അവൻ ശബ്ദത്തിൽ പറയുന്നത്
നിങ്ങളെല്ലാം ഒറ്റപ്പെടുത്തിയപ്പോൾ
സഹായിച്ചെന്നേയുള്ളു
അത്രേയുള്ളൂ
(ഒരു നാർക്കോ ടെസ്റ്റ് നടത്തിയാൽ
ഒരു ബീപ് വരും -
അവൻ കള്ളം പറയുന്നു അവൻ കള്ളം പറയുന്നു
എന്നായന്ത്രം പറയും.
സത്യമൊരു ഗോപാലകനവളോട്
പറഞ്ഞുവെന്നവനറിയില്ലല്ലോ)
അവൻ നിശബ്ദമായ് പറയുന്നത്
ദൈവമേ
അവളെയെങ്ങനെയില്ലാണ്ടാക്കും
അവളാണെങ്കിൽ
എഴുതിക്കൊണ്ടേയിരിക്കുന്നു
ഈശ്വരന്മാരെ അവളങ്ങനെ
മാധ്യമങ്ങളോട് യുദ്ധം
ചെയ്തു കൊണ്ടേയിരിക്കണം
അതെനിയ്ക്ക് ഗുണം ചെയ്യും
അതിനാലല്ലേ
ലീഗ് പണം കൈയിലെത്തിയതും
മൂന്നോ നാലേ വിരുന്ന് നടത്താനായതും
മധ്യവയസ്സിലും യൂറോപ്പിലൊരു
ഹണിമൂൺ തരമായതും
മാധ്യമങ്ങളതൊക്കൊയൊരാഘോഷമായി
ഇത്ര പ്രശസ്തിയേകിയതും
ജനമെന്നത് പണ്ടേ കോവർകഴുതകൾ
മാധ്യമങ്ങളെ പ്രീതിപ്പെടുത്തിയാൽ
എല്ലാം നന്നായി നടക്കും
ദൈവങ്ങളേ അവളയെങ്ങനെ
മാധ്യമങ്ങൾ എഴുതി മുറിവേല്പിക്കട്ടെ
അവളവരോട് എന്നും പൊരുതട്ടെ
അവളെയെല്ലാവരുമൊറ്റപ്പെടുത്തണം
അവൾ ദു:ഖിക്കുന്നത് ഞാൻ കാണും
അവൾ പറയുന്നത്
എന്നുമുറങ്ങുന്നതിനുമുൻപേ കൃഷ്ണനോട് പറയും
എന്റെ കൃഷ്ണാ, ഇന്നവനെന്തു ദ്രോഹം ചെയ്യും
സ്വപ്നത്തിലെത്തിയെല്ലാം പറയും കൃഷ്ണൻ..
മുഖങ്ങളെ വിശ്വസിക്കാനാവാത്ത ഈ കാലത്തിൽ
മുഖം മൂടികളുടെയിടയിൽ വീണാലുള്ള
കഷ്ടതകളറിയുന്നവൻ ഗോപാലകൻ.
ഒരിയ്ക്കൽ പറഞ്ഞു
സത്യം..
ന്റെ കൃഷ്ണാ എനിയ്ക്കീ ദ്രോഹം മുഴുവൻ ചെയ്യുന്ന
ഒളിമറക്കാരനെ നീയൊന്നു മൂന്നു നാളെങ്കിലും തളയ്ക്കുക.
മൂന്നാം നാളൊരാൾ താഴേയ്ക്ക് നടന്നു വന്നതു കണ്ടമ്പരന്നതും
സത്യം..
പിന്നെ കൃഷ്ണനൊരു കാര്യം കൂടി പറഞ്ഞു
അവനോടു യുദ്ധം ചെയ്യണ്ട..
അതിനൊരു കാരണവും കൃഷ്ണൻ പറഞ്ഞു
അതു കേട്ട് ഞെട്ടി, അതു കേട്ടാലവനും ഞെട്ടും
അതു കൊണ്ടു പറയുന്നില്ല...
എഴുതാൻ പറയുന്നത് ഗോപാലകൻ ...
അതു കൊണ്ടവളെഴുതിക്കൊണ്ടേയിരിക്കും
അവൾ പോലുമറിയാതെ....
എല്ലാ ഋതുക്കളിലും......