എല്ലാവരുമങ്ങനെതന്നെ
സംശയം വേണ്ടിനിയും
പുതിയ ഉദ്യാനമൊരുക്കുമ്പോൾ
അതിനുഭംഗികൂടുമെന്നങ്ങ് വിശ്വസിക്കും
അതിനെതിരുപറയുന്നോരോട്
വിരോധമുണ്ടാകാം.....
അതിനൊരു പഴിപറയുകല്ല....
അതങ്ങനെയെന്ന്പറയാനാവുന്നില്ലല്ലോ
പിന്നെയാ വാർത്തലോകത്തിലെ
പദ്മശ്രീയൊന്നുമാവശ്യമില്ലിവിടെ
മറക്കാനുള്ള പാഠങ്ങളെഴുതിയോരെപ്പോലെയോ
ചതുരംഗക്കളത്തിലെ കരുക്കൾ
പോലെയവിടെയുമിവിടെയുമെഴുതി
ദിനാന്ത്യം ഹോമിക്കുന്ന
പേരിനുമാത്രമൊരു ശോഭയുള്ള
മഷിപ്പാടാകാനുമാഗ്രഹമിവിടെയാർക്കുമില്ലല്ലോ
കനലു പോലെ ഓറഞ്ചു പോലെയൊരു
ഭൂമിയെന്ന് നെരൂദയെഴുതി.
അതിലൊരു മനോഹാരിത കാണുന്നു
ഈ ഭൂമിയിലിരുന്ന് പറയാം
ടാഗോറിനെയൊന്ന് കാണാൻ
കഴിഞ്ഞിരുന്നെങ്കിൽ...
അങ്ങനെയൊരാഗ്രഹമുണ്ട്
അതിനൊരു നൂറ്റാണ്ടും കടന്ന്
പിന്നോട്ടുപോകണം
അതിനാവില്ലല്ലോ...
ചെറിയ മനസ്സിന്റെയകത്തളത്തിലിരുന്ന്
ചിന്തിയ്ക്കുമ്പോളൊരുപാട്
മഹത്വം പലർക്കും തോന്നിയേക്കാം
ഒരു ഇലയനങ്ങുന്നതും
ഭൂമിയെന്ത് നേടി, നേടും എന്നൊക്കയങ്ങ്
തീർച്ചപ്പെടുത്താനുള്ള വിധി
അതങ്ങ് സ്വർഗവാതിലുകൾക്കുള്ളതല്ലേ
ഒന്നും നേടാതിരിക്കാനല്ലേ
നിഴലുകളെ ചുറ്റും മേയാനായ് വിട്ടത്...
ഇവിടെ നിഴൽ പരത്തിയെന്തിനിനിയും
പിന്നിലൊളിക്കുന്നുവെന്ന് ചോദിയ്ക്കാനുള്ള
ഒരു കടം ബാക്കിയുണ്ടല്ലോ
അതും മറന്നുവെന്നങ്ങഭിനയിയ്ക്കാൻ
കനലു പോലെ ഓറഞ്ചുനിറമുള്ള
ഭൂമിയ്ക്കാവുന്നില്ലല്ലോ...
No comments:
Post a Comment