Saturday, June 4, 2011

മൊഴി


കുലമഹിമയുടെ കോവിലകങ്ങൾ
തൂവിയിടുന്നു ചുറ്റിലും 
ന്യായീകരണമഷിതുള്ളികൾ
അതേ! അതങ്ങനെയേ വരു;
സ്വന്തമെന്നതിനെന്നുമൊരു
ന്യായതൂക്കമുണ്ടാവും
അല്ലാത്തവയെയൊളിപാർത്ത്
അഗ്നികൂട്ടിയിടുമ്പോൾ 
നൈർമല്യത്തിന്റെ വൈരുദ്ധ്യം
പെരുമ്പറയടിക്കുന്നത്
ഏതു സാമ്രാജ്യത്തിലോ?
വെൺകൊറ്റക്കുടയേന്തിയ
സ്വർണസിംഹാസനമെഴുതും
നിർണയരേഖകൾ 
തെറ്റിയ നീതിയുടെ ചുമരെഴുത്തുമായ്
നിൽക്കുമ്പോൾ
എന്റെ വിരലുകൾ ചലിച്ചെങ്കിൽ
ഹേ നീതിപീഠമേ
നീയെന്തിനു തലകുനിയ്ക്കുന്നു,
മിഴിപൂട്ടിയിരിക്കുന്നു??
സാമ്രാജ്യങ്ങളുടെ തെറ്റിയ
നിർണയപ്പുരകളിൽ 
വൈരുദ്ധ്യങ്ങളുടെ 
മഷിപ്പാടുകൾക്കുമുന്നിൽ
ഹേ നീതിപീഠമേ 
നീയെന്തിനു 
ഹൃദയമുരുകിമരിക്കണം..





Friday, June 3, 2011

ഉൾവിളികൾ


ദേവഗോപുരത്തിൽ
നിന്നുതാഴേയ്ക്കിറങ്ങും 
പടിയിൽ 
കറുകഹോമം ചെയ്യുമുദയം
കുറുകെവെട്ടിയ കുരിശുകൾക്കരികിൽ
മുനമ്പിലെ കടൽ
മാർഗം മറന്ന ചുരങ്ങളിൽ
മാഞ്ഞ നീർച്ചാലുകൾ
ഈറൻതുന്നിയ
മഴതുള്ളികളിലൂടെ
നടക്കും ഭൂമി
എവിടെയോയെവിടെയോ
ഉടക്കിവലിക്കുന്ന
ഉൾവിളികൾ
നിലവിളക്കിനരികിൽ
നിത്യപൂജയ്ക്കിരിക്കും
സന്ധ്യ
നാലും കൂടിയ നടവഴിയിൽ
നിന്നൊഴുകിമായും മുകിലുകൾ
കാണാമറയത്തൊരു മിന്നലാട്ടം
സന്ധ്യാവർണമാർന്ന
ചെമ്പകപ്പൂക്കൾക്കരികിൽ
മുഖപടമിട്ടുനീങ്ങുന്നതാരോ??

ആവരണങ്ങൾ


എഴുത്തുമഷിപ്പാടുകൾ
വളരുന്നത് പർവതങ്ങളെപ്പോലെയോ?
നക്ഷത്രങ്ങൾ മിന്നും ആകാശത്തിനരികിൽ
കടലങ്ങനെ ചക്രവാളത്തോളമുയരുമ്പോൾ
അസത്യത്തിന്റെ ആകസ്മികകാണ്ഡങ്ങൾ
ഹൃദയതന്ത്രികളെയുലച്ചു
ഉടഞ്ഞതും തകർന്നതുമായ
സ്വരങ്ങളെല്ലാം വിരൽതുമ്പിലൊരു
മാർഗഴിപ്പൂവായി വിടർന്നു
വാതിൽപ്പാളികളിലൊളിപാർക്കുംമിഴികളും
വാതിൽപ്പാളിയ്ക്കുള്ളിലെയപസ്വരങ്ങളും
അശാന്തിയുടെയാത്മകഥയിൽ
അഗ്നിതൂവി
ശിലാരൂപങ്ങളുടെ
ശിരോവസ്ത്രങ്ങളൂർന്നുവീണ
നാലുകെട്ടിൽ മുകിലുകൾ
കാഴ്ചക്കാരെപ്പോലെ നിന്നു
പ്രതിരോധത്തിന്റെ കോട്ടകളിലേയ്ക്കുയരും
തിരകളുടെ രോഷം മണൽപ്പൊട്ടുകൾ 
കണ്ടുകൊണ്ടേയിരുന്നു ..
അറിയാതെയറിയാതെനക്ഷത്രങ്ങൾ
മിഴികളിൽ കൂടുകൂട്ടുമ്പോൾ
സന്ധ്യയുടെ ചിമിഴിൽ സങ്കടങ്ങളേയുണ്ടായിരുന്നില്ല
അരങ്ങിലുമണിയറയിലുമഭിനയിച്ച
മുഖപടങ്ങളണിഞ്ഞ ചായം
ചക്രവാളത്തിനരികിലെത്തിയപ്പോഴേയ്ക്കും
നിസംഗതയുടെ ഒരാവരണം 
സന്ധ്യയിലും വീണിരുന്നു

Wednesday, June 1, 2011

കനൽതുള്ളികൾ


ശരത്ക്കാലപ്പൂവുകളോട്
വാശിപ്പെട്ട് 
മരുഭൂമിയിലെ ഒരുകുടം
ചായ്ക്കൂട്ടുമായ് നീങ്ങാനൊരുങ്ങിയപ്പോൾ
ശരത്ക്കാലപ്പൂവുകളെ 
കാൽകൊണ്ടെന്നു തലോടി അവൻ..
അവന്റെ പാദസ്പർശം കൊണ്ട്
ആ പൂവുകളങ്ങ് കരിഞ്ഞുണങ്ങുമെന്നും
അവൻ കരുതി...
ശരത്ക്കാലപ്പൂവുകൾക്കതിഷ്ടമേയായില്ല
ആ പൂവുകൾ മഴക്കാലത്തിലൂടെയുണർന്നവർ
പിന്നെ ശൈത്യക്കൂടുപണിതവർ
ഭൂമിയുടെ ശിരസ്സിൽ നിന്നുണർന്നവരെ
കാൽകൊണ്ട് തട്ടുകയോ
ആ പൂവുകൾ ദേഷ്യം കൊണ്ട്
അശോകപ്പൂവുകൾ പോലെ തുടുത്തു
അവൻ നിന്ന സ്ഥലത്തെ ഭൂമിയടർന്നു..
നല്ലയോർമ്മകളെ കാൽവിരലുകളാൽ
തൂത്തുകളഞ്ഞ അവനെപ്പോലെയുള്ളവർ
ഈ ഭൂമിയിലുണ്ട് എന്ന് തന്നെ
ശരത്ക്കാലപൂവുകൾക്ക് 
വിശ്വസിക്കാനായില്ല..
അതുൾക്കൊള്ളാനാവാതെ 
ആ പൂവുകളങ്ങനെ കനൽനിറമാണ്ട
അശോകപ്പൂവുകൾ പോലെ
ജ്വലിച്ചുകൊണ്ടേയിരുന്നു..

എതിർമൊഴികൾ



എന്റെ അച്ഛൻ വളരെ
നല്ല മനുഷ്യനായിരുന്നുവെന്നു
പലരും പറഞ്ഞിരുന്നു
ധർമ്മപുത്രരെപ്പോലെയൊരാൾ
എന്നച്ഛനെപ്പറ്റി പലരും പറയുമ്പോൾ
അഭിമാനിച്ചിരുന്നു ഞാൻ
ധർമ്മപുത്രർമാരെ ചൂതിൽ ചതിയ്ക്കാനും
വനവാസത്തിനയയ്ക്കാനും
പ്രയാസമേയില്ല
നിന്റെ അച്ഛനെകുറിച്ച്
നീയെഴുതിയ വിവിർത്തനകവിത വായിച്ചു
അത് നിന്റെ അമ്മ തന്നെ പലേവട്ടം
ആത്മകഥയിലെഴുതിയിരുന്നുവല്ലോ
അതിനാനല്ലേ അവർ പിന്നെ
സ്നേഹനൈര്യാശത്തിലെത്തി
നിന്നത്..
എന്റെ അച്ഛന്റെ ഗുണങ്ങൾ 
എനിയ്ക്കുണ്ടാവും
അതിനാൽ ഞാൻ പുരാണങ്ങൾ
ഒരുപാടുവായിച്ചു
നിന്റെ അച്ഛന്റെ ഗുണം നിനക്കുമുണ്ടാവും
നിന്റെ വിവർത്തനങ്ങളിലൂടെഅതു പുറത്തേയ്ക്കൊഴുകുന്നുമുണ്ട്..

എന്റെയച്ഛനിന്നും എന്റെയോർമ്മയിലുണ്ട്
നിന്റെയച്ഛനെയോർമ്മിക്കാൻ
നിനക്കാവാത്തതിൽ ഖേദിക്കുന്നു...

തിരുമൊഴികൾ


കേട്ടുകൊണ്ടിരിക്കാം ഞങ്ങൾ
നിന്റെ തിരുമൊഴികൾ
ശവമഞ്ചത്തിലെ ജമന്തിപ്പൂവുകൾ 
പോലെ
നിന്റെ തിരുസൂക്തങ്ങളുയരുന്നത് 
കേട്ടുകൊണ്ടിരിക്കാം
വന്മതിലിലെ ചുമർചിത്രങ്ങളിൽ
മുഖം കുനിച്ചിരിക്കുന്നുവോ നീ
മുഖം നഷ്ടപ്പെട്ടവനേ
നിന്റെ പുതിയ മുഖപടം
ബോധഗയയിലെ 
ബുദ്ധന്റേതല്ല
മരക്കുരിശിൽ തൂങ്ങിയ
ജീസസ്സിന്റേതുമല്ല
അതിനൊരു മഷിപ്പാടിന്റെ
ഗന്ധം
നീയോ അത്?
കറുത്ത കച്ച കെട്ടിയ
ശവമഞ്ചം ചുമക്കുന്ന
ചുമട്ടുകാരൻ...

നീയോ കവി ??


വിവർത്തനലിപിയുടെ
മോശപ്പെട്ട മുഖപടമേ
നീയോ കവി??
നിന്റെ മുഖപടം ചീന്തിയെടുത്ത
ദൈവം എത്രയോ മഹാൻ
നീയെഴുതിയ വിവർത്തന
കവിതയ്ക്കിതാ നിന്റെ
നിലവാരമുള്ള ഒരു മറുകുറിപ്പ്
വായിച്ചാലും വിവർത്തനമഹാകവേ!!


"മരുഭൂമിയിലെ അഭിസാരിക
വലയിലാക്കി
മയക്കിയെടുത്ത സൂര്യാ
നീയവളുടെ കൈയിലെ
വെറുമൊരു കളിപ്പാട്ടം
അവളുടെ മൂന്നാം കാമക്കൂത്തിനു
അവൾ തിരഞ്ഞെടുത്ത
ഉപകരണം നീ
നിന്നെയവൾ ചിരിച്ചുമയക്കിവീഴ്ത്തി
നിന്റെ ബലഹീനതകളെ
ഊറ്റിക്കുടിച്ചു
അതിൽ നിന്നെചുറ്റിക്കെട്ടി...
നീ വീണു
നിനക്ക് പ്രതികാരം ചെയ്യാൻ
ഒരു കൂട്ടാവശ്യമുണ്ടായിരുന്നു
പിന്നെ നിന്റെ സുഹൃത്തുക്കൾക്ക്
മുന്നിൽ ആളാവാനും
അവളങ്ങനെ നിന്നെപൊതിഞ്ഞ്
മയക്കിക്കൊണ്ടേയിരിക്കും
മനുഷ്യമസ്സറിയാൻ
നിനക്ക് പണ്ടേയറിയില്ല
അവളെ ചുറ്റിക്കെട്ടിയ ദിനം തന്നെ
നിന്റെ ശിരസ്സിൽ കറുത്ത പാടു
വീണില്ലേ
വിവർത്തനമഷിപുരട്ടി
അതു തൂത്തുകൊണ്ടേയിരിക്കുക"


വിവർത്തനമഹാകവേ
മനുഷ്യരുടെ തുപ്പൽകോളാമ്പി 
ചുമക്കുന്നവനേ
നിന്റെ ഗ്രന്ഥപ്പുരയിലെ 
വൃത്തികെട്ട കാവ്യത്തിനനുബന്ധമെഴുതിയ
ഈ വിരലുകൾ ഞാനൊന്നു
കഴുകി വൃത്തിയാക്കട്ടെ



(വി രവികുമാർ എന്ന പരിഭാഷകന്റെ ചില കവിതകൾ
വായിക്കുമ്പോൾ ഇയാളിതെന്തിനിങ്ങനെ തർജ്ജിമ ചെയ്യുന്നു
എന്നു തോന്നാറുണ്ട്. സത്യത്തിൽ ചിലപ്പോൾ മോശപ്പെട്ട
പരിഭാഷകൾ ഇയാൾ വായനക്കാരുടെ ശിരസ്സിലേയ്ക്കിടാറുണ്ട്
അതിനൊരെതിർമൊഴിയാണിത്. )