പ്രിയപ്പെട്ട കുട്ടി,
നീയെഴുതിയിട്ടിട്ടു പോയ കത്തുകണ്ടു..
എല്ലാ ഓർമ്മകളും ചിതയിലേറ്റേണ്ടവയല്ല
എന്നറിഞ്ഞാലും..
എന്നിരുന്നാലും ചിലയോർമ്മകൾ
ഇല്ലാതെയായങ്കിലുമെന്നും ആശിച്ചുപോവുന്നു..
പ്രിയപ്പെട്ടവളെ,
നിന്റെ ചില നേരങ്ങളിലെയെഴുത്തുകൾ
എന്റെ ക്ഷമാശീലത്തെയില്ലാതാക്കുന്നു
എങ്കിലും ഞാൻ പരിശീലിക്കുന്നു
പരിശ്രമിക്കുന്നു...
തിരിക്കിലൂടെയോടിയോടിനീങ്ങുമ്പോൾ
പലതുമറിയാതെതന്നെ മറന്നും പോവും
പിന്നെയോർമ്മകളുടെ മിഴാവിൽ
ശബ്ദരഹിതശാന്തിയാണിപ്പോൾ
അതിനിടയിലൂടെയോടിപോവും
ദിനരാത്രങ്ങളിൽ ഞാനിന്നൊന്നും
ഭദ്രമായി സൂക്ഷിക്കുന്നുമില്ല.....
നീയിപ്പോഴൊരപരിചിതലോകത്തിലേയ്ക്ക്
നടന്നു നീങ്ങുന്നുവെന്നുമെനിക്ക് തോന്നിതുടങ്ങിയിരിക്കുന്നു
പ്രിയപ്പെട്ട കുട്ടീ,
എല്ലാറ്റിനുമൊരു ലഘുത്വമനുഭവപ്പെട്ടുതുടങ്ങിയിരിക്കുന്നു
ആദിമധ്യാന്തങ്ങളുടെയനശ്ചിതത്വമൊരു
കാലത്തെന്നെ വേദനിപ്പിച്ചിരുന്നു..
ഇന്നങ്ങനെയുണ്ടോ എന്നു ചോദിച്ചാൽ
വ്യക്തമായൊരുത്തരവുമെഴുതാനാവില്ല..
നീയെഴുതുന്നതെല്ലാമൊരു മഞ്ഞുപാളിപോലെയുറഞ്ഞും
തുടങ്ങിയിരിക്കുന്നുവെന്നെനിക്ക് തോന്നുന്നു..
എഴുതിയെഴുതിയന്തമില്ലാതായ വൃത്തങ്ങൾ
ചുറ്റുവലയങ്ങളായ് ചുറ്റിലും ഗ്രഹങ്ങൾ പോലെ
പറന്നു നീങ്ങുന്നുവെന്നിടയ്ക്ക് തോന്നുന്നുമുണ്ട്
എഴുതിതീരാത്ത അദ്ധ്യായങ്ങളുടെ
അവസാനമില്ലായ്മയോ നിന്റെ കത്തുകൾ..
പ്രിയപ്പെട്ടവനേ;
ഓർമ്മകൾ തീയെരിഞ്ഞു പുകയുമ്പോഴും
അലോസരമുണർത്തും
സന്ദേശങ്ങൾ സ്വനഗ്രാഹിയിലൂടെ
മനസ്സിനെയുലയ്ക്കുമ്പോഴും
അനശ്വരമായ മഹാകാവ്യങ്ങളുടെ
കുളിരുന്ന സ്പർശം മനസ്സിനു
സ്വാന്തനമേകുന്നു..
അതിനാലാവുമൊരു പടയണിയുടെ
അശ്വമേധാശ്വത്തിനരികിലുമിരുന്നെഴുതാൻ
ഹൃദയം സ്പന്ദിച്ചുകൊണ്ടേയിരുന്നത്
പുലർകാലങ്ങളുടെ ഈറൻമുടിച്ചാർത്തിൽ
നിന്നൊഴുകും മഞ്ഞുതുള്ളിയിൽ മിന്നും
പ്രകാശതുണ്ടുകൾ
കാണാനാവുന്നതുമതുകൊണ്ടായിരിക്കാമെന്നു
വിശ്വസിക്കാനാവുന്നു..
അപൂർവരാഗങ്ങളുടെയനശ്ചിതത്തിലോ,
അറിവിന്റെയപൂർവതയിലോ,
ഏതിലോ ഒന്നിലുടക്കിയ കുറെ സംവൽസരങ്ങളുടെ
ബാക്കിപത്രങ്ങളിങ്ങനെയായതിനാൽ
ആദിമധ്യാന്തങ്ങളെകുറിച്ചൊന്നും
ഞാനുമിപ്പോളാലോചിക്കാറേയില്ല..
പുകയുമോർമ്മകളിടയ്ക്കിടെ
ഹൃദയം നീറ്റിക്കുന്നുവെങ്കിലും..
എതിർമൊഴികളെഴുതിയെഴുതിയും
വശം കെട്ടിരിക്കുന്നു..
തണുത്തുറഞ്ഞൊരു മഹാദ്വീപമായ്
മാറിയെങ്കിലുമെന്നുപോലും ചിലപ്പോളാശിച്ചുപോവുന്നു..
പ്രിയപ്പെട്ടവനേ,
എഴുതിമതിയായിരിക്കുന്നുവെങ്കിലും
ചിലനേരങ്ങളിലെ ചുമരെഴുത്തുകൾ
എഴുതാതിരിക്കാനൊട്ടു സഹായിക്കുന്നുമില്ല
എതിർമൊഴികൾ തണുത്തുറയും
ശൈത്യഭൂഖണ്ഡമകലെയെന്നും
തോന്നിതുടങ്ങിയിരിക്കുന്നു...
No comments:
Post a Comment