Monday, October 17, 2011

ആൽത്തറയിലെ ഭ്രാന്തൻ


തർജിമക്കാരനു ഭ്രാന്താണെന്ന്
ഇന്നലെയാരോ പറഞ്ഞു
ആൽത്തറയിലിരുന്ന്
അയാൾ ആദ്യം
ശബ്ദമുയർത്തി 
വഴിയിലൂടെ നടന്നവരെ 
അപഹസിച്ചു
പിന്നെ ആൾക്കാരെ
കല്ലെറിയാനും
ഉപദ്രവിക്കാനും തുടങ്ങി
ഇന്നലെയെല്ലാവരും
കൂടി തർജിമക്കാരനെ
സെല്ലിലടച്ചു
അവിടെയിരുന്നയാൾ
ഉറക്കെ പാടി
ലോർക്ക, നെരൂദ,
കാഫ്ക്ക, അകുതഗാവ,
അക്കമഹാദേവി,കവാഫി,
അന്തോണിയോ പോർച്ചിയ
റ്റോമസ് റ്റ്രാൻസ്ട്രോമർ....


ബെൻസോഡിയാസ്പം ഡോസ് 
ഒരു നേഴ്സ് അയാൾക്കേകി
അയാളുറങ്ങിപ്പോയി
ഉറക്കത്തിൽ അയാളുടെ
സ്വപ്നത്തിൽ ടാഗോറായിരുന്നു
ടാഗോർ അയാളോടു പറഞ്ഞു
ഭ്രാന്ത് കുറയണമെങ്കിൽ
മനസ്സിലുണ്ടായിരിക്കേണ്ടത്
നന്മയാവണം
തർജിമപ്രതികാരങ്ങളാവരുത്..
അയാൾക്ക് മനസ്സിലായി
അയാൾ തർജിമചെയ്തത്
മുഴുവനും അതായിരുന്നു..
ഭ്രാന്ത് കൂട്ടുന്ന തർജിമകൾ...