അതങ്ങനെയേ വരൂ
ന്യായീകരിച്ചും ന്യായമെഴുതിയും
വിധിത്രാസുകളൊരു വശത്തേയ്ക്ക്
താഴ്ന്നുകൊണ്ടേയിരിക്കും
അതങ്ങനെ തന്നെയാവട്ടെ
മിഴിയടച്ചുപൂട്ടിയ നീതിദേവതയ്ക്കൊന്നും
കാണാനാവില്ലല്ലോ...
വിരലുകളിലുറങ്ങിയുണരുന്ന
വാക്കുകൾ ചിലപ്പോളൊരു
സു:സ്വപ്നത്തിലുണർന്നേക്കാം
ചിലപ്പോളതിലൊരഗ്നിപർവതം
പൂത്തെന്നുമിരിക്കും
ചിലപ്പോളതിലൊരു വസന്തമുണർന്നേക്കാം
ശിശിരം മഞ്ഞുതുള്ളികളിലിറ്റിച്ചേയ്ക്കാം
ചിറകെട്ടി നിർത്താനാവാതെ
ചിന്തകളിൽ നിന്നൊഴുകിയേക്കാമൊരു കടൽ..
അതിനൊക്കൊയിത്രയൊച്ചപ്പാടുണ്ടാക്കിയിട്ടെന്തു
കാര്യം..
പാടങ്ങളൊക്കൊയെന്നേ നികന്നു..
പാലങ്ങളിടറിവീണു..
എന്നിട്ടുമെന്തേയീ ഋതുക്കളതറിയാതെ
ഒന്നുമറിയാതെ വീണ്ടും
ഊഞ്ഞാൽപ്പടിയിലിരുന്നെഴുതുന്നു..
സ്വർണ്ണനൂലുകളിൽ നക്ഷത്രങ്ങൾ നെയ്ത
പട്ടുപുടവചുറ്റിയ സന്ധയെ കാണുന്നില്ലേ..
പിന്നെയുമാരാണാവോ
കടൽത്തീരമണലിലൊരു
പടകുടീരമൊരുക്കുന്നത്?
പരിഭാഷയുടെ ഗർജനമേ
മിഴിപൂട്ടിയ നീതിദേവത കൂട്ടിനായില്ലേ
പിന്നെയെന്തിനിങ്ങനെയൊരാരവം...
ഉണർത്തുപാടും ശംഖിനുള്ളിൽ
നിന്നൊഴുകുന്നതൊരു കടലല്ലേ....
No comments:
Post a Comment