Thursday, March 24, 2011

ഉൾക്കടലിന്റെയുൾഗൃഹങ്ങളിലെത്തും വരെയും


കിരീടത്തിനുവേണ്ടിയായിരുന്നില്ല
അവൾ ശിരസ്സുയർത്തിനിന്നത്
ഒരിക്കലിത്തിരി താണ
മിഴികൾക്കരികിൽ കണ്ടു
ബാഴ്സിലോണയെ,
കടലാസുതുണ്ടുകളെ,
കരിക്കഷണങ്ങളാലെഴുതിയ
വന്മതിൽലിപികളെ....
ഒന്നു ചോദിക്കട്ടെ
ആർത്തിപെരുത്ത മരുഭൂമിയിലെ
പണസഞ്ചിയിൽ കാലുടക്കിയല്ലേ
അവൻ പൊട്ടക്കിണറിലേയ്ക്ക്
തെന്നിവീണത്
ബൈബിൾ തുറന്നൊരുവശത്തേയ്ക്ക്
ഭാഗം ചേരുന്നോരുപഖ്യാനങ്ങളെ
സൂക്ഷ്മദർശിനിയാലെടുത്തവിടെ
സൂക്ഷിക്കുക..
ഒന്നുപറഞ്ഞേക്കാം
ഋതുക്കളോടൊപ്പമവൾ നടക്കുന്നത്
കിരീടത്തിനുവേണ്ടിയല്ല
അവളുടെ ശിരസ്സല്പം താണാൽ
ആ ശിരസ്സിലുമവൻ കാൽവച്ചു നീങ്ങും
കാലത്തിനുവേണ്ടതുമതുതന്നെയല്ലേ..
ഇന്നവൾക്കതറിയാം
ഗായൂഖ് ഗുഹയിൽ നിന്നൊഴുകി
ഉൾക്കടലിന്റെയുൾഗൃഹത്തിലെത്തും
വരെയും കണ്ടിരിക്കുന്നു
പലേ ദൃശ്യവിസ്മയങ്ങളും
ഇനിയും കാണുമെന്നുമറിയാം
അഴിമുഖങ്ങളിലൂടെ നടന്നുകണ്ട
ലോകമെഴുതിയ സർഗങ്ങളെല്ലാം
വായിച്ചറിഞ്ഞിരിക്കുന്നു..
പിന്നെയെന്തിനാണാവോ
തടാകങ്ങളുടെ തണുത്തറയും
വിസ്മയങ്ങളെയിങ്ങനെ
ദിനാന്ത്യത്തോളം
വാഴ്ത്തിപ്പാടുന്നത്.....

No comments:

Post a Comment