Sunday, January 23, 2011

അവൻ പ്രണയിച്ചതവനെ മാത്രം

 അവൻ പ്രണയിച്ചതവനെ മാത്രം

അവൻ പ്രണയിച്ചതവനെ മാത്രം
ഗോവണിപ്പടിയിലൂടെ
നടന്നു നീങ്ങുമ്പോഴും
ഗോപുരമുകളിൽ നിന്നാകാശം
കാണുമ്പോഴും
അവൻ പ്രണയിച്ചതവനെ മാത്രം
അതിനിടയിലവൻ
ഹൃദയമാതൃകൾ മണ്ണിലും
പ്ലാസ്റ്റിക്കിലുമാക്കി പലർക്കും വിറ്റു
പലരെയും അതിനിടയിലൊഴുക്കി
ഋതുക്കളെയോ,
ഋതുക്കളുടെ നിറഭേദത്തെയോ
കടലിനെയോ പുഴയെയോ
അവൻ പ്രണയിച്ചില്ല
അവൻ പ്രണയിച്ചതവനെ മാത്രം
കുലുക്കിക്കുത്തുകാരുടെ
തുട്ടുകൾ പോലെ
മനുഷ്യഹൃദയങ്ങളെ
പൂവുകൊണ്ടലകൃതംമായ
കൂടയിലിട്ടവൻ കുലുക്കി
കുറെ ഹൃദയങ്ങൾ നിശ്ചലമായി
പിന്നെയുള്ളവയിൽ
നിന്നവനൊന്നെടുത്തു
ചായം തേച്ചു തേച്ചു പഴകിയ ഒന്ന്
അതിനരികിലൊരു പണസഞ്ചിയുമുണ്ടായിരുന്നു
അവൻ പ്രണയിച്ചതവനെ മാത്രം
അതിനാലവനാ ഹൃദയം പണം മുടക്കി
കഴുകി വൃത്തിയാക്കുന്നു
തൂത്തിട്ടും തൂത്തിട്ടും മായാത്ത
ചായക്കറപുരണ്ട ഹൃദയം.....
ഗോവണിപ്പടിയിലൂടെ താഴേയ്ക്കിറങ്ങുമ്പോഴും
ഗോപുരമുകളിൽ നിൽക്കുമ്പോഴും
അവൻ പ്രണയിച്ചതവനെ മാത്രം.....

No comments:

Post a Comment