ആലക്തികദീപങ്ങളിൽ
മങ്ങിയ സായാഹത്തിന്റെ
തിരക്കിൽ സ്വരുക്കൂട്ടും മൊഴികളിൽ
മാഞ്ഞുമാഞ്ഞുപോകുന്നു
ചെമ്പകപ്പൂവുകളുടെ സുഗന്ധം
അകലെയകലെ പരവതാനിയിലൂടെ
നടന്നൊരാൾക്കൂട്ടത്തിനായ്
ഒരേകാന്തകവിയുടെ സ്മാരകാവശിഷ്ടങ്ങളെ
എഴുതിയെഴുതിയൊരന്തപ്പുരത്തിലേയ്ക്കാനയിച്ച്
പുരസ്ക്കാരമായൊരു പൊന്നാടതേടും
മേഘകൗതുകമേ!
ഇതു തന്നെയോ സന്ദേശകാവ്യങ്ങൾ?
അരുളപ്പാടുകളുടെ അനിയന്ത്രിതമാം
പെരുമകളിൽ
മഹത്വം നഷ്ടമായതെന്തിനോ?
പ്രദക്ഷിണവഴികളുലഞ്ഞ
ഗ്രഹങ്ങളിലെയസന്തുഷ്ടിയോ
പ്രകടമായ ഋതുഭേദങ്ങൾ...
പ്രദോഷസന്ധ്യയിൽ
കാണാകുന്നു
ത്രിനേത്രം മൂടും വിഭൂതി....
പിന്നെ അഗ്നി
അയനിയിലെന്നുമുറങ്ങുവാനാവുമോ
അഗ്നിയ്ക്ക്?
ദശാന്തരങ്ങളുടെ നിസംഗമായ
ദലമർമ്മരങ്ങളിൽ
തുളുമ്പുന്നുവോ ഒരു മഴത്തുള്ളി....
No comments:
Post a Comment