Wednesday, June 15, 2011

സംസ്കൃതികൾ


യുഗങ്ങൾ
അശാന്തമായൊഴുകിയതവിടെയായിരുന്നുവോ?
ടൈഗ്രിസിനും, യൂഫ്രേട്ട്സിനുമിടയിൽ.......
സംസ്കൃതികൾ ചലനമറ്റതുമവിടെയോ?
പർവതഗുഹകളിൽ,
തകരുമവശിഷ്ടങ്ങളിൽ
കാലം തിരയുന്നതെന്താണാവോ?
താഴുകളിൽ പൂട്ടിസൂക്ഷിക്കും
മുറിവിൻപാടുകളായവയെല്ലാം
ചുരുങ്ങിയൊരു പുരസ്ക്കാരത്തിൻ 
ശില്പരൂപമായും മാറിയിരിക്കുന്നു
അഭിനയരുപങ്ങൾക്കാത്മദു:ഖമുണ്ടാവുമോ?
ശില്പങ്ങൾക്കുമതുമുണ്ടാവില്ല 
നിർണയരേഖയുടെയതിരുകളെന്തേ
അശാന്തം.....
യുഗങ്ങളോ ചിറകടിച്ചുനീങ്ങുന്നു
പർവതങ്ങളാൽ വിലങ്ങുവീണ
രാജ്യാതിർത്തിയിലും പുകയേറുന്നു
തകർന്നുവീണ ഇഷ്ടികച്ചുമരുകളിൽ
ചിന്തേരിട്ടു നീങ്ങുന്നു വിസ്മൃതി
ഗംഗയുടെ ദു:ഖം ഒരുപവാസം....
പിൻതിരിഞ്ഞോടും പെരുമയോ
പുനർജനിമന്ത്രം തെറ്റിപ്പാടുന്നു....
നീർതുള്ളിയുമായ് മഴയൊഴുകുമ്പോൾ
ഏതു സംസ്കൃതിയുടെയവശിഷ്ടങ്ങളായ്
മാറും ഒരു ഋതു....

1 comment:

  1. യുഗങ്ങളോ ചിറകടിച്ചുനീങ്ങുന്നു
    പർവതങ്ങളാൽ വിലങ്ങുവീണ
    രാജ്യാതിർത്തിയിലും പുകയേറുന്നു
    തകർന്നുവീണ ഇഷ്ടികച്ചുമരുകളിൽ
    ചിന്തേരിട്ടു നീങ്ങുന്നു വിസ്മൃതി
    ഗംഗയുടെ ദു:ഖം ഒരുപവാസം....
    പിൻതിരിഞ്ഞോടും പെരുമയോ
    പുനർജനിമന്ത്രം തെറ്റിപ്പാടുന്നു....
    നീർതുള്ളിയുമായ് മഴയൊഴുകുമ്പോൾ
    ഏതു സംസ്കൃതിയുടെയവശിഷ്ടങ്ങളായ്
    മാറും ഒരു ഋതു....gooddddd

    ReplyDelete