വീണ്ടും പറയാം
അറിയുന്ന കാര്യങ്ങൾ തന്നെ
രാവിലെയെഴുനേറ്റാലിത്തിരി
കാപ്പിയിടും
ഫിൽട്ടറിൽ
ചിക്മഗ്ളൂരിലെ ഒരു കൂട്ട്
കാപ്പിയും ചിക്കോരിയും
പിന്നെ കിഴക്കൻ മലകളിലെ
തേയിലയും...
അതിനിടയിൽ എഴുതിയെന്നുമിരിക്കും...
പാൽപ്പാത്രത്തിൽ പാൽ തിളച്ചു തൂവും
പരിമിതികിളില്ലാതെ തുടരുന്നവ
അകത്തെ മാന്യതയിത്തിരി കൂടുതൽ
ആളെക്കൂട്ടിയപമാനിച്ചിട്ടില്ല
അതുചെയ്തവരോടെന്തുപറയാൻ
വിശ്വസ്തതയുടെ കഥയോ
സ്നേഹത്തിന്റെയോ
എല്ലാമറിയുമെന്നുമിനിയെന്തറിയാനെന്നും
തീർച്ചപ്പെടുത്താൻ വരട്ടെ
പണിപ്പുരയിലെ കടലാസുതുണ്ടുകളുടെ
ഭൂമിയോടുള്ള പക തീറെഴുതി കിട്ടിയ
പ്രകീർത്തനമുദ്രപതിഞ്ഞ
മുഖം കാണുമ്പോൾ
ചിലർക്ക് തോന്നിയേക്കാം
എന്തോ വലിയ സംഭവമെന്ന്
അങ്ങനെയക്കൊയല്ലേ ലോകം
ഒതുക്കിപ്പറഞ്ഞാലാർക്കുമൊന്നും
മനസ്സിലാവില്ല
മനസ്സിലാവാത്തതിനെ ചുരുട്ടിയൊതുക്കി
കുരുക്കിക്കെട്ടിയൊരു വിലങ്ങിട്ടു വയ്ക്കും
പിന്നെയാവിലങ്ങഴിക്കാനാവില്ല
ഒരാളെ വിലങ്ങിടുന്നതിനു
മുന്നേയൊരുപാടാലോചിക്കണം
വർഷങ്ങളുടെ പരിചയബോധത്തെപ്പറ്റി
നിമിഷങ്ങളുടെ നിരർഥകതയെപ്പറ്റി
കൈയിലെ ജീവന്റെയൊരു തുള്ളിയമൃതിനെപ്പറ്റി
അതില്ലാതാവുന്ന ദിനങ്ങളെപ്പറ്റി...
സ്നേഹത്തിന്റെ യഥാർഥഭാഷയെഴുതി
ഹൃദയത്തിലിട്ടു തന്നതൊരാൾ
അമ്മ
മരണത്തിന്റെ നിറം പുകഞ്ഞ നാളിലെത്രയാശിച്ചു
ആ അമ്മയൊന്ന് പുനർജനിച്ചെങ്കിൽ...
ജനനമരണങ്ങളുടെ യാത്രാവഴിയിൽ
കഥയെഴുതിയെഴുതി പകുത്തെടുത്ത
പണസഞ്ചിയിൽ കിലുങ്ങുന്നത്
എന്താണാവോ??
എഴുതിയെഴുതി ശിരസ്സിൽ വീണ മുറിവുണങ്ങി
പക്ഷെ മുറിപ്പാടതേപടിയുണ്ട്
മായ്ച്ചിട്ടും മായ്ച്ചിട്ടും മായാതെ
അതിനാലാവും അവിടെയുമൊരു
മുറിപ്പാട് വീണത്
മരിക്കുവോളം കൂട്ടിനായ്...
എല്ലാമറിയുമെന്നങ്ങ് തീർച്ചപ്പെടുത്തരുത്
എല്ലാമറിയുമെന്ന്
പറയുന്നവർക്കൊന്നുമറിയില്ല
എന്നരികിലിരുന്ന് പറയുന്നു
സ്വർഗവാതിലുകൾ...
സ്വർഗവാതിലുകളെയളക്കാനൊരു
തുലാസു കൈയിലുണ്ടോ?
ഒരഹം ബോധഭാവമല്ലാതെയെന്തുണ്ട്
മനുഷ്യന്റെ കൈയിൽ
പടിവാതിലിൽ മഞ്ഞുപാളികളികൾക്കിടയിൽ
സത്യമുറയട്ടെ...
പുതിയ ചില്ലുകൂടുകൾ പണിതിടാം
മിഴിയിൽ നക്ഷത്രങ്ങൾ മിന്നുമ്പോഴും
മിന്നാമിനുങ്ങുകളെയാണരികിൽ
പലരും കാണുക...
മിഴിയടച്ചിരുട്ടാക്കിയിരിക്കാം
പിന്നെയൊന്നും കാണേണ്ടതില്ലല്ലോ....
No comments:
Post a Comment