,
അറിവിന്റെയപൂർവതയിലോ,
ഏതിലോ ഒന്നിലുടക്കിയ കുറെ സംവൽസരങ്ങളുടെ
ബാക്കിപത്രങ്ങളിങ്ങനെയായതിനാൽ
ആദിമധ്യാന്തങ്ങളെകുറിച്ചൊന്നും
ഞാനുമിപ്പോളാലോചിക്കാറേയില്ല..
പുകയുമോർമ്മകളിടയ്ക്കിടെ
ഹൃദയം നീറ്റിക്കുന്നുവെങ്കിലും..
എതിർമൊഴികളെഴുതിയെഴുതിയും
വശം കെട്ടിരിക്കുന്നു..
തണുത്തുറഞ്ഞൊരു മഹാദ്വീപമായ്
മാറിയെങ്കിലുമെന്നുപോലും ചിലപ്പോളാശിച്ചുപോവുന്നു..
പ്രിയപ്പെട്ടവനേ,
എഴുതിമതിയായിരിക്കുന്നുവെങ്കിലും
ചിലനേരങ്ങളിലെ ചുമരെഴുത്തുകൾ
എഴുതാതിരിക്കാനൊട്ടു സഹായിക്കുന്നുമില്ല
എതിർമൊഴികൾ തണുത്തുറയും 
ശൈത്യഭൂഖണ്ഡമകലെയെന്നും
തോന്നിതുടങ്ങിയിരിക്കുന്നു...