Tuesday, September 6, 2011

ഉപ്പുതരിവീണ വചനങ്ങൾക്കപ്പുറം..


അവനു ദേഷ്യം വന്നപ്പോൾ
അവനെന്തൊക്കെയോ ചെയ്തു..
ചെയ്തുപോയതാവും..
പക്ഷെ ദേഷ്യം വരുമ്പോൾ
മറ്റുള്ളവരെ പലേ പേരും
വിളിക്കാനൊരു മൈതാനവും
അവൻ പണിതിട്ടുപോയി...
അതിലിരുന്നുപലരും 
കവടികളിക്കുന്നു,
കല്ലെറിയുന്നു..
അവനോ പൗഡർ പൂശി
പുതിയ കുപ്പായമിട്ട്
പൂർവപശ്ചിമദക്ഷിണോത്തര
ദിക്കുകളിലൂടെ
പറന്നു നടക്കുന്നു...
ദേഷ്യം വരുമ്പോൾ
അവൻപറഞ്ഞതിനെക്കാൾ
ഇത്തിരികടുപ്പത്തിലെഴുതി
ഭൂമിയുടെ വിരലും ഇത്തിരി
കനത്തിരിക്കുന്നു
പൂച്ചേ പട്ടീ എന്നുവിളിക്കുന്നത്
അവന്റെ സംസ്ക്കാരമെന്ന്
പിന്നീടു മനസ്സിലായി...
തിരിച്ചങ്ങോട്ട് മൂങ്ങേ, മൂങ്ങാമുഖി
എന്നു വിളിച്ചുകൊണ്ടേയിരുന്നാൽ
ഗുണവുമുണ്ടാവില്ല..
ദേഷ്യം വന്നുപോയാലുണ്ടാവും
കുരുക്കുമുഴുവൻ ചുറ്റിവലഞ്ഞിപ്പോൾ
ദേഷ്യം വരാതിരിക്കാനെന്തു
മാർഗമെന്നാലോചിച്ച്
ഈ ഓണവുമില്ലാതെയായിരിക്കുന്നു...
അവനു ദേഷ്യം വന്നപ്പോൾ
അവനെന്തൊക്കെയോ ചെയ്തു
ചെയ്തുപോയതാവും
ഭൂമിയ്ക്ക് ദേഷ്യം വന്നപ്പോൾ
ഭൂമിയുമെഴുതി
എഴുതിപ്പോയതാവും....
അതിനിടയിലാതർജിമക്കാരന്റെ
ഉപ്പുതരിവീണ വചനങ്ങൾ..
ദൈവമേ !
നിന്നോടു ഞാൻ
ഈ ഭയാനകലോകെമെന്തെന്ന്
കാട്ടിത്തരാൻ പറഞ്ഞതേ
തെറ്റ്...

Thursday, August 25, 2011

പ്രധാനപയ്യൻസ്






ഉപദ്വീപിലെ 
ഇന്നത്തെ
പ്രധാനപയ്യൻസ്
ഹസാരെ.....
ശുദ്ധഗാന്ധിയൻ..






ഈ പ്രധാനപയ്യൻസിനരികി
നിയമം തെറ്റിനിലകൊണ്ട
രാജസിംഹാസനത്തിൻ
വാഹനമെടുത്തുനീക്കിയ
ഐക്യരാഷ്ടസഭയാദരിച്ച
രക്ഷാകവചം..
പ്രധാനപയ്യൻസിനെ
ജനം വിശ്വസിക്കുന്നു..
ഒരിയ്ക്കൽ വിശ്വാസ്യതയർപ്പിച്ച
പരമോന്നതമണ്ഡപത്തെക്കാൾ
ജനകുലമിവരോടൊപ്പം...
എങ്കിലുമൊരുപഴയകാല
മലയാളചലച്ചിത്രമെന്നപോൽ
ഈ പ്രധാനപയ്യൻസിനു
പിന്നിലാരെങ്കിലുമുണ്ടാകുമോ??
ചിലരെഴുതുന്നു
സംശയങ്ങൾ..
പ്രളയകാലത്തൊരു
പുൽനാമ്പുമായെത്തിയ
ഇവരുണർത്തും
ജനകുലത്തിൻ
ഹൃദ്സ്പന്ദനങ്ങൾ
അതിശയകരം..
എങ്കിലുമെങ്കിലും
പാലിക്കപ്പെടാതെപോകും
അനേകമനേകം 
നിയമരേഖകളുറങ്ങും
നീതിവ്യവസ്ഥയുടെ
പുസ്തകതാളിലീ
രസീതിപ്പാടുമൊന്നുമറിയാതെ
മാഞ്ഞുപോവുമോ 
ഒരു നാൾ..


Tuesday, August 23, 2011

ദൈവമേ നിനക്കൊരു കത്തയയ്ക്കുന്നു



കടലോരത്തെ 
നനുത്ത മണ്ണിലിരുന്ന്
ദൈവമേ!
നിനക്കൊരു കത്തയയ്ക്കുന്നു
മനസ്സിനെയൊരു
മൃദുവാം പൂവിതളാക്കാൻ
എഴുതിതുടങ്ങിയാൽ
അതൊരനിഷ്ടക്കേടിലെത്തും
അതിനാൽനിറഞ്ഞൊഴുകും
മഴതുള്ളിയിൽ മൂടി
നിനക്ക് മാത്രമറിയും 
ലിപിയിലെഴുതുന്നു...
ദൈവമേ ..
വായിച്ചാലും..


;;;;;;;;;;;;;
..............
!!!!!!!!!!!!
..............
;;;;;;;;;;;;
;;;;;;;;;;;;
;;;;;;;;;;;;
;;;;;;;;;;;;
!!!!!!!!!!!!
!!!!!!!!!!!







Sunday, August 21, 2011

അന്നും ഭൂമിയെഴുതി...


കവിതയെസ്നേഹിച്ച
ഭൂമിയുടെയരികിലെത്തി
കുറെപ്പേർ പറഞ്ഞു
കവിത മനോഹരം
അന്നും ഭൂമിയെഴുതി...
പിന്നീടുകുറെപ്പേർ വന്ന്
അപഹസിച്ചു ..
അന്നും ഭൂമിയെഴുതി..
പിന്നെ കുറെപ്പേർ വന്നുപറഞ്ഞു
ഇല്ലാതാക്കുമെന്ന്
അന്നും ഭൂമിയെഴുതി..
പിന്നെ കുറെപ്പേർ കല്ലെറിഞ്ഞു
അന്നും ഭൂമിയെഴുതി
പിന്നെ കുറെപേർ 
കൂട്ടം കൂടി പ്രതികാരം ചെയ്തു
അന്നും ഭൂമിയെഴുതി..
പിന്നെകുറെപ്പേർ 
തണുത്തവിപ്ലവഗാനം പാടി
അന്നും ഭൂമിയെഴുതി..
പിന്നെകുറെപേർ മുഖാവരണമിട്ട്
അവരുടെ മനസ്സിലെ
മാറാലയാൽ ഭൂമിയിൽ കോറിവരച്ചു
അന്നും ഭൂമിയെഴുതി...
പിന്നെ കുറെപേർ ഭൂമിയെ
അമ്ലലായനി തൂവി പരീക്ഷിച്ചു
അന്നും ഭൂമിയെഴുതി..
പിന്നെകുറെപേർ ഭൂമിയെ
ചില്ലുകൂടിലാക്കി..
അവിടെയിരുന്നും ഭൂമിയെഴുതി
പിന്നെകുറെപേർ ഭൂമിയെ
സ്നേഹിച്ചും, ദ്രോഹിച്ചും
ഇല്ലായ്മചെയ്യാനൊരുങ്ങി..
അന്നും ഭൂമിയെഴുതി...
കല്ലും, മുള്ളും പൂവും വീണ
വഴിയിലും ഭൂമിയെഴുതി
എന്തുകൊണ്ടെന്നാൽ
മുഖാവരണങ്ങളുടെ 
ന്യായപീഠത്തിനരികിലും
സ്വർഗവാതിലിൽ നിന്നൊഴുകും
കെടാവിളക്കിൻ പ്രകാശമായിരുന്നു
ഭൂമിയുടെ മനസ്സിൽ.....

Wednesday, August 17, 2011

സാന്റിയാഗോയിലെ നനുത്ത മൺതരികളിൽ


സാന്റിയാഗോയിലെ 
നനുത്ത മൺതരികളിൽ കവിതയുണ്ടാവാം
നെഫ്റ്റാലി റിക്കാർഡോ റെയസ് ബസോട്ടോ
കവിതയിലലിഞ്ഞ്
ജാൻ നെരൂദയിലൂടെയൊഴുകി
പാബ്ളോ നെരൂദയായെഴുതിയ
മനോഹരമാം കവിതകൾ..
നെരൂദയെയറിയാൻ
കടുംതുടിയേറ്റും
പരിവർത്തനത്തിലലിയേണ്ടതില്ല...
വെൺചുമരുകളിലൂടെയതൊഴുകും
ഹൃദയത്തിലേയ്ക്ക്
കടുത്ത കല്ലിൽ തട്ടിയൊഴുകും
മഴതുള്ളിപോൽ...
പിന്നെയതൊരു
കടൽശംഖിൽ
സൂക്ഷിക്കും സമുദ്രം...
സ്മാരകമന്ദിരങ്ങൾക്കരികിൽ
നിന്റെ തുലാസിൻ കൃത്രിമതൂക്കത്തിൽ
മനം നൊന്ത് 
തണുത്ത ശവകൂടീരത്തിനുള്ളിൽ
ഹൃദയം പൊട്ടി കരയുന്നുണ്ടാവും 
നെഫ്റ്റാലി റിക്കാർഡോ റെയസ് ബസോട്ടോ...