പാലസ്തിനതിരുകളിലോ
ജോർദാൻനദിയിലോ
ഏതിലാവുമൊരിക്കൽ
തേനൊഴുകിയിരുന്നത്
വറ്റിയ നദിയിലോ
മഹാസമുദ്രത്തിലോ
ഏതിലാവും
സൗരയൂഥകലകളെയൊന്നു
തീർഥസ്നാനം
ചെയ്യിക്കാനാവുക...
പറഞ്ഞുകേട്ടിരിക്കുന്നു
നദീതടസംസ്കൃതികളുടെ
വിസ്മയചരിത്രം...
ആദിമയുഗമേ
അവിടെയിപ്പോൾ
അവശിഷ്ടങ്ങളിൽ
ആത്മശാന്തിക്കായ്
എന്തുണ്ടാവും?
ലോഹക്കൂട്ടുകളിൽ
പുരണ്ട ഗന്ധകപ്പുകയിൽ
നിന്നുമോ ഗൗതമബുദ്ധന്റെ
സങ്കീർത്തനം
ഏതു ചിന്തകന്റെയുടുക്കിൽ
നിന്നാവും ലോകമുടഞ്ഞു
രണ്ടാവുന്നത്?
ആകാശഗോളങ്ങളെ
മിഴിപൂട്ടിയിരുന്നാലും
മിഴി രണ്ടിലും നിറയുന്നതൊരു
നദീതടത്തിൻ വരണ്ടുണങ്ങിയ
സംസ്കൃതി...
അതിനരികിലും
പ്രകാശദീപങ്ങളിലുണരും
പ്രഭാതമേ!
പകൽവെളിച്ചത്തിലും
മിഴിപൂട്ടി ദീപം തേടിയലയുന്നവരെ
കണ്ടുകൊണ്ടാലും...
No comments:
Post a Comment