Monday, February 21, 2011

ഉണർന്നെഴുനേൽക്കുമ്പോഴേയ്ക്കും ഋതുക്കൾ മാറിയിരിക്കും


സംശയിക്കേണ്ട
എഴുതിതീർക്കാനാവാത്ത
കഥാപുസ്തകമായി ജീവിതം
അതങ്ങെനെയൊന്നടച്ചുപൂട്ടും
പൂട്ടിയിട്ട താഴിലുടക്കിവലിക്കുന്നു
മുൾക്കമ്പികൾ..
എന്നിട്ടുമെന്തേ നക്ഷത്രമിഴിയിലെ
പ്രകാശമങ്ങനെതന്നെ ജ്വലിക്കുന്നു
വീണുടഞ്ഞൊതൊരു മൺവിളക്ക്
പ്രകാശത്തിനുടയാനാവുമോ
ഇല്ലെന്നുപറയുന്നു
വെളിച്ചം സൂക്ഷിക്കുന്ന വിളക്കുകൾ
കെട്ടിപ്പൂട്ടിയെത്ര നാളൊളിക്കുമൊരു
പകലിനെ..
ഭൂചക്രങ്ങളിൽ തിരിയും
ഋതുക്കളെയെത്രനാൾ
മുൾവേലികെട്ടി തടയും 
മദ്ധ്യാഹ്നവെയിലിൽ കത്തിയാളും നിഴലുകൾ
സായാഹ്നത്തിനസ്തമയത്തിൽ മായും....
സംശയിക്കേണ്ട
ഉണർന്നെണീക്കുമ്പോഴേയ്ക്കും
ഋതുക്കൾ മാറിയിരിക്കും
നാഴികമണിയിലെ നിമിഷങ്ങളും,
കാലവും മാറിയിരിക്കും
പിന്നെയിന്നലൊയൊരു മഴപെയ്തു
അതുമപ്രതീക്ഷിതം..
ശംഖിൽ നിന്നുമൊഴുകുമീ
കടലെന്തേയിങ്ങനെ
അതിനൊരു മാറ്റവുമില്ലല്ലോ..
എങ്കിലുമറിയാം
ഉണർന്നെഴുനേൽക്കുമ്പോഴേയ്ക്കും
ഋതുക്കൾ മാറിയിരിക്കും..
പലതും മാറിയിരിക്കും...

No comments:

Post a Comment