Friday, June 3, 2011

ആവരണങ്ങൾ


എഴുത്തുമഷിപ്പാടുകൾ
വളരുന്നത് പർവതങ്ങളെപ്പോലെയോ?
നക്ഷത്രങ്ങൾ മിന്നും ആകാശത്തിനരികിൽ
കടലങ്ങനെ ചക്രവാളത്തോളമുയരുമ്പോൾ
അസത്യത്തിന്റെ ആകസ്മികകാണ്ഡങ്ങൾ
ഹൃദയതന്ത്രികളെയുലച്ചു
ഉടഞ്ഞതും തകർന്നതുമായ
സ്വരങ്ങളെല്ലാം വിരൽതുമ്പിലൊരു
മാർഗഴിപ്പൂവായി വിടർന്നു
വാതിൽപ്പാളികളിലൊളിപാർക്കുംമിഴികളും
വാതിൽപ്പാളിയ്ക്കുള്ളിലെയപസ്വരങ്ങളും
അശാന്തിയുടെയാത്മകഥയിൽ
അഗ്നിതൂവി
ശിലാരൂപങ്ങളുടെ
ശിരോവസ്ത്രങ്ങളൂർന്നുവീണ
നാലുകെട്ടിൽ മുകിലുകൾ
കാഴ്ചക്കാരെപ്പോലെ നിന്നു
പ്രതിരോധത്തിന്റെ കോട്ടകളിലേയ്ക്കുയരും
തിരകളുടെ രോഷം മണൽപ്പൊട്ടുകൾ 
കണ്ടുകൊണ്ടേയിരുന്നു ..
അറിയാതെയറിയാതെനക്ഷത്രങ്ങൾ
മിഴികളിൽ കൂടുകൂട്ടുമ്പോൾ
സന്ധ്യയുടെ ചിമിഴിൽ സങ്കടങ്ങളേയുണ്ടായിരുന്നില്ല
അരങ്ങിലുമണിയറയിലുമഭിനയിച്ച
മുഖപടങ്ങളണിഞ്ഞ ചായം
ചക്രവാളത്തിനരികിലെത്തിയപ്പോഴേയ്ക്കും
നിസംഗതയുടെ ഒരാവരണം 
സന്ധ്യയിലും വീണിരുന്നു

No comments:

Post a Comment