ശരത്ക്കാലപ്പൂവുകളോട്
വാശിപ്പെട്ട്
മരുഭൂമിയിലെ ഒരുകുടം
ചായ്ക്കൂട്ടുമായ് നീങ്ങാനൊരുങ്ങിയപ്പോൾ
ശരത്ക്കാലപ്പൂവുകളെ
കാൽകൊണ്ടെന്നു തലോടി അവൻ..
അവന്റെ പാദസ്പർശം കൊണ്ട്
ആ പൂവുകളങ്ങ് കരിഞ്ഞുണങ്ങുമെന്നും
അവൻ കരുതി...
ശരത്ക്കാലപ്പൂവുകൾക്കതിഷ്ടമേയായില്ല
ആ പൂവുകൾ മഴക്കാലത്തിലൂടെയുണർന്നവർ
പിന്നെ ശൈത്യക്കൂടുപണിതവർ
ഭൂമിയുടെ ശിരസ്സിൽ നിന്നുണർന്നവരെ
കാൽകൊണ്ട് തട്ടുകയോ
ആ പൂവുകൾ ദേഷ്യം കൊണ്ട്
അശോകപ്പൂവുകൾ പോലെ തുടുത്തു
അവൻ നിന്ന സ്ഥലത്തെ ഭൂമിയടർന്നു..
നല്ലയോർമ്മകളെ കാൽവിരലുകളാൽ
തൂത്തുകളഞ്ഞ അവനെപ്പോലെയുള്ളവർ
ഈ ഭൂമിയിലുണ്ട് എന്ന് തന്നെ
ശരത്ക്കാലപൂവുകൾക്ക്
വിശ്വസിക്കാനായില്ല..
അതുൾക്കൊള്ളാനാവാതെ
ആ പൂവുകളങ്ങനെ കനൽനിറമാണ്ട
അശോകപ്പൂവുകൾ പോലെ
ജ്വലിച്ചുകൊണ്ടേയിരുന്നു..
No comments:
Post a Comment