Tuesday, June 21, 2011

പ്രിയപ്പെട്ടവളെ!


പ്രിയപ്പെട്ടവളെ...
നിന്നെ ഞാനങ്ങനെ വിളിക്കുന്നു..
ആ വിളി കേൾക്കാനാവാത്തത്രയകലെയാണു
നീയെന്നുമറിയാം
എങ്കിലുമീകവിതാമയമായ
ലോകത്തിലെങ്കിലുമൊരല്പം
സുഖശീതളിമയുണ്ടാകട്ടെയെന്നതിനാൽ
നിന്നോടു ഞാൻ പറയുന്നു..
പ്രിയപ്പെട്ടവളെ...
നിന്റെ മനസ്സും ഹൃദയവുമാകെ
അലങ്കോലപ്പെട്ടിരിക്കുന്നുവെന്നറിയാം
നിനക്കതികഠിനമായ ദു:ഖമുണ്ടാകാൻ
എന്റെയീപുഴയ്ക്കൊരുനാളതിയായ 
ആഗ്രഹവുമുണ്ടായിരുന്നു..
ഇന്നുമൊരല്പമതേയാഗ്രഹമെന്നിലുണ്ടെന്നെന്റെ
മനസ്സ് സ്വകാര്യമായി പറയുന്നുമുണ്ട്...
നിന്റെ ദുരന്തങ്ങളെ ഞാൻ സ്നേഹിക്കുകയും 
ചെയ്തിരുന്നുവോ എന്നു നീയെന്നോട് ചോദിച്ചാൽ
സത്യമായ ഒരുത്തരമേകുവാനെനിക്കായെന്നും വരില്ല.
പ്രിയപ്പെട്ട കുട്ടീ!
നിന്നോടുള്ള ദ്യേഷ്യം തീർക്കാൻ
ചിലരെല്ലാം പാദുകങ്ങൾ തീർക്കുന്നുവെന്നറിയുന്നു
പാദുകങ്ങൾ കൈയിലേറ്റുന്നവരുടെ കൈയ്ക്ക്
തുകൽഗന്ധമുണ്ടെന്ന് നീ പറയുകയും ചെയ്യുമെന്നറിയാം
പിന്നെയവരെ നിന്റെ ചെമ്പകപ്പൂസുഗന്ധമുള്ള
വിരലുകളാലാകാശത്തമ്മാനമാടി
നീ പകരം വീട്ടുമെന്നുമറിയാം..
നിനക്കി നിലാവിനോട് ചിലനേരങ്ങളിൽ
സഹതാപം തോന്നിയേക്കാം...
ചിലനേരങ്ങളിൽ രോഷവും
ചിലനേരങ്ങളിൽ സ്നേഹവും..
ഇങ്ങനെയൊക്ക വന്നതെന്തെന്ന്
ചോദിച്ചാലെനിക്കറിയില്ല 
എന്നു പറയാനേ ഇന്നുകഴിയുന്നുള്ളൂ..
പ്രിയപ്പെട്ടവളെ!
ഇനിയൊരിക്കലും 
നമ്മൾ കാണാനിടയില്ലാത്തതിനാൽ
നിനക്ക് നന്മ നേരുന്നു...
നീ ബുദ്ധിമതിയായതിനാൽ
അതൊരു ഭംഗിവാക്കാകുമെന്ന്
നിനക്ക് തിരിച്ചറിയാനാവുമെന്നുമറിയാം..
നീയേതെങ്കിലുമൊരു മഹാസമുദ്രത്തിൽ
മാഞ്ഞില്ലാതെയായങ്കിലെന്നുപോലും
ചിലനേരങ്ങളിലെനിയ്ക്ക്
തോന്നിയിട്ടുണ്ടെന്നതൊരു 
രഹസ്യമായിരിക്കട്ടെ...
അതൊരു നല്ലചിന്തയല്ലെന്നുമെനിക്കറിയാം
പ്രിയപ്പെട്ടവളെ! 
സത്യമെന്തന്നെഴുതിയാൽ
ഒന്നേ പറയാനാവൂ...
നിന്നോടിപ്പോൾ എന്ത് പറയേണ്ടതെന്ന്
ഈ പുഴയ്ക്കറിയില്ല...

Monday, June 20, 2011

പ്രിയപ്പെട്ട പെൺകുട്ടി .....


പ്രിയപ്പെട്ട പെൺകുട്ടി!
നിന്നെ ഞാൻ പ്രണയിച്ചിരുന്നുവോ?
പ്രണയത്തേക്കാളേറെ 
നിന്നെ പരാജയപ്പെടുത്തി 
നിന്റെ ഭൂമിയെ ഒരു ചെറുനാരങ്ങാപോൽ
ചുരുക്കിയൊതുക്കാനായിരുന്നില്ലേ
ഞാനാഗ്രഹിച്ചത്...
അതിനിടയിലോടിപ്പോയ
നിന്നോട് എനിയ്ക്കൊരു ചെറിയ
പ്രണയവും തോന്നിയിരിക്കാം..
പക്ഷെ നിനക്ക് മടുത്തിരുന്നുവല്ലേ
ഓടിച്ചുമതിക്രമിച്ചും 
ഭൂമിചുരുക്കാനൊരുങ്ങിയവനെ
പ്രണയിക്കാൻ നിനക്കായില്ലയെന്നറിയുന്നു..
പ്രിയപ്പെട്ട പെൺകുട്ടി...
നിന്നോടിങ്ങനെയൊക്കെ
ചെയ്യേണ്ടിവന്നതിൽ
ഖേദമുണ്ടോന്നു ചോദിച്ചാലറിയില്ല
നിന്റെയാകാശവും, ഭൂമിയും, കടലും
ചുരുങ്ങിയെന്റെ കൈയിലാവുമൊരുനാൾ...
അന്നു ഞാൻ വിജയിക്കുമോ
എന്നുചോദിച്ചാലതുമെനിക്കറിയില്ല...
പക്ഷെ നീയെന്നെ പ്രണയിച്ചില്ലയെങ്കിലും
എന്നെ പ്രണയിക്കാനൊരുപാടു
പെൺകുട്ടികളുണ്ടാവുമെന്ന്
നിനക്ക് മനസ്സിലായല്ലോ..
നിന്റെ ഭൂമി ചുരുങ്ങിവരുന്നതു കാണുന്നു ഞാൻ
ഉള്ളിലെനിക്ക് സന്തോഷമുണ്ടെങ്കിലുമതു ഞാൻ 
പുറമെ കാണിക്കുന്നില്ല
അങ്ങനെയൊക്ക ചെയ്യുന്നതത്ര
നല്ലകാര്യമല്ലാത്തതിനാലാണെന്നുമറിയുക..
പ്രിയപ്പെട്ട പെൺകുട്ടി
നീയെന്തിനിങ്ങനെയക്ഷരങ്ങളെയമ്മാനമാടുന്നു
നിനക്കൊന്നു മിണ്ടാതിരുന്നു കൂടെ..
ഈ ലോകത്തിനുമുകളിൽ
ഞാനൊരുപതാകയേറ്റും വരെയെങ്കിലും...

സ്വർഗവാതിലിനരികിൽ !!


സ്വർഗത്തിലിരുന്നു
ദൈവവുമെഴുതുന്നുണ്ടാവും
നഷ്ടപ്പെട്ട ഘനരാഗങ്ങളിൽ
നിന്നെവിടേയ്ക്കോ മാഞ്ഞ
അന്തരഗാന്ധാരശ്രുതിയിൽ
ഒരു നിഷാദമിട്ടതിനൊടുവിൽ
മുളംകാടുകളിൽ പെയ്യും
മഴ പോൽ
എഴുതിയിട്ടുമെഴുതിയിട്ടും
തീരാത്തൊരു പ്രപഞ്ചമേ
അടിയൊഴുക്കുകളിലൂടെയൊഴുകി
നിലയില്ലാതൊരു കയവും
കണ്ടുയർന്ന ഒരിലയ്ക്കൊരുപാട്
പറയാനുമുണ്ടാവും
ആരും കേട്ടില്ലെങ്കിലും...
മഴ പെയ്യും പോൽ
ഋതുക്കളുണരും പോൽ
അരളിമരങ്ങളിലെ
സമാധിക്കൂട്ടിൽ നിന്നും
ചിത്രശലഭങ്ങളുണരും പോൽ
സന്ധ്യയ്ക്ക് വിരിയും
നക്ഷത്രങ്ങൾ പോൽ
മനസ്സിലുലൊരു
സ്വർഗവാതിൽ...
സത്യമായും ഇപ്പോൾ
എനിയ്ക്കെന്നോടു
തോന്നുന്നത്രയും സഹതാപം
ആ പുഴയോടും
തോന്നിതുടങ്ങിയിരിക്കുന്നു...

Sunday, June 19, 2011

PARIJATHAM



Parijatham is a highly fragrant white flower with around six petals arranged above a deep orange tube


These flowers open at dusk spreading their fragrance &fall down when the dawn breaks. Botanical name of Parijatham is Nycatanthes Arbortristis - Nycatanthes means "night flowering" & arbortristis means "sad".It is also called Night Jasmine/ Coral Jasmine in English, Parijat in Sanskrit,Parijatham in Malayalam, Pavizhamalli in Tamil, Harsinghar in Hindi & Shefali in Bengali.
MYTHOLOGY
Origin of Parijatha

Parijatham is a sacred tree is very important in Hindu mythology. During churning of the cosmic ocean to obtain nectar, before the appearance of nectar many other things appeared. Among them Parijatha plant was one. This plant wasgiven to Indra and he planted in his Nandavanam. This garden is in"Swargaloka" -

Saturday, June 18, 2011

മിഴിപൂട്ടിയിരുന്നാലും...


പാലസ്തിനതിരുകളിലോ
ജോർദാൻനദിയിലോ
ഏതിലാവുമൊരിക്കൽ
തേനൊഴുകിയിരുന്നത്
വറ്റിയ നദിയിലോ
മഹാസമുദ്രത്തിലോ
ഏതിലാവും
സൗരയൂഥകലകളെയൊന്നു
തീർഥസ്നാനം
ചെയ്യിക്കാനാവുക...
പറഞ്ഞുകേട്ടിരിക്കുന്നു
നദീതടസംസ്കൃതികളുടെ
വിസ്മയചരിത്രം...
ആദിമയുഗമേ
അവിടെയിപ്പോൾ
അവശിഷ്ടങ്ങളിൽ
ആത്മശാന്തിക്കായ്
എന്തുണ്ടാവും?
ലോഹക്കൂട്ടുകളിൽ
പുരണ്ട ഗന്ധകപ്പുകയിൽ
നിന്നുമോ ഗൗതമബുദ്ധന്റെ
സങ്കീർത്തനം
ഏതു ചിന്തകന്റെയുടുക്കിൽ
നിന്നാവും ലോകമുടഞ്ഞു
രണ്ടാവുന്നത്?
ആകാശഗോളങ്ങളെ
മിഴിപൂട്ടിയിരുന്നാലും
മിഴി രണ്ടിലും നിറയുന്നതൊരു
നദീതടത്തിൻ വരണ്ടുണങ്ങിയ
സംസ്കൃതി...
അതിനരികിലും
പ്രകാശദീപങ്ങളിലുണരും
പ്രഭാതമേ!
പകൽവെളിച്ചത്തിലും
മിഴിപൂട്ടി ദീപം തേടിയലയുന്നവരെ
കണ്ടുകൊണ്ടാലും...




Friday, June 17, 2011

മിഴിയിലൊളിപ്പിക്കാൻ


മിഴിയിലൊളിപ്പിക്കാൻ
എവിടെയൊരു വാക്ക്? 
മഷിയാൽ തൂത്തുലച്ച മൗനമേ നീയും
മൊഴി നഷ്ടമായൊരാരവത്തിനിടയിലൂടെ
മാഞ്ഞുപോകുന്നുവോ
അന്വേഷണത്തിനവസാനമൊരാധികാരിക
ശിലയിൽ കോറിയിടാം
മറഞ്ഞ ഋതുക്കളുടെ കരിഞ്ഞ 
സ്മൃതിപത്രങ്ങൾ
മിയാഗിയുടെ ബാക്കിപത്രങ്ങളിൽ
ഭൂമിയുടെയുലഞ്ഞതുണ്ടുകളിലെ
മുറിവുകളിൽ
കണ്ടതേത് ദ്വീപ്?
ഉദയസൂര്യന്റെ രാജ്യമേ
അന്നവിടെയസ്തമയമായിരുന്നുവോ
ആരണ്യകങ്ങളിലൂടെ
നടക്കുമേകാകിയുടെ
മിഴികളിൽ കണ്ടതൊരു
കവിത മാത്രമായിരുന്നുവോ?

Thursday, June 16, 2011

സ്മൃതി


നീർത്തിയിടും ചരിത്രത്തിനോർമ്മകൾ
മാഞ്ഞുപോകണമെന്നാഗ്രഹിക്കുന്നുവോ നീ
ഓർമ്മകളിലൊരു മുൾവാകനട്ടതിൻ
ശിഖരങ്ങളിലൊരു പതാകയേന്തി
നിൽക്കുന്നുവോ നിന്റെ വിജയം!!
ഞാനും പൊരുതിയിരിക്കുന്നു....
യുഗങ്ങളോടും, ഓർമ്മകളോടും
ഋതുക്കളനേകം മായുമ്പോഴും
മാഞ്ഞതേയില്ല ആ നിഴൽക്കൂടുകൾ
ഒന്നിനെ മായ്ക്കുമ്പോൾ
ഒരായിരമതിൽ നിന്നുണർന്നു
തടുത്തുകൂട്ടിയൊരു പെട്ടിയിൽ 
താഴിട്ടുപൂട്ടിയെങ്കിലുമതുമുടച്ചുതകർത്തു
അക്ഷയതൃതീയപോലെയൊരനശ്വരത
നിശബ്ദതതിയിൽ നിന്നും
ശബ്ദായമാനമായ മേഘഗർജ്ജനങ്ങളിൽ
നിന്നുമുണരും മഴയിലുമവയൊന്നും
ഒഴുകി മായുന്നുമില്ല..
നീർത്തിയിടും 
ചരിത്രത്താളിലിനിയെന്തെഴുതി
സൂക്ഷിക്കണം?
ചരിത്രത്തിന്റെ വട്ടക്കണ്ണടയാരോ
കവർന്നിരിക്കുന്നു..
അർജുനവിഷാദയോഗത്തിനവസാന
കുരുക്ഷേത്രത്തിൽ
ശരമൊടുങ്ങാത്ത ശരദിയുമൊരുനാൾ
സമുദ്രം തിരികെയേറ്റി
വിരലുകളിലെ സമുദ്രവും
ഒരുനാളുറങ്ങിപ്പോയേക്കാം...
ഓർമ്മകളും നിഴലുകളും
ഒഴുകിയൊഴുകിമായുമൊരു
പ്രളയനാളിൽ....