Friday, July 1, 2011

ഇനിയുമിതിൽ കൂടുതൽ ഞാനെന്തെഴുതാൻ.


പ്രിയപ്പെട്ടവളെ;
ഇന്നലെയെന്റെ കത്തിനു 
നീയെഴുതിയ മറുപടി കണ്ടു..
ഇനി നിനക്കൊന്നുമെഴുതില്ലയെന്നും 
കരുതിയതായിരുന്നു..
അകലെയിരുന്നൊരു ദുരിതദൈന്യംനീട്ടും 
മുനയൊടിഞ്ഞ പെൻസിൽതുമ്പുപോലെ 
നിന്റെ കത്തുകളെന്നെ മുറിവേൽപ്പിക്കുന്നു..
ചിരിക്കുന്നുണ്ടെങ്കിലും സന്തോഷഭരിതരായി
ആളുകൾ ചുറ്റും കൂടുന്നുണ്ടെങ്കിലും നീയെന്നെ
വല്ലാതെ ചുറ്റിക്കുന്നു..
എനിക്കിന്നുമനസ്സിലാവുന്നു
നീയെഴുതുന്നപോലെയൊക്കെ
ഒരുകാലത്ത് ഞാനുമെഴുതിയിരുന്നു
നിനക്കെത്രയുപദ്രവമതുമൂലമുണ്ടായി
എന്നും ഞാനിന്നറിയുന്നു..
നിന്റെ മുൾമുനയുള്ള വാക്കുകളെന്നെ 
മുറിവേൽപ്പിക്കുന്നുമുണ്ട്
ഞാൻ സന്തോഷഭരിതനായിരിക്കാൻ ശ്രമിക്കുന്നു..
നിന്റെയിന്നത്തെയവസ്ഥയിൽ
നിനക്ക് സന്തോഷമുണ്ടാവുമെന്ന 
വിശ്വാസവുമെനിക്കില്ല...
അതിനെന്റെ പ്രവർത്തികളും 
ഒരു പരിധി വരെ കാരണമായി
എന്നറിയുന്നതിൽ അല്പം ദു:ഖവുമുണ്ട്..
അസ്തമയത്തിന്റെ ചില്ലുകൂടിലെ 
പ്രകാശം മായും...
പിന്നെയും പുലരികളുണ്ടാവും..
അതിനിടയിലൂടെ പലതുമില്ലാതെയാവും
മുഖങ്ങളും, മുഖാവരണങ്ങളും
അതിനോടൊപ്പം മാഞ്ഞും പോയേക്കാം,
തുരുമ്പുപിടിച്ച ഓർമ്മകൾ പോലെ...
അതിനാലിനിയും നീയോർമ്മചെപ്പുകളെ
താഴിട്ടുപൂട്ടിയേതെങ്കിലും
സമുദ്രത്തിലേയ്ക്കെറിഞ്ഞാലും...
പ്രിയപ്പെട്ട കുട്ടീ;
പിന്നീടൊരിക്കലും നിനക്ക്
ദു:ഖിക്കേണ്ടിയും വരില്ല...
ഇനിയുമിതിൽ കൂടുതൽ ഞാനെന്തെഴുതാൻ...



പ്രിയപ്പെട്ടവനേ;
നിന്റെയെഴുത്തുവായിച്ചിരിക്കുന്നു
മറുപടിയെഴുതാൻ തിരയും
സൗമ്യവും മൃദുലവുമായ
വാക്കുകളൊക്കെയകലെയകലെ
വ്യോമമാർഗവും കടന്നെവിടേയ്ക്കോ
യാത്രപോയിരിക്കുന്നു..
അതിനെയൊക്കെ തിരികെയെടുത്ത്
മിനുക്കിതുടച്ചെടുക്കുമ്പോഴേയ്ക്കുമൊരായുഷ്ക്കാലവും
തീർന്നിരിക്കും..
ഒന്നു നീയറിയാതെ പോയി..
ഓർമ്മചെപ്പിനെയെന്നേ ഞാൻ താഴിട്ടുപൂട്ടി
സമുദ്രത്തിലേയ്ക്കൊഴുക്കിയിരുന്നു...
തിരയേറ്റത്താലതു  തീരമേറിയെന്റെയീ ഭൂമിയുടെ 
വാതിലുകളുലച്ച് മുന്നിലൊഴുകിനീങ്ങിയതാണെന്നറിയുക..
ആ സ്മൃതിപേടകത്തിനെയിനിയൊരു
നെരിപ്പോടിലേയ്ക്കെറിഞ്ഞേയ്ക്കാം
കത്തിയെരിഞ്ഞു ചാമ്പലായേക്കാമത് 
ആ വിഭൂതിയൊരു കലശത്തിലാക്കി 
വീണ്ടുമൊഴുക്കിയേക്കാം സമുദ്രത്തിലേയ്ക്ക്...
പിന്നീടൊരിക്കലുമൊരോർമ്മപ്പാടു
പോലുമതിലുണ്ടാവുകയുമില്ല...
ഇതിൽകൂടുതൽ ഞാനുമെന്തെഴുതാൻ...









Thursday, June 30, 2011

എങ്കിലുമെഴുതാതിരിക്കാനുമാവുന്നില്ല......


പ്രിയപ്പെട്ടവളെ;
നീയെഴുതിയ കത്തുകണ്ടു
വേനൽമഴയിലൂടെ നീയാദ്യം
വന്നപ്പോഴിങ്ങനെയൊന്നുമുണ്ടാവുമെന്ന്
ഞാൻ പ്രതീക്ഷിച്ചിരുന്നേയില്ല...
ഞാനെന്നും മുഖാവരണങ്ങളിലൂടെ
മാത്രമേ നിന്റെയരികിൽ വന്നിരുന്നുള്ളൂ
യഥാർഥത്തിലുള്ളയെന്റെ മുഖം
നീയൊന്നു ശ്രദ്ധിക്കുകപോലും
ചെയ്തിരുന്നുവില്ലയെന്നതെന്നെയത്ഭുതപ്പെടുത്തുകയും
ചെയ്തു..
അത്രയ്ക്കാരാധകരെനിക്കുണ്ടായിട്ടും
നീ മാത്രമെന്തേയിങ്ങനെ
എന്നതെന്നെയതിശയിപ്പിക്കുകയും ചെയ്തിരുന്നു..
പ്രിയപ്പെട്ട കുട്ടീ;
മുഖാവരണമണിഞ്ഞ എന്നെ നീ സംശയിക്കാൻ
തുടങ്ങിയെങ്കിലും ഞാനാരെന്ന് മനസ്സിലാക്കാൻ
നിനക്കൊരുപാടു സംഘർഷങ്ങളിലൂടെ
നീങ്ങേണ്ടിവന്നുവെന്നറിയുന്നു..
എന്റെ മുഖം രക്ഷിക്കുവാനേ അന്നു
ഞാൻ ശ്രമിച്ചിരുന്നുള്ളൂ
ഒരുപാടൊരുപാടു ശ്രമിച്ചിട്ടുമൊരുനാൾ
ആ മുഖാവരണമഴിഞ്ഞു വീഴുകയും ചെയ്തു..
നീയതു കണ്ടമ്പരക്കുകയും കോപിക്കുകയും
ചെയ്തുവെന്നറിയാം..
നിനക്കുണ്ടായ ധാർമ്മികരോഷമെനിക്ക് മനസ്സിലാവും
നീയെല്ലാമുടച്ചുതകർത്തെറിഞ്ഞു
എന്റെ ഹൃദയം പല തുണ്ടുകളായ് നീയുടച്ചു..
സത്യം തന്നെ!
നിന്നോടുപറയുന്നു ...
നീയറിഞ്ഞിരുന്നുവോ എന്നെനിക്കറിയില്ല
ഒരിക്കൽ നിന്നെ ഞാൻ പ്രണയിച്ചിരുന്നു..
അതിനാലാവണമങ്ങനെയൊരു
പ്രതികാരം നിന്നോടു ചെയ്യാനെനിക്ക് തോന്നിപ്പോയത്..
സഹായിക്കുന്നവരോടൊന്നുമാരുമങ്ങനെയൊരു
പ്രതികാരം ചെയ്യില്ലയെന്ന് 
നീയും മനസ്സിലാക്കിയിരിക്കുന്നു.
സത്യം തന്നെ!
നിന്നെയുമെനിക്കൊന്നു തകർക്കണമെന്ന് തോന്നി
നിന്റെയതിയായ രോഷപ്രകടനങ്ങൾ
എന്നെയൊരുവിധത്തിൽ സഹായിച്ചുവെന്നും പറയട്ടെ..
എന്നോട് സഹാനുഭൂതി തോന്നിയ
കുറെ മഷിക്കൂടുകൾ നിന്നോടു മധുരമായി പ്രതികാരം ചെയ്യാനെന്നെ സഹായിച്ചു
ആശിച്ചതുപോലെ നടന്നുവെങ്കിലും
നീ പൊരുതിയ രീതിയെന്നെയത്ഭുതപ്പെടുത്തി..
നിനക്ക് മാത്രമറിയുന്നവിധം...
പ്രിയപ്പെട്ട കുട്ടീ;
നിനക്ക് മാത്രമേയങ്ങനെയൊന്നു ചെയ്യാനാവൂ
എന്നെനിക്കിന്നു മനസ്സിലായിരിക്കുന്നു..
ഒരളവുവരെയതെന്നെയും സഹായിച്ചിരിക്കുന്നു..
നീയെഴുതുന്നതിനൊരവസാനമുണ്ടാവുമെന്നെനിക്ക്
തോന്നുന്നില്ല..
ഋതുക്കളെപോലെ തന്നെയതു പലേകാലങ്ങളിലൂടെ
സഞ്ചരിക്കുമെന്നെനിക്ക് തോന്നുന്നു..
ശീതികരിച്ചയോർമ്മകളുറങ്ങും കല്ലറകളിൽ നിന്നും
നീയോരോന്നോരോന്നായി പുറത്തേയ്ക്കെടുക്കുന്നു..
അവയ്ക്കെല്ലാം ചെമ്പകപ്പൂവുകളുടെ സുഗന്ധവും..
പ്രിയപ്പെട്ടവളേ;
നീയെഴുന്നതെനിക്ക് മനസ്സിലാവുന്നു..
ഓളങ്ങളിലൊഴുകി മനോഹരമായൊരു
കാവ്യം പോലൊഴുകിയ നിളയൊരു
മാഞ്ഞ സ്വപ്നം പോലൊഴുകുന്നതും
നീ കാണുന്നില്ലേ..
നീ പറയുന്നതു തന്നെ ശരി
സമാന്തരരേഖയുടെയിരുവശവുമിരുന്നീ
ചെറിയ ലോകം നടന്നു നീങ്ങുന്നതു കാണാം
പ്രിയപ്പെട്ട കുട്ടീ;
ഞാനിന്ന് തിരക്കഭിനയിക്കുന്നു
തിരക്കിനിടയിൽ പലതുമോർമ്മിക്കാനും സമയവുമില്ല..
നിലനിൽപ്പിന്റെ പ്രത്യയശാസ്ത്രങ്ങളിന്നന്നെ
നയിക്കുന്നത് നിന്റെ കവിതയുടെയരികിലേയ്ക്കല്ലയെന്ന്
നീ മനസ്സിലാക്കിയാലും..
എന്റെ മനസ്സിലിന്നു കവിതയുടെ സ്വപ്നലോകവുമില്ല
നിനക്ക് മനസ്സിലാകുമെന്ന് കരുതുന്നു..
കൊഴിഞ്ഞ പൂവുകൾ വീണ വഴിയിലൂടെ
ഒരു ഭാവമാറ്റവുമില്ലാതെ നടന്നുനീങ്ങും
ഋതുക്കളെപ്പോലെയാവുന്നതല്ലേ
നമുക്കൊക്കെയിന്നനുചിതം..


പ്രിയപ്പെട്ടവനേ;
നിന്റെ കത്തു കണ്ടു
നിനക്ക് മാത്രമെന്തിനായ് ഞാൻ
കത്തെഴുതുന്നവന്നതിശയിക്കുന്ന
അനേകം പേരുണ്ടാവുമിവിടെ..
ഞാനെഴുതുന്നത് കാപട്യമാണെന്നും
മരുന്നുരച്ചുതേച്ച് ചികിത്സിക്കാനാവില്ലയെന്നും
ചിലർ പറയുന്നു..
ഒരു നീതീകരണപത്രികയെഴുതി ഞാനവർക്ക്
നൽകേണ്ടതുണ്ടോ?
ഇല്ലെന്നാണെന്റെ വിശ്വാസം..
നിനക്കെഴുതുന്നതൊരു പ്രത്യേകകാരണത്താലാണെന്നറിയുക..
നീയെന്നൊരുപാടുസഹായിച്ചുവെന്നാണിവരൊക്കെ
പറയുന്നത്...
അതു ഞാനറിഞ്ഞില്ലെയെങ്കിലും
നിന്റെ സഹായമെങ്ങനെ പരിണമിച്ചുവെന്ന്
നീ തന്നെയൊന്നാലോചിക്കുക
അഗ്നിപർവതം പോലെയെനിക്ക്ചുറ്റുമാ
സഹായവലയങ്ങളൊഴുകിക്കൊണ്ടേയിരിക്കുന്നു
ഉദ്ബോധനത്തിന്റെയുണർത്തുപാട്ടുകളും
പിന്നെയുടലളവുകളുമെഴുതിയിടും
മനുഷ്യനെന്ന ക്രൂരമനസ്സുകളെയും
കണ്ടുകൊണ്ടിരിക്കുന്നു..
നിന്റെ സഹായത്തിന്റെ ബാക്കിപത്രമവയൊക്കെയും..
ഇതിനോടെക്കെയും 
പടവെട്ടുമൊരാത്മാവിന്റെയുൾസംഘർഷമെന്തെന്ന്
നിനക്കറിയാനിടയുണ്ടാവില്ല..
പ്രിയപ്പെട്ടവനേ;
നിലനിൽപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾ
കഠിനതരമായ ശിലകളെപ്പോലെയാണെന്നെനിക്കറിയാം
അതില്ലാതായതിനാലാവും നിനക്ക് ഞാനിന്നുമെതിർമൊഴികളേകുന്നത്
എന്നെ നീ സഹായിച്ചുവെന്നിടയിൽ 
എന്നും വന്നു പറയുന്നവരോട്  ഒന്നപേക്ഷിക്കുന്നു..
ദയവായി ഇടനാഴിയിലിരുന്ന് ശബ്ദമുയർത്താതിരിക്കുക.. 
സഹായാഭ്യർഥനയുമായ് പടിവാതിലുകൾ
കയറിയിറങ്ങില്ലെങ്കിലും നിസ്വാർഥമായി 
സഹായിക്കുന്നവരെ മനസ്സുകൊണ്ടുപോലും വേദനിപ്പിക്കണമെന്നൊരാഗ്രഹം
ഒരിക്കൽപോലുമുണ്ടായിട്ടില്ലാത്തൊരു
ഹൃദയം എനിയ്ക്കുമുണ്ടെന്നറിഞ്ഞാലും
സാന്ധ്യനക്ഷത്രങ്ങൾ മിഴിയിൽ നിറയുമ്പോഴും
മഴതുള്ളിതൂവിപെയ്യുമ്പോഴും ഓർമ്മിക്കാറുണ്ട്
ഇത്രയേറെയെഴുതി
പെരുപ്പിച്ചുലയ്ക്കേണ്ടതായിട്ടുണ്ടായിരുന്നുവോ
ഈ ചെറിയ ഭൂപ്രദേശത്തെ??.
ഇന്നിപ്പോളിതൊരു സമയാതീതമായ
ആയുഷ്ക്കാലദൗത്യം പോലെ, സമുദ്രം പോലെ
ഒരാൽമരം പോലെ വളർന്നുകൊണ്ടേയിരിക്കുന്നു..
നിനക്കറിയുമോ?
ഇതിനൊരവസാനം തേടി തേടി ഞാനും
ആകെ വലഞ്ഞിരിക്കുന്നു...
എഴുതിയെഴുതി വിരലുകൾക്കും ഹൃദയത്തിനും
മതിയായായിരിക്കുന്നു...
എങ്കിലുമെഴുതാതിരിക്കാനുമാവുന്നില്ല.....



Wednesday, June 29, 2011

ഞാനുമെഴുതിയിരിക്കാം മറുകുറിപ്പുകൾ...



പ്രിയമുള്ളവനേ;
നീയെഴുതിയ കത്തുകണ്ടിരിക്കുന്നു..
മഷിപ്പാടുകൾ കയർതുമ്പാലൊതുക്കി 
ചുരുക്കാനാശിച്ച ഭൂമിയുടെ
ഒരു തുണ്ടിനെകുറിച്ച് 
നിനക്കറിയാമെന്നറിഞ്ഞിരിക്കുന്നു...
എങ്കിലുമാകുരുക്കുകളോരോന്നോരാന്നായി
അഴിച്ചുമാറ്റുന്നേരമുണ്ടാകാനിടയുള്ള
മാനസികസങ്കടങ്ങളും, സംഘർഷങ്ങളും
നിനക്കൊരിക്കലുമൊരിക്കലും മനസ്സിലാവുന്നു 
പോലുമില്ലല്ലോ..
അതിനാലായിരിക്കാം നീ നിലനിൽപ്പിന്റെ
നിർണ്ണയങ്ങളെപ്പറ്റി മാത്രം 
 ചിന്തിച്ചുകൊണ്ടേയിരിക്കുന്നത്..
ചരൽപ്പാതയിലെ ചരൽമുത്തുകൾ
കാൽപ്പദങ്ങളെ നോവിച്ചുകൊണ്ടേയിരിക്കുന്നു..
ആ നോവിലൂടെ നടക്കുമ്പോൾ
ഞാനിന്ന് എന്തെഴുതും പ്രിയനേ;
ഞാൻ നിന്നെയിന്ന് കനിമൊഴിയെന്ന
ചെമ്പനീർപൂവിനെയോർമ്മിപ്പിക്കാം
ഭാരതഖണ്ഡത്തിലെ പിതാമഹനെപ്പോലുള്ള
ഖുശ്വവന്ത് സിംഗ് വരെയെഴുതിയിരിക്കുന്നു 
കനിമൊഴിയെന്ന ചെമ്പനീർപൂവിനൊരനുസ്മരണം..
കനിമൊഴിയെപ്പോലുള്ളവരെ ചെമ്പനീർപൂവെന്ന്
വിളിക്കാമെന്നെനിക്ക് പറഞ്ഞുതന്നത്
എന്നോടെന്നും പ്രിയം കാട്ടിയ കാലം തന്നെ..
കാലത്തിന്റെ ചരിത്രമെന്നത് നാലപ്പാട്ടുതറവാടോളം,
മാതൃഭൂമിയോളം  മഹത്തരമായ ഒന്നുതന്നെ...
വളരെ ജ്ഞാനമുള്ള ഇവരോടൊക്കെ
യുക്തിവാദത്തിലേർപ്പെട്ട് വിജയിക്കാമെന്ന
അതിയാശയുമെനിക്കില്ലെന്നറിഞ്ഞാലും..
കനിമൊഴിയെപ്പോലുള്ള ചെമ്പനീർപൂവുകൾ
വിടർന്നുവരട്ടെ....
അവരോടെന്തിനൊരസൂയ...
പ്രിയപ്പെട്ടവനേ;
എന്റെയീ ചെറിയ ഉദ്യാനത്തിലെ
പാരിജാതപ്പൂവുകളും, ചെമ്പകപ്പൂവുകളും
ഭൂമിയെപ്പോലെ ക്ഷമയുള്ളവരാണെന്നും
അങ്ങേയറ്റം മഹത്വമേറിയവയെന്നുമൊന്നും
പറയുന്നുമില്ല...
ആരെയും പരിഹസിക്കണമെന്നോ
പരാജയപ്പെടുത്തണമെന്നോ ആഗ്രഹവുമില്ല..
പരിഹാസത്തിന്റേതായ പലേ എഴുത്തോലകൾക്കും
ചിലപ്പോൾ പാരിജാതപൂവിതളുകളിൽ 
ഞാനുമെഴുതിയിരിക്കാം മറുകുറിപ്പുകൾ......
അതിനു നീയെത്രയധികം 
രോഷം കൊണ്ടുവെന്നുമെനിക്കറിയാം
നിലനിൽപ്പിന്റെയനന്തസങ്കടങ്ങളിലൂടെ 
നീ നടന്നുപോയാലും....
വഴിയിലെ നിഴലുകളെ കടന്ന്
ഞാനും നടന്നുനീങ്ങിയേക്കാം....
അതിനിടയിലും
സമാന്തരരേഖകൾക്കിരുവശവുമിരുന്ന്
ഋതുഭേദങ്ങളെ കണ്ടുകൊണ്ടുമിരിക്കാം....

നിനക്കറിയുമോ നിലനിൽപ്പിന്റെ അനന്തദു:ഖങ്ങളെപ്പറ്റി....


പ്രിയപ്പെട്ട പെൺകുട്ടീ
നിന്റെ കത്തുകണ്ടു.
നിനക്ക് തോന്നുന്നതൊക്കെയെഴുതി
നീയങ്ങുപോകും
വായിക്കുന്നവരെന്തുകരുതുമെന്നൊരു
ഉപബോധം
നിനക്കുണ്ടാവേണ്ടതവശ്യമെന്നറിയുക..
നീ പോരിടുന്നതെന്തിനെന്നനിക്കറിയാം
ആരുടെയും മുന്നിൽ നീ
ഭിക്ഷയാചിക്കുകയില്ലെന്നുമറിയാം..
കാഞ്ചനക്കൂടുകളിലെ സ്വാതന്ത്രമോ
ഒരു കടലാസുഹൃദയമോ
നിനക്കാവശ്യമില്ലെയെന്നുമറിയാം
നീയെഴുതുന്നതൊക്കെ ശരിതന്നെയെങ്കിലും
നിന്റെയീ രീതിയെനിക്കത്രപ്രിയമായി
തോന്നുന്നുമില്ല..
നീയിപ്പോഴൊധികമൊന്നും
ചിന്തിക്കുന്നുമില്ലയെന്നറിയാം
നിന്റെവിരലിലെന്തുണരുന്നോ
അതു നീയങ്ങെഴുതും..
ഒരു ചിന്താശകലമൊരു
മഷിപ്പാടിലൂടെയെഴുതിനീട്ടിയാൽ
അതൊരു ഭാഗം മാത്രമെഴുതും
ഒരന്യായപത്രികയെന്നു
നീ പറഞ്ഞുകൊണ്ടേയിരിക്കും
(അതിലൊരു സത്യമുണ്ടെന്നത്
സ്വകാര്യമായിരിക്കട്ടെ)
അങ്ങനെയെഴുതുന്ന സ്ഥിരചതുരങ്ങളോടുള്ള
നിന്റെ ബഹുമാനമെന്നേ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന്
നീയെത്രയോവട്ടം പറഞ്ഞും കഴിഞ്ഞിരിക്കുന്നു..
എത്രയോ വെട്ടിക്കുറുക്കി ചുരുക്കിയെഴുതിയാലുമതിലൊക്കെ
നിന്നെയൊന്നുകുരുക്കാനൊരു കയർതുണ്ടുമുണ്ടാവും
പക്ഷെ നീയെത്രയനായാസമാണാ 
കുരുക്കുകളഴിച്ചു മുന്നോട്ടുനീങ്ങുന്നത്
പ്രിയപ്പെട്ട കുട്ടി;
നിനക്കറിയുമോ?
നിലനിൽപ്പിന്റെ അനന്തദു:ഖങ്ങളെപ്പറ്റി
അങ്ങനെയൊന്നിലാണിന്നീപുഴ..
അനേകദിനങ്ങളുടെ ആധിയും വ്യാധിയും
വിസ്മൃതിയിലേയ്ക്കൊഴുകി മായ്ക്കാൻ
ശ്രമിച്ചുകൊണ്ടേയിരിക്കുന്നു ....
അതിനിടയിൽ നീയിങ്ങനെ
പുരാവൃത്തമെഴുതിതുടങ്ങിയാലിനിഞാനെന്തുചെയ്യും
നിന്റെ മഴയും മഴക്കാറും കടലുമൊക്കെ നല്ലതു തന്നെ
പക്ഷെ നിന്റെ മഴയിടയ്ക്കിടയ്ക്ക് പേമാരിയാവുന്നു
കടലുമതുപോലെതന്നെ
ഒരു നാൾ ശാന്തം പിറ്റേന്നുറഞ്ഞുതുള്ളുന്നു..
നിലാവുപോലെ ഞാനൊന്നു മന്ദഹസിക്കാൻ
ശ്രമിക്കുമ്പോൾ പോലും പഴയപോലൊരു 
സ്വാഭാവികതയുമതിനുണ്ടാവുന്നില്ല..
ഞാനുമിപ്പോൾ നിലനിൽപ്പിന്റെ
അനന്തദു:ഖങ്ങളെന്തെന്നറിഞ്ഞുകൊണ്ടേയിരിക്കുന്നു...
പ്രിയപ്പെട്ട കുട്ടീ;
നിന്നെപ്പോലെതന്നെയെന്ന് സ്വകാര്യമായി 
പറയാനും ശ്രമിച്ചുകൊണ്ടിരിക്കാം...

Monday, June 27, 2011

ഇത്രവലിയൊരു കത്ത്



പ്രിയപ്പെട്ടവനേ;
നിന്റെ കത്തുകണ്ടു..
ഇത്രവലിയൊരു കത്ത് 
നീയെഴുതിയതിലത്ഭുതവും തോന്നുന്നു
അതു വായിച്ചപ്പോൾ
നിലാവിനെ മായ്ച്ച കൃഷ്ണപക്ഷരാവിലൂടെ
നടക്കും പോലെ തോന്നി..
നീ ക്ഷമാശീലത്തെകുറിച്ചെഴുതിയത്
കണ്ടു ചിരിയും വന്നു..
നിന്റെ ക്ഷമാശീലത്തിന്റെ
പകൽപ്രകടനങ്ങൾക്ക്
രാവിന്റെ നിറമായിരുന്നുവെന്ന്
ഞാനെഴുതിയാൽ
നീയെതിരും പറയില്ലയെന്നെനിക്കറിയാം
പ്രിയപ്പെട്ടവനേ;
ഇന്നന്തേ മഴ പെയ്യാതിരുന്നു
എന്നൊരു സങ്കടമുണ്ടായി
പ്രദോഷങ്ങളിൽ ത്രിസന്ധ്യയ്ക്കാരതിയുഴിയും
മുപ്പത്തിമുക്കോടി ദേവകളോടൊപ്പം
നിന്റെ ഉൽകൃഷ്ടകവിതകളുടെ
അന്തരാർഥങ്ങൾ പറഞ്ഞുതന്നതിനൊരു
പ്രത്യേക നന്ദിയുമെഴുതുന്നു.
നീയെഴുതുന്നതൊക്കെയൊരുകാലത്ത്
ഞാൻ വിശ്വസിച്ചിരുന്നു..
പക്ഷെ നിന്റെ മുഖത്തെയോ
മുഖാവരണത്തെയോ
ഏതിനെ വിശ്വസിക്കണമിന്ന്..
പ്രിയപ്പെട്ടവനേ;
നിന്നോടിനിയെന്തെങ്കിലും പറയാൻ
തോന്നിയാൽ അതോർമ്മ വരുമ്പോൾ
ഇനിയൊരിക്കലെഴുതാം..





നിന്നോടു പറഞ്ഞെനിയ്ക്ക് മതിയായിരിക്കുന്നു


പ്രിയപ്പെട്ട കുട്ടീ;
ഇന്നലെ നീയെഴുതിയ
കത്തുവായിച്ചെനിക്കൊരുപാടു
ദേഷ്യം വന്നു..
ആംഗലഭാഷയിൽനിന്നും
നിനക്കൊരിക്കലും മനസ്സിലാവാത്ത
പദങ്ങൾ തിരഞ്ഞു
നിനക്കെഴുതണമെന്നും തോന്നി.
നീയൊരു വിഡ്ഢി
വെറുതെ വാക്കുകളെടുത്ത്
വഴിയരികിൽ നിന്ന് ശബ്ദമുണ്ടാക്കുന്നു ...
എന്നെ കണ്ട് പഠിക്ക്
ഇപ്പോൾ എല്ലാവരും എന്റെകൂടെ
നിന്റെ കൂടെയാരുണ്ട്?
നീയൊറ്റപ്പെട്ടതിൽ സന്തോഷിക്കാമെന്ന്
വിചാരിച്ചാൽ നീ പറയും നിനക്കേകാന്തതയാണിഷ്ടമെന്ന്.
എന്തു പറഞ്ഞാലും
നിനക്കൊരെതിർമൊഴിയുണ്ടാവും
എന്നിരുന്നാലും നിന്റെയെതിർമൊഴികളുടെ
ഒരാരാധകനുമാണു ഞാൻ..
പക്ഷെ നിന്റെയെതിർമൊഴികളെ
ഞാനംഗീകരിക്കുകയുമില്ല...
അതൊക്കെ നിന്നെപ്പോലുള്ളവർക്ക്
യോജിക്കും
എന്നെപ്പോലെ എവിടെചെന്നാലും
ഇരിയ്ക്കാനൊരിരിപ്പിടം കിട്ടുന്ന
പ്രമുഖൻമാർ നിന്നെപ്പോലെയുള്ളവരെ
അംഗീകരിക്കുന്നതെങ്ങ്നെ?
വേണമെങ്കിൽ ഒരു മുഖാവരണമിട്ട്
നിനക്കൊരു മനോഹരമായ 
ഇ-മെയിൽ ഞാനയച്ചു തരാം
നിനക്കത് വേണ്ടെങ്കിൽ പോലും.
നീ നിശ്ബ്ദയായിരിക്കാൻ വേണ്ടി
ഞാനതു ചെയ്യാം..

കുട്ടീ..
നീ പറഞ്ഞ കഠിനവാക്കുകൾ 
വായിച്ച് വായിച്ച് എനിക്കിപ്പോൾ
നിന്നോട് തീരെയിഷ്ടമില്ല..
നിന്റെകൂടെയാരുമില്ലെയെന്ന
സമാധാനം എന്റെ കൂടെയിന്നുണ്ട്
അങ്ങനെപറഞ്ഞാൽ നീ പറഞ്ഞേക്കാം
നിനക്ക് ദൈവമുണ്ടെന്ന്..
നീ ദൈവത്തിന്റെയടുത്തിരുന്ന്
ജപമാലകൾ തിരിക്കുക...


പ്രിയമുള്ളവളെ;
നിനക്ക് വേറെ ജോലിയൊന്നുമില്ലേ
എന്നുമിങ്ങനെയെഴുതി നിറയ്ക്കാൻ.
ഞാനിപ്പോൾ വളരെ സന്തോഷിക്കുമ്പോൾ
പഴയ പകയൊക്കെ നീ ഹൃദയത്തിൽ
സൂക്ഷിച്ചുവയ്ക്കരുത്..
എങ്ങനെ ക്ഷമിക്കണമെന്ന് പറയാനുള്ള
അർഹതയില്ലെങ്കിലും പറയുന്നു
ക്ഷമാശീലമുണ്ടാവുകയെന്നാലതൊരു
നല്ല കാര്യം തന്നെ..
ഇനിയെങ്കിലും നീയിങ്ങനെയെഴുതി 
ശല്യപ്പെടുത്താതിരിക്കുക..
എനിക്കീ പുതിയ ജീവിതം സുഖം തന്നെ..
നിന്റെ ദ്യേഷ്യം മുഴുവൻ 
നീ എഴുതി നിറയ്ക്കുകയാണോ
ഇനി നീയെഴുതിയാലും
ഞാൻ മറുപടിയെഴുതുമെന്ന് 
കരുതേണ്ടതില്ല..
ഇനിയെന്തെങ്കിലും നീയെഴുതിയാൽ
വിശ്വസാഹിത്യത്തിനിടയിൽ നിന്നും
നിനക്ക് മനസ്സിലാവാത്തവിധമുള്ള
വാക്കുകളുള്ള കവിതകൾ 
തിരഞ്ഞു കണ്ടുപിടിച്ചു
നിനക്ക് ഞാനയച്ചുതരും..
അതു വായിച്ച് നിനക്കൊന്നും
മനസ്സിലാകില്ലെങ്കിലും ആ കവിത
നിന്നെ പരിഹസിക്കുന്നതു കാണുമ്പോൾ
ഞാനുള്ളിൽ ചിരിക്കുമെന്നും 
നീയറിഞ്ഞാലും..
നിനക്കൊന്നും മനസ്സിലാവില്ല
നീയൊരു പൊട്ടി...


പ്രിയപ്പെട്ട കുട്ടീ
നിന്നെപ്പറ്റിയോർമ്മിക്കാൻ
പോലും സമയമുണ്ടോയെന്ന്
ചോദിച്ചാലെനിക്കറിയില്ല..
ഇല്ലയെന്നു പറഞ്ഞു
നിന്നെ വിഷമിപ്പിക്കേണ്ടെന്നു 
കരുതി പറയുന്നതുമാവാമെന്ന്
നീ പറയുമോ എന്നുമറിയില്ല....
ഇതിൽ കൂടുതലെന്തുപറയാൻ 
നിന്നോടു പറഞ്ഞെനിയ്ക്ക് 
മതിയായിരിക്കുന്നു..

Sunday, June 26, 2011

പ്രിയമുള്ളവനേ ഇന്നു ഞാനെഴുതട്ടെ ലാളിത്യത്തെക്കുറിച്ച്


പ്രിയമുള്ളവനേ...
ഇന്നെന്തെഴുതുമെന്നാലോചിക്കുമ്പോൾ
സംവൽസരങ്ങളിലെയോർമ്മകൾ 
ഒരു പൂവുപോലെ വിടർന്നുവരുന്നു മുന്നിൽ..
നിനക്കറിയുമോ...
സംവൽസരങ്ങളുടെ ചെപ്പിലുറങ്ങിയ
സ്മൃതിവിസ്മൃതികളെ
നിന്നോടു ഞാനൊന്നു ചോദിക്കട്ടെ
ലാളിത്യമെന്നാലൊരു വാതിൽ
തകർക്കുകയെന്നതോ?
ഒരാളെ നിഴൽപോലെ പിന്തുടരുന്നതോ?
എഴുത്തുകാരെന്നഭിമാനിക്കുന്ന
ഒരു ചെറിയ മഹാലോകത്തിന്റെയെളിമയും 
ലാളിത്യവും ഞാൻ കണ്ടിരിക്കുന്നു...
ആരവത്തിന്റെയെളിമ
പടനീക്കങ്ങളുടെയെളിമ
മധുരതരമായ കാപട്യത്തിന്റെയെളിമ,
അവർ നിന്റെ പ്രതിനിധികളുമായിരുന്നു..
അങ്ങനെയൊരെളിമ
ഈ ചെറിയ ഭൂമിക്കില്ലാതെ പോയി..

ഒന്നുകൂടിപറയട്ടെ..
യഥാർഥത്തിൽ വിനയവുമെളിമയുള്ള
മഹാസാഹിത്യകാരെ നിന്റെ 
പ്രതിനിധികളുടെ കൂടെ കണ്ടതുമില്ല..

പ്രിയമുള്ളവനെ;
ലാളിത്യമെന്തെന്നെനിക്കറിയാം
നീ പറയാതെ തന്നെ
എന്റെ ഹൃദയഭാഷയതു തന്നെ..
പക്ഷെ വാതിലിലെ ചിത്രതാഴുകളുലച്ച്
നീയെളിമയെന്ന വാക്കിന്റെയർഥം
എനിക്കായിയെഴുതി നീട്ടരുത്
നിന്റെയെളിമയുടെ പലേ കൈയൊപ്പുകളെ
ഞാനും കണ്ടിരിക്കുന്നു..
അതിൽ ലാളിത്യത്തെക്കാളേറെ
ഈ പ്രാഗൽഭ്യം കാണൂ
എന്ന ധ്വനിയായിരുന്നു മുന്നിട്ട് നിന്നത്..
നിന്റെ പ്രതിനിധികൾക്കീ ഭൂമിയോട്
വിരോധമുണ്ടാവും..
അവരെഴുതിയ ന്യായപത്രികളംഗീകരിച്ചൊരു
ലാളിത്യാഭിനയത്തിനൊരുങ്ങിയില്ലെയെന്നത്
അന്തരാത്മാവിന്റെയുൾപ്രേരണമൂലമെന്നറിയുക
അനീതിയുടെ പത്രികളിൽ കൈയൊപ്പേകുന്നത്
ലാളിത്യമെന്ന് നീ വിശ്വസിക്കുന്നുവോ
ഇല്ലെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു..


പ്രിയമുള്ളവനെ;
മൗനം ലാളിത്യമെന്നെനിക്ക് പൂർണവിശ്വാസമില്ല
നീ ചെയ്യുന്ന പ്രവർത്തികൾക്ക് മൗനത്തിന്റെ
ലാളിത്യവുമുണ്ടാവണം..
പരമോന്നതപദവിയുടെ വാഹനം പോലും
നിയമരഹിതമായ സ്ഥലത്തു നിന്നെടുത്തുമാറ്റാൻ
ധൈര്യം കാട്ടിയവരോടെനിക്ക് ബഹുമാനമുണ്ട്
അടിമത്തം ഇല്ലായ്മ ചെയ്തവരോടും
എല്ലാവർക്കും ക്ഷേത്രപ്രവേശനമനുവദിച്ചവരോടും 
എനിക്ക് ബഹുമാനമേയുള്ളൂ
ലാളിത്യമാവശ്യം പ്രവർത്തികൾക്ക്...
പ്രിയപ്പെട്ടവനേ;
അതൊരു കാപട്യത്തിന്റെ മുഖാവരണമാകരുത്
ഇനിയെങ്കിലും മറ്റൊരാളുടെ 
വാതിൽലുലച്ചുടച്ചതിനരികിൽ നിന്ന്
ചെറിയവനാകാൻ ശ്രമിക്കൂ എന്നു പറയാതിരിക്കുക...
അങ്ങനെ ചെയ്യുമ്പോൾ നീയെത്രചെറിയവനായി
എന്നു നീ ചിന്തിക്കുന്നു പോലുമില്ലല്ലോ
എന്നോർത്ത് എനിക്കല്പം വിഷമവുമുണ്ട്


പ്രിയമുള്ളവനെ..
നിന്നോടായി ഒന്നു കൂടി പറയെട്ടെ
നിനക്ക് പ്രിയപ്പെട്ട എഴുത്തുകാരുടെ മഹാലോകം
പഠിപ്പിച്ചത് യഥാർഥ ലാളിത്യമോ, എളിമയോ 
അല്ലെന്നു ഞാനെഴുതുമ്പോൾ 
നിനക്ക് വിരോധമുണ്ടാവില്ല എന്നുകരുതുന്നു..
അവരെന്നെപഠിപ്പിച്ചതെങ്ങെനെയാസൂത്രിതമായി
പ്രതികാരം ചെയ്യാമെന്നും, 
ശാന്തിമന്ത്രങ്ങളിൽ എങ്ങനെയശാന്തി
നിറയ്ക്കാമെന്നുമാണെന്നുകൂടി ഞാനെഴുതിയാൽ
നീയെതിരൊന്നും പറയില്ലെയെന്നെനിക്കറിയാം
എന്നെക്കാൾ കൂടുതൽ 
അതു നിനക്കറിയാമെന്നും വിശ്വസിക്കട്ടെ..
എന്റെയീ ചെറിയ ഭൂമിയിലെ
ഋതുക്കളെന്നെയുപദേശിക്കാറേയില്ല
പൂവുകളും, മഴയും, വെയിലും, 
നക്ഷത്രങ്ങളും, നിലാവും
ഒന്നുമെന്നോട് ചെറിയവനാകൂ 
എന്നുപറയുന്നതേയില്ല...
അവരെന്നോടു പറയുന്നതോ
ലാളിത്യത്തിന്റെ ഭാഷാമൊഴികൾ
എളിമയെന്തെന്നെ 
പഠിപ്പിക്കുന്നതുമവർ തന്നെ...