Saturday, June 25, 2011

നിനക്കറിയുമോ മഴയ്ക്കെന്നുമൊരു സാന്ത്വനലയമുണ്ട്


പ്രിയപ്പെട്ട കുട്ടീ;
നീയിങ്ങനെയെഴുതുന്നതെന്തിനെന്ന്
എനിക്ക് മനസ്സിലാവുന്നില്ല...
പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞുകഴിഞ്ഞു...
നീയെയ്യുന്ന ചിലവാക്കുകൾ
താങ്ങാനാവാത്തതു തന്നെ..
എന്നും നീയെന്തിനെന്നെപഴിചാരുന്നു 
പക്ഷെ കുറെ നാൾ ഞാനും നിന്നെ
വിമർശിച്ചുകൊണ്ടേയിരുന്നതിനാൽ
നിന്നോടൊന്നും പറയാനുമിന്നെനിക്കാവുന്നില്ല..
ഇങ്ങനെയെത്ര നാൾ പ്രിയപ്പെട്ടവളേ; 
ദയവായി നിർത്തുക 
നിന്റെ അവസ്ഥ എനിക്കറിയാം..
എന്റെയവസ്ഥയും നീ മനസ്സിലാക്കുക..
പ്രവചനാതീതമായ മേഖലകളിലൂടെ നീ
സഞ്ചരിക്കുന്നതിനാൽ
നിന്നോടൊന്നും പറയാനുമാവുന്നില്ല..
പ്രിയപ്പെട്ട കുട്ടി;
ഉപദേശങ്ങളെ നീ പണ്ടേപോലെ
ബഹുമാനിക്കുന്നില്ലയെന്നറിയാം..
അതിനുള്ള കാരണവും
പലപ്പോഴായി നീ തന്നെ പറഞ്ഞിരിക്കുന്നു..
അതെനിക്ക് മനസ്സിലാവുന്നുമുണ്ട്..
ആത്മാർഥമായി പറയുന്നു..
നിന്നോടെനിക്ക് ദ്യേഷമൊന്നുമില്ല
പക്ഷെ നീയെഴുതും കഠിനവാക്കുകൾ
അതല്പം അതിരുകവിയുന്നുവെന്നും 
തോന്നിതുടങ്ങിയിരിക്കുന്നു....
ഞാനുമെഴുതിയിരുന്നു പണ്ട് കഠിനപദങ്ങൾ
അതിലെനിയ്ക്ക് പശ്ചാത്താപവുമുണ്ട്..
കടലുകളുടെ കഥപറയും ശംഖുകളിൽ
നീയെഴുതി നിറച്ചാലും സർഗങ്ങളെ
നിനക്ക് ആത്മാർഥമായി നന്മ നേരുന്നു


പ്രിയപ്പെട്ടവനേ;
നിയെഴുതിയതൊക്കെയും വായിച്ചു..
ഇന്നു നിന്നോടു ഞാനെന്തുപറയുമെന്നോർത്തു 
വിഷമിക്കുമ്പോൾ മഴ പെയ്യാൻ തുടങ്ങിയിരുന്നു...
ഇടതടവില്ലാതെ....
വർഷകാലം വളരെ അടുത്തെത്തിയിരിക്കുന്നു...
പിന്നെയിന്ന് അനുവെന്നൊരു വിഭ്രമക്കുട്ടി
എഴുതിയ ബ്ളോഗ് കണ്ടു
ചിത്രശലഭങ്ങൾക്കിടയിലേയ്ക്ക്
തൂങ്ങിയാടുന്ന ഒരു കടവാവൽ
വന്നതുപോലൊരു അനുഭവമുണ്ടായി
അതു വായിച്ചപ്പോൾ..
പരിസ്ഥിതിസംരക്ഷണമെന്ന പേരിലൊരു
ഹാസ്യം..
ഒരു ഭംഗിയുമില്ലാതെയെന്തൊക്കെയോ
എഴുതിയിരിക്കുന്നു..
ഞാനിന്നിലെ ഭൂമിയിലെ
മനോഹരങ്ങളായ ഇരുപതു സ്ഥലങ്ങളെ 
വായിച്ചറിഞ്ഞു..
എത്ര മനോഹരമാണീ പ്രപഞ്ചമെന്ന്
നിന്നോട് പ്രത്യേകം പറയേണ്ടതില്ലല്ലോ..
മഴയുടെ സുഖമുള്ള സംഗീതമാണരികിൽ..
മഴയുടെ ഭംഗി 
പെയ്തുവീഴും പാതകളിൽ കാണാറേയില്ല..
 പ്രളയം പോലെ മുന്നിൽ കാണും
പാതയിലൂടെ നടക്കുമ്പോൾ രോഷമുണ്ടാവുമെനിക്ക്..
എത്ര മോശപ്പെട്ട രീതിയിലാണെല്ലായിടവും
പാതകളെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്..
എനിക്ക് മാത്രമല്ല പലർക്കുമതുണ്ടാവും...
കുടിലുകളിൽ ദരിദ്രദൈന്യം കാണുമ്പോഴും
ഈ രാജ്യത്തിന്റെ ദുരിതം കാണുമ്പോഴും
ആദ്യം ദേഷ്യമുണ്ടാവുക നിന്നെപ്പോലുള്ളവരോടുതന്നെ..
അത് നിനക്കിഷ്ടമുണ്ടാവില്ലയെന്നുമറിയാം..
പിന്നെയിതൊക്കെ കണ്ടും കേട്ടും
ലോകം ചുരുങ്ങുന്നതെങ്ങെനെയെന്നറിഞ്ഞു
കൊണ്ടിരിക്കുന്നു...
അല്ലെങ്കിലും പ്രദക്ഷിണവഴിയിലൊരു
ഗ്രഹവുമായി കൂട്ടിമുട്ടിയുടഞ്ഞുതീർന്നാൽ
പിന്നെയേതു ജീവനാണീ
ഭൂമിയിലില്ലാതെയാവുകയെന്നോർത്തു
ദു:ഖിക്കേണ്ടിയും വരില്ല....
ദു:ഖിക്കാനും, സ്വപ്നം കാണാനും
ആരെങ്കിലുമുണ്ടാവുമോ പിന്നെയിവിടെ?
വായിച്ചു മുഷിഞ്ഞിട്ടുണ്ടാവും നിനക്ക്..
മഴ പെയ്തുകൊണ്ടേയിരിക്കുന്നു..
നനയും പുൽനാമ്പുകൾ ഗ്രാമത്തിലേയുള്ളു...
നിനക്കറിയുമോ! 
മഴയ്ക്കെന്നുമൊരു സാന്ത്വനലയമുണ്ട്
ഹൃദയത്തെ ശാന്തിയിലേയ്ക്കുയർത്തുമൊരു
പ്രത്യേകലയം....


Friday, June 24, 2011

എഴുതാതിരിക്കാനുമെനിക്കാവുന്നില്ലല്ലോ


പെൺകുട്ടീ;
കത്തുകളുടെ ലോകം 
നിന്റെ ഭൂമിയ്ക്ക് പരിചയപ്പെടുത്തിയത്
ഞാൻ തന്നെയെന്നു സമ്മതിക്കുന്നു...
പക്ഷെ നീ മറുകുറിപ്പെഴുതുമെന്നൊരിക്കലും
ഞാൻ കരുതിയില്ല..
നീ മറുകുറിപ്പെഴുതിയിരുന്നെങ്കിലാശിച്ചിരുന്നു
പക്ഷെ അതു സമ്മതിച്ചുതരാൻ
എന്റെ പ്രതിച്ഛായ എന്നെയനുവദിച്ചിരുന്നില്ല
അങ്ങനെയൊന്നൊനിക്കുണ്ടോയിന്നെന്ന്
നീ പുഞ്ചിരിയോടെ ചോദിച്ചേയ്ക്കാം
പക്ഷെ വളരെവളരെ കഷ്ടപ്പെട്ടാണിങ്ങനെയൊന്നു
മിനുക്കിയെടുത്തത്...
അതിനല്പം ആത്മവഞ്ചനയും ചെയ്യേണ്ടിവന്നു...
സത്യം പറയട്ടെ കുട്ടീ
ഇന്നിപ്പോൾ നിന്റെ കത്തുകൾ വായിക്കുന്നതിനെക്കാൾ
എനിക്കിഷ്ടം ഏതെങ്കിലുമൊരു നിശാവിരുന്നിൽ
പങ്കെടുക്കാനെന്നു പറയുന്നതിൽ
നിനക്ക് വിരോധമുണ്ടാകില്ല എന്നുകരുതുന്നു...
എന്റെയിപ്പോഴുള്ള കൂട്ടിനുമതൊക്ക തന്നെ പ്രിയം..
ആളുകളുടെയൊക്കയിടയിലങ്ങനെ തിളങ്ങുന്ന
വസ്ത്രമൊക്കെധരിച്ചങ്ങനെ നടക്കുന്നതാണിന്നെനിക്കിഷ്ടം
പണ്ടൊരുപക്ഷെ കവിതാലോകത്തിലൂടെ
നടക്കനൊരിഷ്ടമുണ്ടായിരുന്നു...
ഇന്നിപ്പോഴെല്ലാം മാറിയിരിക്കുന്നു..
കുട്ടീ നീ പറഞ്ഞേയ്ക്കാം 
മായ, മരീചിക എന്നൊക്കെ
ശരി തന്നെ..
എതിരഭിപ്രായങ്ങളില്ല..
നിന്റെ മനസ്സിലെന്നോട് ഒരു നേരിയ
പകയുണ്ടോ എന്നു സംശയമുണ്ട്
അങ്ങനെയുണ്ടാവാനുള്ളതൊക്കെ
ഞാൻ ചെയ്തിട്ടുമുണ്ട്..
നീ അഭിമാനിയായതിനാൽ 
ഒരു സഹായാഭ്യർഥനയുമായെന്റയരികിൽ
വരികയില്ലെന്നുമറിയാം..
നിന്റെ ശരി ഞാനറിയാതെ പോയി കുട്ടീ...
അതുപോലെയെന്റെ ശരി നീയുമറിയാതെ പോയി....
മറന്നേക്കുക..
ഒന്നു പറയുന്നു
നീ കത്തെഴുതാൻ പഠിച്ചിരിക്കുന്നു
മനസ്സിലുള്ളത് മുഴുവൻ തുറന്നുപറയാതിരിക്കുക
ചിലപ്പോഴത് നിന്നെതന്നെയും ഇല്ലാതാക്കിയേക്കാം...


ആൺകുട്ടീ;
നീയെഴുതിയ കത്തു കണ്ടു
സഹാനുഭൂതിയുടെ ഒരു ചില്ലയിലെ തളിർ
നീ തന്നെയൊരിക്കലടർത്തിക്കളഞ്ഞു
എനിയ്ക്കേറ്റവും പ്രിയപ്പെട്ടകവിതയുടെ
തളിരും നീയടർത്തി..
നിന്നോട് വളരെയധികം നീരസം തോന്നിയിരുന്നു
ഒരിക്കൽ.. 
എന്നോടും തോന്നിയിരുന്നു എനിയ്ക്ക് നീരസം.
നിന്നെപ്പോലൊരാളുടെ കവിതാവലയങ്ങളിൽ
അറിയാതെ വീണുപോയതിനെനിക്കെന്നോടു
തന്നെ ദ്യേഷ്യവുമായിരുന്നു...
എനിക്കെല്ലാദിനങ്ങളുമൊരു പോലെ
ഒരു ദിനത്തിനോടും പ്രപഞ്ചം
പ്രത്യേകത കാട്ടിയിട്ടില്ലെയന്നതറിയുക..
മനുഷ്യരാണെല്ലാറ്റിനെയും വിഭജിക്കുന്നത്....
എന്നിരുന്നാലുമെനിയ്ക്ക്
ഞായറാഴ്ചകളെയിഷ്ടപ്പെടാനൊരിക്കലുമായിരുന്നില്ല
ഒരു ഞായറാഴ്ചയാണെന്റയച്ഛൻ  തീവ്രപരിചരിണവും,
മൃത്യുജ്ഞയമന്ത്രവും മറന്നുറങ്ങിപ്പോയത്..
കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ 27, 1987
അന്ന് വിശാഖനക്ഷത്രം...
പ്രിയമുള്ളവനെ;
നിനക്ക് പ്രിയമുള്ളതിനെ നീയുയർത്തിയേക്കാം
പ്രകീർത്തിച്ചേക്കാം...
പക്ഷെ എനിയ്ക്കിഷ്ടം 
മഹത്വമുള്ളതിനെയയുർത്താനാണെന്നറിയുക..
സഹാനുഭൂതിയുടെ ചില്ലകളിലെ തളിരോരോന്നായടർത്തും
പ്രവർത്തികളുണ്ടാക്കിയ വിടവുകളുടെ 
ദൂരം വളർന്നുവലുതാവുന്നുവല്ലേ....
എഴുതിതീർക്കാനാവാത്തൊരു
പുസ്തകമായെന്റെ ഹൃദയം 
സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു
ആ സ്പന്ദനതാളത്തിലെയോരോ
വാക്കുമെന്റെ വിരലിലോടിക്കളിക്കുമ്പോൾ
എഴുതാതിരിക്കാനുമെനിക്കാവുന്നില്ലല്ലോ....

Thursday, June 23, 2011

നിന്നോട് ഞാനിനിയെന്തു പറയും !!


പ്രിയപ്പെട്ടവനേ!
നിന്നോടു ഞാനതങ്ങനെ പറയും
വിവേകത്തിന്റെ 
മണൽത്തരികളുടെ കഥ....
ഒരോന്നായി എണ്ണിയെണ്ണിതുടങ്ങിയപ്പോഴേയ്ക്കും
അസ്തമയമായിരുന്നു..
എന്നിട്ടും തീരാത്തത്രയുമുണ്ടായിരുന്നു
സമുദ്രതീരത്തിൽ.
നിന്നോടായി മാത്രം ഞാൻ പറയാം...
വിവേകത്തിന്റെ മണൽതരികളെണ്ണിതീർക്കാനാർക്കുമാവില്ല
ഇന്നലെനീയെഴുതിയ കത്തു കണ്ടു..
അതിനു ഞാനെന്തുമറുപടിയെഴുതുമെന്നാലോചിച്ചല്പം
വിഷമിക്കിക്കുകയും ചെയ്തു....
നീ പറയും പോലെയെന്നും ചെയ്യാനെനിക്കാവില്ലല്ലോ
നീയുമങ്ങനെ തന്നെയല്ലേ..
എന്നും വിധിന്യായങ്ങളെഴുതി 
നീട്ടിയിരുന്നത് നീയായിരുന്നു
എന്നു ഞാൻ വിശ്വസിക്കട്ടെ....
അതെന്നും നിനക്കനുകൂലമായിരിക്കാൻ
നീ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു
പ്രിയപ്പെട്ടവനേ;
നിന്നോടൊന്നു ഞാൻ പറയാം
നിന്റെ സഹോദരിയോടും അമ്മയോടും
മറ്റൊരാൾ ചെയ്യാനാഗ്രഹിക്കാത്തതൊന്നും
നീ മറ്റൊരു പെൺകുട്ടിയോട് ചെയ്യരുത്...
ഈ ലോകത്തിലെ 
മനസ്സിൽ നന്മയുള്ള എല്ലാവരും
വിശ്വസിക്കുന്നതും അങ്ങനെ തന്നെയാവും...
അതൊന്നു നിന്നെ മനസ്സിലാക്കണമെന്നുണ്ടായിരുന്നു..
അങ്ങനെയാരെങ്കിലും നിന്നോടു ചെയ്താൽ
നീ പ്രതികരിക്കും വിധവും ഇന്നെനിക്കറിയാം..
സഹിക്കാവുന്നതിലേറെ സഹിക്കുമാത്മാക്കൾക്കൊരു
നിസംഗത്വമുണ്ടാവും...
പ്രശംസിക്കുന്നതെല്ലാം മഹത്തരമായത്
എതിർക്കുന്നതെല്ലാം നിന്ദ്യം, നികൃഷ്ടം
എന്നു വിശ്വസിക്കും ലോകത്തിനിടയിൽ
വിവേകമെന്തെന്നറിയുക വളരെ കഷ്ടം തന്നെ..
പ്രിയപ്പെട്ടവനേ,
ഒരാളെ തോൽപ്പിക്കേണ്ടതെങ്ങനെയെന്നേ
നീയാലോചിച്ചിരുന്നുള്ളൂ..
എങ്ങനെ ഞാനൊരു നല്ല മനുഷ്യനാവും
എന്നു ചിന്തയിലേ വിവേകത്തിന്റെ
സ്വർണതരികൾ കാണുവാനാവൂ
എന്നു ഞാൻ വിശ്വസിക്കുന്നു....
ഒന്നുനീയറിഞ്ഞാലും....
ലോകസമക്ഷമൊരു പ്രകടനം നടത്തി 
വിജയിക്കണമെന്നൊരു
സത്യവാംങ് മൂലമൊന്നും ഞാനെഴുതി
സൂക്ഷിക്കുന്നുമില്ല......
സമുദ്രതീരത്തിലെ ചിപ്പികളിലെ
കടലിരമ്പം എന്റെ ഹൃദയത്തിലുമുണ്ടെന്നറിഞ്ഞാലും..
വിവേകമെന്ന പേരുള്ള 
മനുഷ്യനിർമ്മിതമഹാനൗകകളോ
താണുതാണുപോകുന്നു..
മനസ്സിനെയെങ്കിലുമുയർത്താനായെങ്കിലെന്നാശിക്കുന്നു
കത്തു നീണ്ടപോകുന്നതിനാൽ ചുരുക്കുന്നു..
നിന്നോടിതിൽ കൂടുതലെന്തു 
പറയണമെന്നെനിക്കുമറിയില്ല....




പെൺകുട്ടീ, നീയെഴുതുന്നതൊക്കെ ഞാൻ വായിക്കുന്നുണ്ട്


പെൺകുട്ടീ;
നീയെഴുതുന്നതൊക്കെ വായിക്കുന്നുണ്ട്....
പോയകാലത്തയെന്തിനിങ്ങനെ
നീ തിരികെ വിളിക്കുന്നുവെന്ന്
ചോദിക്കാനുള്ള അവകാശം
എനിക്കില്ലയെന്നറിയാം...
എങ്കിലുമൊന്നു പറയാം
എനിക്കിപ്പോൾ സുഖമെന്നു തന്നെ
ഞാൻ വിശ്വസിക്കുന്നു...
നിന്റെ മനസ്സിടയ്ക്കിടെ
പ്രക്ഷുബ്ധമാകുന്നുവന്നുമറിയാം..
അതിനു ഞാനുമൊരു
കാരണമായിരുന്നുവെന്നറിഞ്ഞതിൽ
ഖേദം തോന്നുന്നുമുണ്ട്.
അങ്ങനെയൊക്കെവന്നുപോയിയെന്ന്
കരുതി സമാധാനപ്പെടുക...
ഇന്നെന്റെയീ സന്തോഷത്തിനിടയിൽ
നീയിടയ്ക്കിടെ വന്നെഴുതുന്നത്
ഞാൻ കാട്ടിക്കൂട്ടിയ ചില അബദ്ധങ്ങൾ 
മൂലമാണെന്നുമെനിക്കറിയാം....
അന്നു ഞാനെന്നെപ്പറ്റി മാത്രമേ
ചിന്തിച്ചിരുന്നുള്ളൂ...
നീയും നിന്നെപ്പറ്റി മാത്രമേയന്ന്
ചിന്തിച്ചിരുന്നുള്ളുവെന്നും ഞാൻ വിശ്വസിക്കട്ടെ..
നിന്റെ വാതിൽപ്പടിയിൽ
നിന്നും പോകണമെന്ന് പല പ്രാവശ്യവും 
നീ പറഞ്ഞുവെന്നത് സത്യം തന്നെ..
അന്നു പക്ഷെ നിന്നെ തോൽപ്പിക്കാനും
ചുരുക്കിയൊതുക്കാനുമൊരാവേശം തോന്നി...
ഇന്നോർക്കുമ്പോളതൊന്നും
വേണ്ടായിരുന്നുവെന്നും തോന്നുന്നുണ്ട്...
ഇന്നെന്നെ സ്നേഹിക്കാൻ വേറൊരാളുണ്ട്
ഒന്നാം സമ്മാനം കിട്ടിയ ലോട്ടറിരസീതി
പോലെയെന്നെ സ്നേഹിക്കുന്ന ഒരാൾ..
നിനക്കൊരു പാടെഴുതാനുണ്ടെന്നറിയാം
നീയതെല്ലം ഒരു ഡയറിയിലെഴുതി
സൂക്ഷിക്കുക..
എഴുതിയെഴുതി നീയിങ്ങനെയാരണ്യകങ്ങളിലൂടെ
നടന്നുകൊണ്ടിരുന്നാൽ നീ കൊടും കാടിനുള്ളിൽ
അകപ്പെട്ടു പോയെന്നുമിരിക്കും...
പ്രിയപ്പെട്ട കുട്ടീ;
നിനക്ക് സമുദ്രതീരത്തിലൂടെ
നടക്കുന്നതല്ലേ എന്നും പ്രിയംകരമായിരുന്നത്...
ഒരു ചിപ്പിക്കുള്ളിൽ കടലിരമ്പുന്നതും
കേട്ടു നീയങ്ങനെ നടന്നാലും...

Wednesday, June 22, 2011

ഇന്നലെ നീയെഴുതിയ കത്തിനൊരു മറുകുറിപ്പ്


പ്രിയപ്പെട്ട ആൺകുട്ടി;
ഇന്നലെ നീയെഴുതിയ കത്തു കണ്ടു
അതിനെന്ത് മറുകുറിയെഴുതണമെന്നറിയില്ല...
നീയെന്നിയില്ലാതെയാക്കാൻ
പ്രചരിപ്പിച്ച നുണക്കഥകളെല്ലാം തന്നെ
ആ ജോലി ഭംഗിയായി ചെയ്തുതീർത്തിരിക്കുന്നു..
അതു നീ ചെയ്തുകൊണ്ടിരുന്നപ്പോൾ
എന്തും ചെയ്യാമെന്നുള്ളൊരമിതവിശ്വാസം
നിനക്കുണ്ടായിരുന്നു....
(ഇന്നൊരുപക്ഷെ നീ കുറെ മാറിയിട്ടുണ്ടാവുമെന്നു
ഞാൻ വിശ്വസിക്കുന്നു...)
നിന്റെ പുതിയ കഥയ്ക്കൊരു
പൊലിമയുണ്ടാക്കാൻ 
ആ നുണകൾക്ക് സാധിച്ചുവെന്നതിൽ
നിനക്കുണ്ടായ തൃപ്തി
ഇന്ന് നിസംഗമായ ഒരാവരണമായ്
നിന്നെ  വീർപ്പുമുട്ടിക്കുന്നുവെന്നുമറിയാം..
ഇന്നു നീ പലതും പറയുന്നെണ്ടെങ്കിലും
അതിലൊന്നുമൊരാത്മാർഥതയില്ലായ്മ
തിങ്ങിക്കൂടുന്നത് ഞാൻ കാണുന്നുണ്ട്...
ഒരുപാടൊരുപാട് ദു:ഖത്തിനിടയിലും
എന്റെ ഹൃദയത്തിലൊരു സന്തോഷം
നിറഞ്ഞു നിന്നിരുന്നു....
അതു കുറെയേറെയില്ലായ്മ ചെയ്യാൻ
നിനക്കായിയെന്നതിൽ
നിനക്കഭിമാനമുണ്ടാകാനിടയില്ല..
അതു നീയാഗ്രഹിച്ചിരുന്നില്ലയെന്ന്
പറഞ്ഞാലുമെനിക്കിന്ന് മനസ്സിലാവും..
ഞാനെഴുതുന്ന വരികൾ 
ഒരപ്രിയസത്യം പോലെ
നിന്നെ നോവിച്ചേയ്ക്കാം...
പക്ഷെയിങ്ങനെയൊക്കെ
വന്നതിൽ നിനക്കുള്ള പോലെയുള്ള
വിഷമം എന്നെയുമലട്ടുന്നുണ്ട്
അതെഴുതിയെഴുതി തീരുമ്പോഴേക്കും
ഈ ലോകം തന്നെ ചിലപ്പോഴൊരപരിചിത
ഗ്രഹമായി മാറിയേക്കാം....

ഒരിയ്ക്കൽകൂടി നിനക്ക് ഞാനൊരു കത്തയയ്ക്കുന്നു

പ്രിയപ്പെട്ട പെൺകുട്ടീ....
ഒരിയ്ക്കൽകൂടി നിനക്ക്
ഞാനൊരു കത്തയയ്ക്കുന്നു..
എനിയ്ക്കറിയാം
നിനക്കിവിടെയഴുതണമെന്ന
ആശയൊന്നുമില്ലയെന്ന്
നീയിവിടെയെഴുതുന്നതെന്തിനെന്നും
എനിയ്ക്കറിയാം..
നിന്റെയനുവാദമില്ലാതെ
നിന്നെയേറ്റവും ദ്യേഷ്യപ്പെടുത്തും 
രീതിയിലൊളിപാർത്തിരിക്കും
കുറെ നിഴൽപ്പൂമരങ്ങളിവിടെയുണ്ട്...
നീയിവിടെ വിളിയ്ക്കാതെയെത്തുന്നു
എന്നവർ പറഞ്ഞുകൊണ്ടേയിരിക്കും...
പെൺകുട്ടീ;
നിന്റെയനുവാദമില്ലാതെയെന്തിനവർ
നിന്റെ ഭൂമിയുടെ വാതിൽപ്പടിയിൽ
നിൽക്കുന്നു എന്നു നീ ചോദിക്കുന്നത്
ന്യായം തന്നെ..
പക്ഷെ ഞങ്ങളെപ്പോലുള്ളവരെ
ചോദ്യം ചെയ്യുന്നവരെ 
ഞങ്ങൾക്ക് തീരെ പ്രിയമില്ല..
നിർഭാഗ്യവശാൽ നീ ഞങ്ങളെ
ചോദ്യം ചെയ്തുകൊണ്ടേയിരിക്കുന്നു..
അത് ഞങ്ങൾക്ക് തീരെ രസിക്കുന്നുമില്ല..
നിന്നെ തടുക്കാൻ ലോകത്തിന്റെയേതു
കോണിലുള്ളൊരായുധവും ഞങ്ങളുപയോഗിക്കും
മാനസികമായി നിന്നെയൊന്നുലയ്ക്കാനായ്
തന്നെയാണു നീയാരുമാവശ്യപ്പെടാതെ
വരുന്ന ചിത്രശലഭമെന്നൊക്കെ
ഞങ്ങൾ വിളിക്കുന്നത്..
നീ തളർന്നുപോവാത്തതെന്തെന്നോർത്ത്
ഞങ്ങൾക്കല്പം അതിശയവുമുണ്ട്...
അതോടൊപ്പം നീരസവും...
പ്രിയപ്പെട്ട പെൺകുട്ടീ...
നീ പറയുന്നതിലും ശരിയുണ്ടെന്നറിയാം
ന്യായമുണ്ടെന്നുമറിയാം..
അതൊന്നുമംഗീകരിക്കാൻ
ഞങ്ങളെപ്പോലുള്ളവർക്കാവില്ല...
നിന്റെ ഭൂമിയുടെ വാതിൽപ്പടിയിൽ 
ഞങ്ങൾ ശബ്ദഘോഷമുണ്ടാക്കുന്നിടത്തോളം കാലം
നീയും മറുകുറിപ്പുകളെഴുതുമെന്നുമറിയാം..


പ്രിയപ്പെട്ട കുട്ടീ..
ദയവായി നീയിനിയുമെഴുതാതിരിക്കുക
നീ പറയുന്ന കാര്യമെല്ലാം ശരിതന്നെയെങ്കിലും
ഇന്നിപ്പോൾ ഞങ്ങൾക്കാവശ്യമൊരു
വിജയം..

Tuesday, June 21, 2011

മേഘസന്ദേശം


പെൺകുട്ടീ...
നിനക്കൊരു കത്തെഴുതണമെന്നു
വിചാരിക്കുന്നു
നീ കരുതും പോലെയൊന്നുമല്ല പലതും
നിനക്കറിയാനാവാത്ത ഒരുപാരൊടുപാട്
അടിയൊഴുക്കുകളുണ്ടായിയെന്നറിയുക..
പിന്നെയെന്റെയുള്ളിലെ
കെട്ടുപിണഞ്ഞകുറെയേറെകുരുക്കുകളും
ഒരോന്നോരോന്നായിയഴിക്കുമ്പോഴതിൽ
വീണ്ടും കുരുങ്ങിപ്പോയി എന്റെയാത്മാവ്
പിന്നെ നിന്റെ ദുരന്തത്തിലൊരുനാൾ 
ഞാൻ ദു:ഖിച്ചിരുന്നു...
നിനക്ക് പരാതിപറയാനും
അശ്രുനീരൊഴുക്കാനും
പരിഭവപ്പെടാനും
മൂടുപടമിട്ടെങ്കിലും
ഒരു ഹൃദയവും ഞാൻ തന്നിരുന്നു
പക്ഷെ നീയതുടച്ചുലച്ചു 
നിന്റെ കടലിലേയ്ക്കെറിയുകയും ചെയ്തു..
പക്ഷെ ഇന്ന് നിന്നോടെനിക്ക് 
ദയയും പകയൊന്നുമില്ലയെന്നറിഞ്ഞാലും


ആൺകുട്ടീ...
നീയെഴുതിയ കത്തുകണ്ടു
നീയെന്റെ ഭൂമിയിൽ
അഗ്നിപർവതങ്ങൾ തീർത്തു
അണുസ്ഫോടനങ്ങൾ നടത്തി
പിന്നെയാൾക്കാരെചേർത്തോടിക്കാൻ
ശ്രമിച്ചു
എന്റെ കടലിലുപ്പുമാത്രമേയുള്ളുവെന്നുപറഞ്ഞു
എന്റെ ഭൂമിയിൽ വിളയുന്നത്
പതിരാണെന്നും പറഞ്ഞു.....
അതിനെയല്ലാം ഞാനൊരുറുമിതലപ്പാലെതിർക്കുകയും
ചെയ്തു..
എന്നെ വേദനിപ്പിക്കാനുമില്ലാതാക്കാനും
നീയുപയോഗിച്ച കഠിനപദങ്ങൾക്കെതിരായി
ഞാനും വാക്കുകൾ തിരഞ്ഞുകണ്ടുപിടിച്ചു..
പിന്നെ ചിലനേരങ്ങളിലാരോ
സഹായിക്കുന്നുണ്ടെന്നും 
തോന്നിയിരുന്നു..
അപ്പോഴേയ്ക്കുമീ ഭൂമിയ്ക്ക് മതിയായിരുന്നു
കൈയിലേന്തിയ ഉറുമിയും രണ്ടായി
മുറിഞ്ഞിരുന്നു...
ഒരോ പ്രാവശ്യവും നിന്നിൽ
നിന്നകലേയ്ക്കകലേയ്ക്ക്
പോകണമെന്നായിരുന്നു 
എന്റെ ഭൂമിയുടെയാഗ്രഹം..
പക്ഷെ എന്റെയീ ചെറിയ
ഭൂമിയെയാരോ വിലങ്ങിട്ടു
പിന്നോട്ടു വലിച്ചുകൊണ്ടേയിരുന്നു..
അത് നീയാണോ
നിന്റെ സൈന്യങ്ങളാണോയെന്നറിയില്ല
നിന്റെ സൈന്യങ്ങളോടെനിക്ക്
വലിയ പ്രിയമില്ല
അവരെകാണുമ്പോളെനിയ്ക്ക്
ചിരിയും വരാറുണ്ട്
അവരെന്തിനിങ്ങനെ കോലം 
തുള്ളുന്നുവെന്നുപോലും ചിലനേരങ്ങളിൽ
തോന്നിയിട്ടുണ്ട്...
പിന്നെ നിന്റെഹൃദയം 
നീ പറയും പോലെ ഞാനുടച്ചതല്ല
നിന്നോടുള്ള ദ്യേഷ്യം കൂടിതിരികെയോടിയപ്പോൾ
അറിയാതെ കൈതട്ടിയുടഞ്ഞുപോയി..
നിന്റെ കത്തിൽ നീയെഴുതിയതൊക്കെ
വിശ്വസിക്കണമോയെന്നനിക്കുമറിയില്ല..
സമാന്തരരേഖകളുടെയിരുവശവുമിരുന്ന്
ഇനി വിശ്വസിപ്പിക്കാനായെന്തിനൊരു
പാഴ്ശ്രമം..