Thursday, July 14, 2011

ഇങ്ങനെയൊരു കത്തെഴുതേണ്ടിവരുമെന്നോർത്തതേയില്ല

ഇങ്ങനെയൊരു കത്തെഴുതേണ്ടി
വരുമെന്നോർത്തതേയില്ല....
എങ്കിലും മഴപെയ്യുമീയപരാഹ്നത്തിൽ
ഒരു നിയോഗമെന്നപോലൊരിക്കൽ
കൂടിയെഴുതുന്നു
ഋതുസഞ്ജനയ്ക്കൊരു കത്ത്..
ഋതുസഞ്ജന..
ആ പേരിലൊരു  കൗതുകത്തേക്കാളേറെ
നിഗൂഢതയാണുള്ളതെന്നു തോന്നിപ്പോവുന്നു..
എങ്കിലും ഋതുസഞ്ജനയുടെ കത്തിനൊരു 
പ്രത്യേകത തോന്നി..
സ്വയമെഴുതും കത്ത്..
ദൈവത്തിനായ് കത്തെഴുതിയ
ഒരു കുട്ടിയുടെ കഥ വായിച്ചിട്ടുണ്ട്
അന്തരാത്മാവിനായ്, ഹൃദയത്തിനായെഴുതിയ
ഈ കത്തൊരു മഴതുള്ളിപോലെ
മനോഹരമായിരിക്കുന്നു..
സത്യത്തിൽ ഒളിച്ചോട്ടം
ഒന്നിനുമൊരു പരിഹാരമാവില്ലയെന്ന്
ഉദയാസ്തമയങ്ങൾ കാണാനാവും 
ഒരു മുനമ്പിൽ ജപധ്യാനം ചെയ്ത ഒരു യോഗി 
എന്റെ ഹൃദയത്തോടെന്നും
പറഞ്ഞുകൊണ്ടിരിക്കുന്നു...
ലോകമിങ്ങനെയെന്ന്
പഴിക്കുന്നവരാണധികവും..
കടലിനരികിൽ നിന്ന് കാണും
ചക്രവാളമൊരു കവിതയെന്നെനിക്കുതോന്നും..
ചുറ്റുവലയങ്ങളിൽ ആൾക്കൂട്ടത്തെ
ബോധ്യപ്പെടുത്താനായി ലോകം
തിരക്കിട്ടോടുമ്പോൾ
മഴതുള്ളികളിലെ കവിതയും
മാഞ്ഞുമാഞ്ഞുപോകുന്നു..
ചുറ്റുവലയങ്ങളോടുള്ള നിർമ്മമതയിൽ
മനസ്സെത്ര ശാന്തമാവുന്നു
കനലുകളുറങ്ങും നെരിപ്പോടിലേയ്ക്ക്
പകർന്ന ഒരു കുടം ജലം മിഴിയല്പം നീറ്റി...
അതിനിടയിൽ കണ്ട ലോകത്തിനുമഗ്നിയുടെ
നിറമായിരുന്നു...
മഴപെയ്തുപെയ്തൊഴിയുമ്പോൾ
പ്രശാന്തിയുടെ മഴക്കാലപ്പൂവുകളിൽ
മിഴിചേരുമ്പോൾ ചുറ്റുവലയമായൊഴുകും
ലോകം മാഞ്ഞുമാഞ്ഞുപോവുന്നതും
കാണാനാവുന്നു...
അതിനിടയിൽ കണ്ട കൗതുകകരമായ
കത്തിനൊരു
മറുകുറിപ്പെഴുതണമെന്നും തോന്നി...

No comments:

Post a Comment