Wednesday, June 15, 2011

ദിനങ്ങൾ പിന്നോട്ടു നടക്കുന്നുവോ??


ദിനങ്ങൾ 
പിന്നോട്ടു നടക്കുന്നുവെന്നു കരുതുന്നുവോ..
മുന്നോട്ടുവയ്ക്കും കാല്പദങ്ങളിലൊരു
നിഴലാട്ടം
അതിനാലാവാം മുന്നിൽ
വീണ്ടും ചരിത്രമിതൾനീർത്തുന്നത്..
വർഷങ്ങൾക്കും മുന്നേയാവാം
അന്നെത്രയോ പറഞ്ഞു
നിഴലനക്കങ്ങൾ വേണ്ടയെന്ന്
അന്നതൊന്നും കേൾക്കാൻ
കിരീടങ്ങൾക്കായില്ല
സാമ്രാജ്യങ്ങൾക്കുമായില്ല
ആനതേർകുതിരപ്പടയുമായ്
അശ്വമേധത്തിനൊരുങ്ങിയപ്പോൾ
കിരീടമേറ്റിയ ശിരസ്സിനുള്ളിലെ
മനസ്സാക്ഷിയുടെ 
ശബ്ദമാരവങ്ങളിൽ
മങ്ങിയിട്ടുണ്ടാവാം
പിച്ചകപ്പൂമണവുമായ് വന്ന
കാറ്റെങ്ങനെ കാടുലലച്ചുവെന്നത്ഭുതപ്പെടുന്നുവോ?
പഴിചാരിയവിടെയുമിവിടെയുമൊരായുധപ്പുരയിൽ
പണയമായിട്ടേക്കാമിനി മനസ്സാക്ഷി..
എത്ര മഴക്കാലങ്ങളിലൊഴുകിയാലാവും
പൊൻതുട്ടുകൾക്കായെഴുതുമാൾരൂപങ്ങളുടെ
മനസ്സൊരു മണൽക്കാടുമായിരിക്കും..
നനുത്ത സമുദ്രതീരങ്ങളിൽ
എത്രയോ മനോഹരമീ
കാവ്യസന്ധ്യകൾ..
ഒളിപാർക്കും മിഴികൾക്കരികിൽ
പിന്നോട്ടോടുന്നതാരോ
ഓർമ്മകളോ, ഓർമ്മപ്പിശകുകളോ


1 comment:

  1. ഉം ,,,,, ആവോ ......സുഹൃത്തെ ഭാവുകങ്ങള്‍ ..

    ReplyDelete