Saturday, June 25, 2011

നിനക്കറിയുമോ മഴയ്ക്കെന്നുമൊരു സാന്ത്വനലയമുണ്ട്


പ്രിയപ്പെട്ട കുട്ടീ;
നീയിങ്ങനെയെഴുതുന്നതെന്തിനെന്ന്
എനിക്ക് മനസ്സിലാവുന്നില്ല...
പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞുകഴിഞ്ഞു...
നീയെയ്യുന്ന ചിലവാക്കുകൾ
താങ്ങാനാവാത്തതു തന്നെ..
എന്നും നീയെന്തിനെന്നെപഴിചാരുന്നു 
പക്ഷെ കുറെ നാൾ ഞാനും നിന്നെ
വിമർശിച്ചുകൊണ്ടേയിരുന്നതിനാൽ
നിന്നോടൊന്നും പറയാനുമിന്നെനിക്കാവുന്നില്ല..
ഇങ്ങനെയെത്ര നാൾ പ്രിയപ്പെട്ടവളേ; 
ദയവായി നിർത്തുക 
നിന്റെ അവസ്ഥ എനിക്കറിയാം..
എന്റെയവസ്ഥയും നീ മനസ്സിലാക്കുക..
പ്രവചനാതീതമായ മേഖലകളിലൂടെ നീ
സഞ്ചരിക്കുന്നതിനാൽ
നിന്നോടൊന്നും പറയാനുമാവുന്നില്ല..
പ്രിയപ്പെട്ട കുട്ടി;
ഉപദേശങ്ങളെ നീ പണ്ടേപോലെ
ബഹുമാനിക്കുന്നില്ലയെന്നറിയാം..
അതിനുള്ള കാരണവും
പലപ്പോഴായി നീ തന്നെ പറഞ്ഞിരിക്കുന്നു..
അതെനിക്ക് മനസ്സിലാവുന്നുമുണ്ട്..
ആത്മാർഥമായി പറയുന്നു..
നിന്നോടെനിക്ക് ദ്യേഷമൊന്നുമില്ല
പക്ഷെ നീയെഴുതും കഠിനവാക്കുകൾ
അതല്പം അതിരുകവിയുന്നുവെന്നും 
തോന്നിതുടങ്ങിയിരിക്കുന്നു....
ഞാനുമെഴുതിയിരുന്നു പണ്ട് കഠിനപദങ്ങൾ
അതിലെനിയ്ക്ക് പശ്ചാത്താപവുമുണ്ട്..
കടലുകളുടെ കഥപറയും ശംഖുകളിൽ
നീയെഴുതി നിറച്ചാലും സർഗങ്ങളെ
നിനക്ക് ആത്മാർഥമായി നന്മ നേരുന്നു


പ്രിയപ്പെട്ടവനേ;
നിയെഴുതിയതൊക്കെയും വായിച്ചു..
ഇന്നു നിന്നോടു ഞാനെന്തുപറയുമെന്നോർത്തു 
വിഷമിക്കുമ്പോൾ മഴ പെയ്യാൻ തുടങ്ങിയിരുന്നു...
ഇടതടവില്ലാതെ....
വർഷകാലം വളരെ അടുത്തെത്തിയിരിക്കുന്നു...
പിന്നെയിന്ന് അനുവെന്നൊരു വിഭ്രമക്കുട്ടി
എഴുതിയ ബ്ളോഗ് കണ്ടു
ചിത്രശലഭങ്ങൾക്കിടയിലേയ്ക്ക്
തൂങ്ങിയാടുന്ന ഒരു കടവാവൽ
വന്നതുപോലൊരു അനുഭവമുണ്ടായി
അതു വായിച്ചപ്പോൾ..
പരിസ്ഥിതിസംരക്ഷണമെന്ന പേരിലൊരു
ഹാസ്യം..
ഒരു ഭംഗിയുമില്ലാതെയെന്തൊക്കെയോ
എഴുതിയിരിക്കുന്നു..
ഞാനിന്നിലെ ഭൂമിയിലെ
മനോഹരങ്ങളായ ഇരുപതു സ്ഥലങ്ങളെ 
വായിച്ചറിഞ്ഞു..
എത്ര മനോഹരമാണീ പ്രപഞ്ചമെന്ന്
നിന്നോട് പ്രത്യേകം പറയേണ്ടതില്ലല്ലോ..
മഴയുടെ സുഖമുള്ള സംഗീതമാണരികിൽ..
മഴയുടെ ഭംഗി 
പെയ്തുവീഴും പാതകളിൽ കാണാറേയില്ല..
 പ്രളയം പോലെ മുന്നിൽ കാണും
പാതയിലൂടെ നടക്കുമ്പോൾ രോഷമുണ്ടാവുമെനിക്ക്..
എത്ര മോശപ്പെട്ട രീതിയിലാണെല്ലായിടവും
പാതകളെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്..
എനിക്ക് മാത്രമല്ല പലർക്കുമതുണ്ടാവും...
കുടിലുകളിൽ ദരിദ്രദൈന്യം കാണുമ്പോഴും
ഈ രാജ്യത്തിന്റെ ദുരിതം കാണുമ്പോഴും
ആദ്യം ദേഷ്യമുണ്ടാവുക നിന്നെപ്പോലുള്ളവരോടുതന്നെ..
അത് നിനക്കിഷ്ടമുണ്ടാവില്ലയെന്നുമറിയാം..
പിന്നെയിതൊക്കെ കണ്ടും കേട്ടും
ലോകം ചുരുങ്ങുന്നതെങ്ങെനെയെന്നറിഞ്ഞു
കൊണ്ടിരിക്കുന്നു...
അല്ലെങ്കിലും പ്രദക്ഷിണവഴിയിലൊരു
ഗ്രഹവുമായി കൂട്ടിമുട്ടിയുടഞ്ഞുതീർന്നാൽ
പിന്നെയേതു ജീവനാണീ
ഭൂമിയിലില്ലാതെയാവുകയെന്നോർത്തു
ദു:ഖിക്കേണ്ടിയും വരില്ല....
ദു:ഖിക്കാനും, സ്വപ്നം കാണാനും
ആരെങ്കിലുമുണ്ടാവുമോ പിന്നെയിവിടെ?
വായിച്ചു മുഷിഞ്ഞിട്ടുണ്ടാവും നിനക്ക്..
മഴ പെയ്തുകൊണ്ടേയിരിക്കുന്നു..
നനയും പുൽനാമ്പുകൾ ഗ്രാമത്തിലേയുള്ളു...
നിനക്കറിയുമോ! 
മഴയ്ക്കെന്നുമൊരു സാന്ത്വനലയമുണ്ട്
ഹൃദയത്തെ ശാന്തിയിലേയ്ക്കുയർത്തുമൊരു
പ്രത്യേകലയം....


No comments:

Post a Comment