Thursday, March 31, 2011

ആൾക്കൂട്ടമതിശയപ്പെട്ടേയ്ക്കും


വളരെ ശരിയായ വിധത്തിൽ
നിങ്ങൾക്കതറിയാം
അങ്ങനെയൊരാളെ കാണുന്നതുപോലും
ഞങ്ങൾക്കിഷ്ടമേയല്ലയെന്ന്
നിങ്ങളെന്നുപറഞ്ഞാൽ
ഗാന്ധിയാവാം, ബുദ്ധനോ
പ്ലേറ്റോയോ, ജീസസ്സോ
ഡക്കാൻപീഠഭൂമിയോ
മാതൃരാജ്യത്തിന്റെ മഹത്തായ
പ്രതിനിധികളെന്നഭിമാനിക്കുന്നവരുമാവാം.
അറിഞ്ഞുകൊണ്ടതു നിങ്ങൾ
ചെയ്യുന്നതെന്തിനെന്നുമറിയാം
അങ്ങനെയൊരാളെ
ഞങ്ങളെക്കൊണ്ടടിപ്പിച്ച്
രസിക്കണം നിങ്ങൾക്കല്ലേ
ഒരു നേരം പോക്ക്പോലെ
അതല്ലെന്ന് പറയേണ്ടതില്ല
അങ്ങനെയൊരാളെ ഞങ്ങളുടെ
മുന്നിലേയ്ക്കിട്ടുതന്നാൽ
ഞങ്ങൾക്കുണ്ടായേക്കാവുന്ന
അതികോപത്തെയും നിങ്ങൾക്കറിയാം
അങ്ങനെ ഞങ്ങളുടെ
മനസ്സിലശാന്തിയൊഴുക്കി
ഞങ്ങൾക്കിഷ്ടമില്ലാത്ത
മുഖത്തെ പ്രദർശിപ്പിച്ചതിനെയും
ഞങ്ങളെ കൊണ്ടടിച്ചുരസിക്കുന്ന
കൂട്ടങ്ങളേ
നിങ്ങൾക്ക് വേറെ ജോലിയില്ലേ
ഒന്നുപറയാം
അങ്ങനെയൊരാളെ കാണുന്നതുപോലും
ഞങ്ങൾക്കിഷ്ടമില്ല
ഞങ്ങളുടെ മനശാന്തി
തകർന്ന് ഞങ്ങളില്ലാതെയാവും വരെയും
നിങ്ങളീ ജോലിതുടരുക
ഞങ്ങളോടൊപ്പം മറ്റു ചിലരുടെയും
മനശ്ശാന്തിയുമില്ലാതായേയ്ക്കും
ഒരു കല്ലു കൊണ്ട്
നിങ്ങൾക്കൊരുപാടു
സന്തോഷമുള്ള കാര്യങ്ങൾ
നടക്കും
ജീസസ്സ്, പ്ലേറ്റോ, ഗാന്ധി, ബുദ്ധൻ
എന്നിങ്ങനെ
പലേ സ്വയം പ്രശംസാനാമങ്ങളും
പടിപ്പുരവാതിലുകളിൽ തൂക്കിയിടാനായ്
നിങ്ങൾ സൂക്ഷിച്ചോളുക ...
ആൾക്കൂട്ടമതിശയപ്പെട്ടേയ്ക്കും
നിങ്ങളുടെയൊക്കെ മഹത്വം കണ്ട്.

Wednesday, March 30, 2011

എത്രയനായാസം നിങ്ങൾക്കതുകഴിയുന്നു


എത്രയനായാസം
നിങ്ങൾക്കതുകഴിയുന്നു
ഭൂമിയയിലേയ്ക്ക് തീയൊഴുക്കി
നിങ്ങളതു ചെയ്യുന്നത്
തമ്മിലടിപ്പിക്കാനല്ലേ
ഇതിലും മെച്ചമായ
മാർഗമൊന്നുമില്ലേ
നിങ്ങളുടെ കുരുക്കുബുദ്ധിയിൽ..
തലയിലൊന്നുമില്ലാത്ത
ഒരു കളിമൺരൂപത്തെ
വേഷം കെട്ടിപ്രദർശിപ്പിച്ച്
ഇതാണു ഗാന്ധിയൻ ചിന്ത
എന്നറിയിപ്പോടെ
ഇടയ്ക്കിടെയിങ്ങോട്ടെറിയുക
ഇങ്ങോട്ടെറിയും
തീ സൂക്ഷിക്കാനിവിടെയിപ്പോൾ
സ്ഥലമേയില്ല
അതിനാലതപ്പോൾ
തന്നെ തിരികെയയ്ക്കുകയാണിപ്പോൾ
ഭൂമി ചെയ്യുന്നത്
അഗ്നിയൊക്കെ സൂക്ഷിച്ചൊടുവിലാ
ഉദയസൂര്യന്റെ രാജ്യം
പോലെയൊന്നായി ചിതറുന്നതിലും
നല്ലതല്ലേയത്
ഇങ്ങോട്ടെറിയും തീയങ്ങോട്ട്
തിരിച്ചേകുമ്പോഴും
പരിഭവമുണ്ടാവരുതെ..

Monday, March 28, 2011

നീയോ ബുദ്ധൻ

നിനക്കിപ്പോൾ ദ്യേഷം തോന്നുവല്ലേ
വളരെയധികമുണ്ടെന്നറിയാം
അറിയണം
വർഷങ്ങളിലതെന്നിലുമുണ്ടായിരുന്നു
അന്നൊക്കെ നീയെന്തു ചെയ്തുവെന്നറിയാം
ചെന്നെയിലെ രാജവീഥിയിൽ
രണ്ടു പഴയകാലനേതാക്കളുടെയോർമ്മയിലേറി
രാഷ്ടീയപ്രസംഗം നടത്തിയതോർമ്മയുണ്ടോ
ഇലത്താളം, എന്നിവയൊക്കെയലങ്കരിച്ചൊരു
മേളം നടത്തിയില്ലേ
സംഗീതസഭയിൽ..
നിനക്കും ദ്യേഷം വരണം
അതിനായി നീയെനിയ്ക്കേകിയ
സ്റ്റഡിക്ളാസുകളൊന്നും
മറന്നിട്ടില്ല.
കമ്പികളിലഭ്യാസം നിനക്കുവശം
ഭൂമിയിലൂടെ നടക്കുന്നതാണെനിക്ക് വശം..
പ്രതികാരത്തിന്റെ കൊടുമുടിയേറിയവനേ
അഴിമുഖം നിനക്ക് മാപ്പേകുന്നില്ലല്ലോ
അതഴിമുഖത്തിന്റെ കുറ്റമല്ല
കടലിന്റെ കുറ്റമല്ല
നിനക്കെല്ലാം മതിയാക്കണമല്ലേ
ലോകത്തെപ്രകടനവേദിയാക്കി
നിനക്കഭിമാനിക്കണമല്ലേ
എതിർക്കുന്നവരെനീയെങ്ങെനയുമില്ലാതാക്കും
അതിനു നിന്നോളം കഴിവാർക്കുമില്ല
ഇന്നതറിയാം..

പ്രതികാരത്തിന്റെ കൊടുമുടിയേറിയവനേ!
നീയോ ബുദ്ധൻ????
നീയോ പ്ളേറ്റോ????
നീയോ ഗാന്ധി????
നീയോ ജീസസ്സ്?????

നീയൊരു സാധാരണമനുഷ്യൻ
എഴുതപ്പെടേണ്ടതായൊരു
മഹത്വവും നിന്നിൽ കാണുന്നില്ലല്ലോ...

എന്റെ ചോയ്സ് സച്ചിൻ



ദൈവാധീനമുണ്ടെങ്കിലൊരു
സച്ചിൻ തെണ്ടുൽക്കറാവാം

പത്രാധീനമുണ്ടെങ്കിലൊരു
എസ് പിയാവാം



എന്റെ ചോയ്സ് സച്ചിൻ..

Thursday, March 24, 2011

ഉൾക്കടലിന്റെയുൾഗൃഹങ്ങളിലെത്തും വരെയും


കിരീടത്തിനുവേണ്ടിയായിരുന്നില്ല
അവൾ ശിരസ്സുയർത്തിനിന്നത്
ഒരിക്കലിത്തിരി താണ
മിഴികൾക്കരികിൽ കണ്ടു
ബാഴ്സിലോണയെ,
കടലാസുതുണ്ടുകളെ,
കരിക്കഷണങ്ങളാലെഴുതിയ
വന്മതിൽലിപികളെ....
ഒന്നു ചോദിക്കട്ടെ
ആർത്തിപെരുത്ത മരുഭൂമിയിലെ
പണസഞ്ചിയിൽ കാലുടക്കിയല്ലേ
അവൻ പൊട്ടക്കിണറിലേയ്ക്ക്
തെന്നിവീണത്
ബൈബിൾ തുറന്നൊരുവശത്തേയ്ക്ക്
ഭാഗം ചേരുന്നോരുപഖ്യാനങ്ങളെ
സൂക്ഷ്മദർശിനിയാലെടുത്തവിടെ
സൂക്ഷിക്കുക..
ഒന്നുപറഞ്ഞേക്കാം
ഋതുക്കളോടൊപ്പമവൾ നടക്കുന്നത്
കിരീടത്തിനുവേണ്ടിയല്ല
അവളുടെ ശിരസ്സല്പം താണാൽ
ആ ശിരസ്സിലുമവൻ കാൽവച്ചു നീങ്ങും
കാലത്തിനുവേണ്ടതുമതുതന്നെയല്ലേ..
ഇന്നവൾക്കതറിയാം
ഗായൂഖ് ഗുഹയിൽ നിന്നൊഴുകി
ഉൾക്കടലിന്റെയുൾഗൃഹത്തിലെത്തും
വരെയും കണ്ടിരിക്കുന്നു
പലേ ദൃശ്യവിസ്മയങ്ങളും
ഇനിയും കാണുമെന്നുമറിയാം
അഴിമുഖങ്ങളിലൂടെ നടന്നുകണ്ട
ലോകമെഴുതിയ സർഗങ്ങളെല്ലാം
വായിച്ചറിഞ്ഞിരിക്കുന്നു..
പിന്നെയെന്തിനാണാവോ
തടാകങ്ങളുടെ തണുത്തറയും
വിസ്മയങ്ങളെയിങ്ങനെ
ദിനാന്ത്യത്തോളം
വാഴ്ത്തിപ്പാടുന്നത്.....

Wednesday, March 23, 2011

A POEM OF TAGORE FROM GITANJALI


When the Warriors came out first from their
master's hall , where had they hid their power?
Where were their armour and their arms?


They looked poor and helpless and the arrows
were showered upon them on the day they
came out of their master's hall.

When the warriors marched back again to
their master's hall where did they hide their power?

They had dropped the sword and dropped the bow
and the arrow; peace was on their foreheads
and they had left the fruits of their life behind them
on the day they had marched back again
to their master's hall.

Sunday, March 20, 2011

എതിർമൊഴികൾ



അഹിംസയുടെ ഒന്നാം പാഠം

മറ്റുള്ളവരെ കൂട്ടംകൂടിയാക്രമിക്കുക
പിന്നെയോരോ പേരുവിളിച്ചപമാനിക്കുക
ഒളിക്യാമറവച്ച് അവരുടെ
ജീവിതസങ്കടങ്ങളാഘോഷമാക്കുക
അവർ റിയാക്റ്റ് ചെയ്യുമ്പോൾ
ഗാന്ധി, അഹിംസ, കാരുണ്യമെന്നൊക്കെ
തത്വമെഴുതി ഉപദേശിക്കുക..

പ്രണയത്തിന്റെ ഒന്നാം പാഠം

കുറെയേറപ്പേരെ ചേർത്തൊരു
സംഖ്യാരേഖയുണ്ടാക്കുക
അവരെയെല്ലാമൊളിപാർക്കുക
ഒന്നിനോടു ദ്യേഷം തോന്നുമ്പോൾ
അതിനോട് രംഗമൊഴിഞ്ഞുപോവാൻ 
പറഞ്ഞ് വേറൊന്നിനെയെടുക്കുക

എതിർമൊഴികൾ

(കുഞ്ഞാറ്റക്കിളികളും, മൈനകളുമുള്ള
നമ്മുടെയീ മനോഹരമായ ഭൂമിയിൽ
ബലിക്കാക്കകളെയും സ്നേഹിക്കുന്ന
നീഹാരബിന്ദുക്കളെ കാണുമ്പോൾ
വേറൊരു പക്ഷിയെയോർമ്മവരുന്നു)



രാവിലായിരിക്കും
കടവാവലുകൾ വരിക
യക്ഷിപ്പാലകളിലൂടെ
ചിറകുതൂക്കി താഴേയ്ക്ക് വരുമവയെ
എല്ലാവർക്കും ഭയം
പുള്ളുകളുമങ്ങനെ തന്നെ
രാവിൽ വട്ടമുഖത്തിൽ
തുറിച്ച കണ്ണുകളുമായ്
മരക്കൊമ്പിലിരിക്കും...
രാവിന്റെയിരുട്ടു
സൂക്ഷിക്കാനവർക്കേകഴിയൂ
ബലിക്കാക്കകൾക്കുള്ള
മഹത്വമൊന്നും
ഈ രാപ്പുള്ളുകൾക്കുമില്ല...