Thursday, June 23, 2011

പെൺകുട്ടീ, നീയെഴുതുന്നതൊക്കെ ഞാൻ വായിക്കുന്നുണ്ട്


പെൺകുട്ടീ;
നീയെഴുതുന്നതൊക്കെ വായിക്കുന്നുണ്ട്....
പോയകാലത്തയെന്തിനിങ്ങനെ
നീ തിരികെ വിളിക്കുന്നുവെന്ന്
ചോദിക്കാനുള്ള അവകാശം
എനിക്കില്ലയെന്നറിയാം...
എങ്കിലുമൊന്നു പറയാം
എനിക്കിപ്പോൾ സുഖമെന്നു തന്നെ
ഞാൻ വിശ്വസിക്കുന്നു...
നിന്റെ മനസ്സിടയ്ക്കിടെ
പ്രക്ഷുബ്ധമാകുന്നുവന്നുമറിയാം..
അതിനു ഞാനുമൊരു
കാരണമായിരുന്നുവെന്നറിഞ്ഞതിൽ
ഖേദം തോന്നുന്നുമുണ്ട്.
അങ്ങനെയൊക്കെവന്നുപോയിയെന്ന്
കരുതി സമാധാനപ്പെടുക...
ഇന്നെന്റെയീ സന്തോഷത്തിനിടയിൽ
നീയിടയ്ക്കിടെ വന്നെഴുതുന്നത്
ഞാൻ കാട്ടിക്കൂട്ടിയ ചില അബദ്ധങ്ങൾ 
മൂലമാണെന്നുമെനിക്കറിയാം....
അന്നു ഞാനെന്നെപ്പറ്റി മാത്രമേ
ചിന്തിച്ചിരുന്നുള്ളൂ...
നീയും നിന്നെപ്പറ്റി മാത്രമേയന്ന്
ചിന്തിച്ചിരുന്നുള്ളുവെന്നും ഞാൻ വിശ്വസിക്കട്ടെ..
നിന്റെ വാതിൽപ്പടിയിൽ
നിന്നും പോകണമെന്ന് പല പ്രാവശ്യവും 
നീ പറഞ്ഞുവെന്നത് സത്യം തന്നെ..
അന്നു പക്ഷെ നിന്നെ തോൽപ്പിക്കാനും
ചുരുക്കിയൊതുക്കാനുമൊരാവേശം തോന്നി...
ഇന്നോർക്കുമ്പോളതൊന്നും
വേണ്ടായിരുന്നുവെന്നും തോന്നുന്നുണ്ട്...
ഇന്നെന്നെ സ്നേഹിക്കാൻ വേറൊരാളുണ്ട്
ഒന്നാം സമ്മാനം കിട്ടിയ ലോട്ടറിരസീതി
പോലെയെന്നെ സ്നേഹിക്കുന്ന ഒരാൾ..
നിനക്കൊരു പാടെഴുതാനുണ്ടെന്നറിയാം
നീയതെല്ലം ഒരു ഡയറിയിലെഴുതി
സൂക്ഷിക്കുക..
എഴുതിയെഴുതി നീയിങ്ങനെയാരണ്യകങ്ങളിലൂടെ
നടന്നുകൊണ്ടിരുന്നാൽ നീ കൊടും കാടിനുള്ളിൽ
അകപ്പെട്ടു പോയെന്നുമിരിക്കും...
പ്രിയപ്പെട്ട കുട്ടീ;
നിനക്ക് സമുദ്രതീരത്തിലൂടെ
നടക്കുന്നതല്ലേ എന്നും പ്രിയംകരമായിരുന്നത്...
ഒരു ചിപ്പിക്കുള്ളിൽ കടലിരമ്പുന്നതും
കേട്ടു നീയങ്ങനെ നടന്നാലും...

No comments:

Post a Comment