Sunday, August 7, 2011

ടാഗോറും നെരൂദയും ജീവിച്ചിരുന്നുവെങ്കിൽ


തട്ടിതൂവുമൊരുകുടം
ആത്മരോഷത്തിനൊടുവിൽ
നീ പറഞ്ഞുകൊണ്ടേയിരിക്കുന്നു
നിന്റെ ശേഷിപ്പുകൾ മികച്ചവയെന്ന്..
അങ്ങനെതന്നെയിരിക്കട്ടെ...
ലോകത്തിലിനിയെന്തെങ്കിലും
വിഭജിച്ചുതീർപ്പെഴുതാനുണ്ടാവുമോ
നിന്റെ കൈയിൽ....
എന്റെകൈയിലുമുണ്ട്
കടലാസ്തുണ്ടുകൾ
ഒന്നാം പാഠത്തിലെഴുതിനിറച്ചോരക്ഷരങ്ങൾ
ചിത്രശലഭങ്ങളുടെ കഥകളാവാം..
എങ്കിലുമെനിക്കവയെല്ലാം പ്രിയം..
നിന്നെപ്പോലെയരങ്ങിലെല്ലാം
എന്റെമികച്ച സൃഷ്ടികാണൂ, കാണൂ
എന്നൊരു ചൂണ്ടുപലകയുമായ്
നിൽക്കുകയെന്നതരോചകമെനിക്ക്...
ചുമന്നുതുടുക്കട്ടെയരങ്ങുകൾ
ചെഗുവേരെയെപ്പോലൊരു
വിപ്ലവഗാനമെഴുതാനെനിക്കാവില്ല...
മൃദുവായൊരക്ഷരങ്ങൾക്കരികിലേയ്ക്ക്
കൽച്ചീളുകൾവീണിരിക്കുന്നു..
അതെടുത്തുമാറ്റും ശബ്ദമേ 
നീ കേൾക്കുന്നുള്ളൂ...
ടാഗോറും നെരൂദയും
ജീവിച്ചിരുന്നുവെങ്കിൽ
അതൊരുപക്ഷേയവരറിഞ്ഞേനേ..
ഉദാത്തസൃഷ്ടികളെഴുതുന്നവർക്കേ
അതുമനസ്സിലാക്കാനാവൂ..
എഴുതുന്നതെല്ലാം മികച്ചവയെന്നെഴുതി
ചൂണ്ടുപലകയുമായ്
നിൽക്കേണ്ടെതായൊരാവശ്യം 
അവർക്കുണ്ടായിട്ടില്ലയെന്നത്
അവരുടെ സൃഷ്ടികർമ്മത്തിലൂടെ
നീങ്ങുമ്പോഴറിയാനുമാവുന്നു....

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. Hina Rabbani's Hermes Birkin Bag പോലെ
    ചൂണ്ടുപലകയിലൊരു ചുമന്ന ഓട്ടോറിക്ഷ കണ്ടു ഒരുനാൾ...
    ദൈവമേ ഇങ്ങനെയും ഒരു ലോകമുണ്ടോ?
    ദൈവത്തോടു ചോദിച്ചപ്പോൾ ദൈവമൊന്നു
    ചിരിച്ചു. എനിയ്ക്കും ചിരിവന്നു...
    Gayatri
    Gud One Ajay

    ReplyDelete