പെൺകുട്ടീ;
കത്തുകളുടെ ലോകം
നിന്റെ ഭൂമിയ്ക്ക് പരിചയപ്പെടുത്തിയത്
ഞാൻ തന്നെയെന്നു സമ്മതിക്കുന്നു...
പക്ഷെ നീ മറുകുറിപ്പെഴുതുമെന്നൊരിക്കലും
ഞാൻ കരുതിയില്ല..
നീ മറുകുറിപ്പെഴുതിയിരുന്നെങ്കിലാശിച്ചിരുന്നു
പക്ഷെ അതു സമ്മതിച്ചുതരാൻ
എന്റെ പ്രതിച്ഛായ എന്നെയനുവദിച്ചിരുന്നില്ല
അങ്ങനെയൊന്നൊനിക്കുണ്ടോയിന്നെന്ന്
നീ പുഞ്ചിരിയോടെ ചോദിച്ചേയ്ക്കാം
പക്ഷെ വളരെവളരെ കഷ്ടപ്പെട്ടാണിങ്ങനെയൊന്നു
മിനുക്കിയെടുത്തത്...
അതിനല്പം ആത്മവഞ്ചനയും ചെയ്യേണ്ടിവന്നു...
സത്യം പറയട്ടെ കുട്ടീ
ഇന്നിപ്പോൾ നിന്റെ കത്തുകൾ വായിക്കുന്നതിനെക്കാൾ
എനിക്കിഷ്ടം ഏതെങ്കിലുമൊരു നിശാവിരുന്നിൽ
പങ്കെടുക്കാനെന്നു പറയുന്നതിൽ
നിനക്ക് വിരോധമുണ്ടാകില്ല എന്നുകരുതുന്നു...
എന്റെയിപ്പോഴുള്ള കൂട്ടിനുമതൊക്ക തന്നെ പ്രിയം..
ആളുകളുടെയൊക്കയിടയിലങ്ങനെ തിളങ്ങുന്ന
വസ്ത്രമൊക്കെധരിച്ചങ്ങനെ നടക്കുന്നതാണിന്നെനിക്കിഷ്ടം
പണ്ടൊരുപക്ഷെ കവിതാലോകത്തിലൂടെ
നടക്കനൊരിഷ്ടമുണ്ടായിരുന്നു...
ഇന്നിപ്പോഴെല്ലാം മാറിയിരിക്കുന്നു..
കുട്ടീ നീ പറഞ്ഞേയ്ക്കാം
മായ, മരീചിക എന്നൊക്കെ
ശരി തന്നെ..
എതിരഭിപ്രായങ്ങളില്ല..
നിന്റെ മനസ്സിലെന്നോട് ഒരു നേരിയ
പകയുണ്ടോ എന്നു സംശയമുണ്ട്
അങ്ങനെയുണ്ടാവാനുള്ളതൊക്കെ
ഞാൻ ചെയ്തിട്ടുമുണ്ട്..
നീ അഭിമാനിയായതിനാൽ
ഒരു സഹായാഭ്യർഥനയുമായെന്റയരികിൽ
വരികയില്ലെന്നുമറിയാം..
നിന്റെ ശരി ഞാനറിയാതെ പോയി കുട്ടീ...
അതുപോലെയെന്റെ ശരി നീയുമറിയാതെ പോയി....
മറന്നേക്കുക..
ഒന്നു പറയുന്നു
നീ കത്തെഴുതാൻ പഠിച്ചിരിക്കുന്നു
മനസ്സിലുള്ളത് മുഴുവൻ തുറന്നുപറയാതിരിക്കുക
ചിലപ്പോഴത് നിന്നെതന്നെയും ഇല്ലാതാക്കിയേക്കാം...
ആൺകുട്ടീ;
നീയെഴുതിയ കത്തു കണ്ടു
സഹാനുഭൂതിയുടെ ഒരു ചില്ലയിലെ തളിർ
നീ തന്നെയൊരിക്കലടർത്തിക്കളഞ്ഞു
എനിയ്ക്കേറ്റവും പ്രിയപ്പെട്ടകവിതയുടെ
തളിരും നീയടർത്തി..
നിന്നോട് വളരെയധികം നീരസം തോന്നിയിരുന്നു
ഒരിക്കൽ..
എന്നോടും തോന്നിയിരുന്നു എനിയ്ക്ക് നീരസം.
നിന്നെപ്പോലൊരാളുടെ കവിതാവലയങ്ങളിൽ
അറിയാതെ വീണുപോയതിനെനിക്കെന്നോടു
തന്നെ ദ്യേഷ്യവുമായിരുന്നു...
എനിക്കെല്ലാദിനങ്ങളുമൊരു പോലെ
ഒരു ദിനത്തിനോടും പ്രപഞ്ചം
പ്രത്യേകത കാട്ടിയിട്ടില്ലെയന്നതറിയുക..
മനുഷ്യരാണെല്ലാറ്റിനെയും വിഭജിക്കുന്നത്....
എന്നിരുന്നാലുമെനിയ്ക്ക്
ഞായറാഴ്ചകളെയിഷ്ടപ്പെടാനൊരിക്കലുമായിരുന്നില്ല
ഒരു ഞായറാഴ്ചയാണെന്റയച്ഛൻ തീവ്രപരിചരിണവും,
മൃത്യുജ്ഞയമന്ത്രവും മറന്നുറങ്ങിപ്പോയത്..
കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ 27, 1987
അന്ന് വിശാഖനക്ഷത്രം...
പ്രിയമുള്ളവനെ;
നിനക്ക് പ്രിയമുള്ളതിനെ നീയുയർത്തിയേക്കാം
പ്രകീർത്തിച്ചേക്കാം...
പക്ഷെ എനിയ്ക്കിഷ്ടം
മഹത്വമുള്ളതിനെയയുർത്താനാണെന്നറിയുക..
സഹാനുഭൂതിയുടെ ചില്ലകളിലെ തളിരോരോന്നായടർത്തും
പ്രവർത്തികളുണ്ടാക്കിയ വിടവുകളുടെ
ദൂരം വളർന്നുവലുതാവുന്നുവല്ലേ....
എഴുതിതീർക്കാനാവാത്തൊരു
പുസ്തകമായെന്റെ ഹൃദയം
സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു
ആ സ്പന്ദനതാളത്തിലെയോരോ
വാക്കുമെന്റെ വിരലിലോടിക്കളിക്കുമ്പോൾ
എഴുതാതിരിക്കാനുമെനിക്കാവുന്നില്ലല്ലോ....
No comments:
Post a Comment