Thursday, August 25, 2011

പ്രധാനപയ്യൻസ്






ഉപദ്വീപിലെ 
ഇന്നത്തെ
പ്രധാനപയ്യൻസ്
ഹസാരെ.....
ശുദ്ധഗാന്ധിയൻ..






ഈ പ്രധാനപയ്യൻസിനരികി
നിയമം തെറ്റിനിലകൊണ്ട
രാജസിംഹാസനത്തിൻ
വാഹനമെടുത്തുനീക്കിയ
ഐക്യരാഷ്ടസഭയാദരിച്ച
രക്ഷാകവചം..
പ്രധാനപയ്യൻസിനെ
ജനം വിശ്വസിക്കുന്നു..
ഒരിയ്ക്കൽ വിശ്വാസ്യതയർപ്പിച്ച
പരമോന്നതമണ്ഡപത്തെക്കാൾ
ജനകുലമിവരോടൊപ്പം...
എങ്കിലുമൊരുപഴയകാല
മലയാളചലച്ചിത്രമെന്നപോൽ
ഈ പ്രധാനപയ്യൻസിനു
പിന്നിലാരെങ്കിലുമുണ്ടാകുമോ??
ചിലരെഴുതുന്നു
സംശയങ്ങൾ..
പ്രളയകാലത്തൊരു
പുൽനാമ്പുമായെത്തിയ
ഇവരുണർത്തും
ജനകുലത്തിൻ
ഹൃദ്സ്പന്ദനങ്ങൾ
അതിശയകരം..
എങ്കിലുമെങ്കിലും
പാലിക്കപ്പെടാതെപോകും
അനേകമനേകം 
നിയമരേഖകളുറങ്ങും
നീതിവ്യവസ്ഥയുടെ
പുസ്തകതാളിലീ
രസീതിപ്പാടുമൊന്നുമറിയാതെ
മാഞ്ഞുപോവുമോ 
ഒരു നാൾ..


Tuesday, August 23, 2011

ദൈവമേ നിനക്കൊരു കത്തയയ്ക്കുന്നു



കടലോരത്തെ 
നനുത്ത മണ്ണിലിരുന്ന്
ദൈവമേ!
നിനക്കൊരു കത്തയയ്ക്കുന്നു
മനസ്സിനെയൊരു
മൃദുവാം പൂവിതളാക്കാൻ
എഴുതിതുടങ്ങിയാൽ
അതൊരനിഷ്ടക്കേടിലെത്തും
അതിനാൽനിറഞ്ഞൊഴുകും
മഴതുള്ളിയിൽ മൂടി
നിനക്ക് മാത്രമറിയും 
ലിപിയിലെഴുതുന്നു...
ദൈവമേ ..
വായിച്ചാലും..


;;;;;;;;;;;;;
..............
!!!!!!!!!!!!
..............
;;;;;;;;;;;;
;;;;;;;;;;;;
;;;;;;;;;;;;
;;;;;;;;;;;;
!!!!!!!!!!!!
!!!!!!!!!!!







Sunday, August 21, 2011

അന്നും ഭൂമിയെഴുതി...


കവിതയെസ്നേഹിച്ച
ഭൂമിയുടെയരികിലെത്തി
കുറെപ്പേർ പറഞ്ഞു
കവിത മനോഹരം
അന്നും ഭൂമിയെഴുതി...
പിന്നീടുകുറെപ്പേർ വന്ന്
അപഹസിച്ചു ..
അന്നും ഭൂമിയെഴുതി..
പിന്നെ കുറെപ്പേർ വന്നുപറഞ്ഞു
ഇല്ലാതാക്കുമെന്ന്
അന്നും ഭൂമിയെഴുതി..
പിന്നെ കുറെപ്പേർ കല്ലെറിഞ്ഞു
അന്നും ഭൂമിയെഴുതി
പിന്നെ കുറെപേർ 
കൂട്ടം കൂടി പ്രതികാരം ചെയ്തു
അന്നും ഭൂമിയെഴുതി..
പിന്നെകുറെപ്പേർ 
തണുത്തവിപ്ലവഗാനം പാടി
അന്നും ഭൂമിയെഴുതി..
പിന്നെകുറെപേർ മുഖാവരണമിട്ട്
അവരുടെ മനസ്സിലെ
മാറാലയാൽ ഭൂമിയിൽ കോറിവരച്ചു
അന്നും ഭൂമിയെഴുതി...
പിന്നെ കുറെപേർ ഭൂമിയെ
അമ്ലലായനി തൂവി പരീക്ഷിച്ചു
അന്നും ഭൂമിയെഴുതി..
പിന്നെകുറെപേർ ഭൂമിയെ
ചില്ലുകൂടിലാക്കി..
അവിടെയിരുന്നും ഭൂമിയെഴുതി
പിന്നെകുറെപേർ ഭൂമിയെ
സ്നേഹിച്ചും, ദ്രോഹിച്ചും
ഇല്ലായ്മചെയ്യാനൊരുങ്ങി..
അന്നും ഭൂമിയെഴുതി...
കല്ലും, മുള്ളും പൂവും വീണ
വഴിയിലും ഭൂമിയെഴുതി
എന്തുകൊണ്ടെന്നാൽ
മുഖാവരണങ്ങളുടെ 
ന്യായപീഠത്തിനരികിലും
സ്വർഗവാതിലിൽ നിന്നൊഴുകും
കെടാവിളക്കിൻ പ്രകാശമായിരുന്നു
ഭൂമിയുടെ മനസ്സിൽ.....

Wednesday, August 17, 2011

സാന്റിയാഗോയിലെ നനുത്ത മൺതരികളിൽ


സാന്റിയാഗോയിലെ 
നനുത്ത മൺതരികളിൽ കവിതയുണ്ടാവാം
നെഫ്റ്റാലി റിക്കാർഡോ റെയസ് ബസോട്ടോ
കവിതയിലലിഞ്ഞ്
ജാൻ നെരൂദയിലൂടെയൊഴുകി
പാബ്ളോ നെരൂദയായെഴുതിയ
മനോഹരമാം കവിതകൾ..
നെരൂദയെയറിയാൻ
കടുംതുടിയേറ്റും
പരിവർത്തനത്തിലലിയേണ്ടതില്ല...
വെൺചുമരുകളിലൂടെയതൊഴുകും
ഹൃദയത്തിലേയ്ക്ക്
കടുത്ത കല്ലിൽ തട്ടിയൊഴുകും
മഴതുള്ളിപോൽ...
പിന്നെയതൊരു
കടൽശംഖിൽ
സൂക്ഷിക്കും സമുദ്രം...
സ്മാരകമന്ദിരങ്ങൾക്കരികിൽ
നിന്റെ തുലാസിൻ കൃത്രിമതൂക്കത്തിൽ
മനം നൊന്ത് 
തണുത്ത ശവകൂടീരത്തിനുള്ളിൽ
ഹൃദയം പൊട്ടി കരയുന്നുണ്ടാവും 
നെഫ്റ്റാലി റിക്കാർഡോ റെയസ് ബസോട്ടോ...

Tuesday, August 16, 2011

ചിലരെഴുതുന്നു എത്രവിനയാന്വിതരായി


ചിലരെഴുതുന്നു
എത്രവിനയാന്വിതരായി...
എവിടെനിന്നോ
കടം വാങ്ങിയൊരാത്മാർഥതയുമായ്
വാതിൽച്ചുമരിലെഴുതിയിടുന്നു
വിശ്വസിക്കാമെന്ന്..
ദൈവമേ! 
കാണുക...
കണ്ടുകൊണ്ടിരുന്നാലും..
ഇതുപോലെയത്രയോ
ചുമരെഴുത്തുകൾ, തീർപ്പെഴുത്തുകൾ
കണ്ടിരിക്കുന്നു...
വെറുതെ കിട്ടിയ 
കീർത്തിതുണ്ടുകളൊന്നുകൂടി 
പൊലിപ്പിക്കാനായൊരഭിനയം
ആൾകൂടുമരങ്ങിലൊഴിക്കും
അനുപമമാമൊരു കുടം ദയ...
ഇമയനങ്ങുമ്പോൾ കാണാനാവും
ഇരുൾ..
സ്വർഗവാതിലിൽ നിന്നും
ദൈവമേകുന്നു ഒരുൾമിഴി..
കാണാനാകുന്നു
ആവരണങ്ങളിലൊഴുകും
അധികമാമൗപചാരികത..
വേണമെന്നില്ല 
ഇനിയുമാമനുപമമാം
ആത്മാർഥത...
കണ്ടിടത്തോളം തന്നെ
മതിയായിരിക്കുന്നു..


Tuesday, August 9, 2011

നക്ഷത്രവിളക്കുകൾക്കരികിൽ

വഴിനടന്നുനീങ്ങുമ്പോഴാണവൻ
തിളങ്ങും നക്ഷത്രകൂട്ടിൽ
ഒരു കളിപ്പാട്ടം കണ്ടത്
അതുകൈയിലാക്കണമെന്നവനുതോന്നി..
നടന്നിട്ടും നടന്നിട്ടും
കൈയെത്താദൂരത്തേയ്ക്ക്
നീങ്ങിയ കളിപ്പാട്ടത്തോടമർഷം
തോന്നിയവൻ
ആദ്യമൊരു കല്ലെറിഞ്ഞു..
അതുടയാത്തതിലരിശപ്പെട്ട്
പണ്ട് പെൻസിൽതുണ്ട്
കൊടുത്ത് മയക്കി വച്ചിരുന്ന
എല്ലാ കൂട്ടാളികളെയുംകൂട്ടി 
കൽച്ചീളെറിഞ്ഞുകൊണ്ടേയിരുന്നു
കളിപ്പാട്ടമിരുന്ന ചില്ലുകൂടുടഞ്ഞതിൽ
അവൻ സന്തോഷിച്ചു..
കൈയത്തിപ്പിടിക്കാനായപ്പോൾ
മഴപെയ്തു
അവനു ദേഷ്യം സഹിക്കാനായില്ല
ഒരു സൈക്കിളിലാളെ കൂട്ടി
ആ കളിപ്പാട്ടം നല്ലതല്ലയെന്ന്
പലരോടും പറഞ്ഞുകൊണ്ടേയിരുന്നു
എന്നിട്ടും തിളങ്ങിക്കൊണ്ടിരുന്ന
അതിനോടസൂയ മൂത്ത്
തത്രപ്പെട്ട്
ചുമന്ന നിറത്തിൽ 
എട്ടുരൂപയ്ക്കുകിട്ടും
മേയ്ഡ് ഇൻ ചൈന ലേബലുള്ള
ഒരു കളിപ്പാട്ടം വാങ്ങി മോടികൂട്ടി
അങ്ങോട്ടുമിങ്ങോട്ടും നടന്നു..
പെൻസിൽതുണ്ടും കടലമിഠായിയും
കിട്ടിയ സന്തോഷത്തിൽ
അവന്റെ കൂട്ടുകാർ
അവനെ പ്രോൽസാഹിപ്പിച്ചു
കൊണ്ടേയിരുന്നു
പോകാൻ നേരം കൈയിൽ
ബാക്കിയിരുന്ന എല്ലാം കല്ലും
അവനാതിളങ്ങും കളിപ്പാട്ടത്തിലേയ്ക്കെറിഞ്ഞു
എന്നിട്ടുമതുടയാത്തതിലവനത്ഭുതപ്പെട്ടു...
നക്ഷത്രവിളക്കുകൾക്കരികിൽ
ദൈവം കൈയിലേറ്റിയ
ഹൃദയമായിരുന്നു അത്
ഭൂമിയുടെ ഹൃദയം....

നെരൂദയവിടെയുണ്ടാവും.

തുമ്പപൂക്കും നടുമുറ്റമേറുന്നു
പരിഭാഷകദൈന്യം
ദൈവമേ!
ഗ്രന്ഥപ്പുരയിൽ
ശിരസ്സ് കത്തുന്നുണ്ടാവും
ഹോമപ്പുരയിലെന്നപോൽ...
എത്രതിരഞ്ഞാലാവും
ഭൂമിയുടെ മൃദുവാം
വിരലിലൊരു മുറിവേറ്റുക
എന്നാലോചിച്ചുറക്കവുമില്ലാണ്ടായിരിക്കുന്നു
വേണമെങ്കിലൊടുങ്ങും
നേരമൊരുരപ്പുരയിൽ
ധാന്യം തിരിയും കല്ലിൽ
പൊടിയ്ക്കാമീ പരിവർത്തനകാലത്തെ
പൊടിയും തരിയിൽ
പൂത്തേയ്ക്കാം വേലിപ്പച്ചകൾ...
ഗ്രന്ഥപ്പുരയിൽ
ഋതുക്കളെയുടയ്ക്കാനൊന്നും
കിട്ടിയില്ലെങ്കിൽ
യൂഫ്രേട്ടിസിനും ടൈഗ്രസിനുമിടയിൽ
തിരയുക
ശേഷിപ്പുകളുടെ മുറിവുമായ്
താഴിട്ടുപൂട്ടിയ അറകളിൽ 
നിന്നിറങ്ങി വന്നേക്കാം
അതിമധുരതരമാമൊരു 
വിവർത്തനകാവ്യം..
അന്നും ഭൂമിയുടെമുറിവുകൾ
സാഗ്രോസ് പർവതനിരയും കടന്നു
തർജിമതാളിൽ നൃത്തം ചെയ്തേക്കും...
പടിഞ്ഞാറേയ്ക്ക് നടന്നാൽ
ജോർദാനിലെ ജലപ്രവാഹത്തിലെത്തിയേക്കും
പരിവർത്തനത്തിടയിൽ
അറിഞ്ഞുകൊണ്ടുചെയ്ത
പിഴവുകളതിൽ നിക്ഷേപിക്കാം...
പിന്നെ ഗ്രന്ഥശാലയിൽനിന്നും
താൽക്കാലികശാന്തിതേടി
ചിലിയിലേയ്ക്ക് നടക്കാം
നെരൂദയവിടെയുണ്ടാവും...



Sunday, August 7, 2011

ടാഗോറും നെരൂദയും ജീവിച്ചിരുന്നുവെങ്കിൽ


തട്ടിതൂവുമൊരുകുടം
ആത്മരോഷത്തിനൊടുവിൽ
നീ പറഞ്ഞുകൊണ്ടേയിരിക്കുന്നു
നിന്റെ ശേഷിപ്പുകൾ മികച്ചവയെന്ന്..
അങ്ങനെതന്നെയിരിക്കട്ടെ...
ലോകത്തിലിനിയെന്തെങ്കിലും
വിഭജിച്ചുതീർപ്പെഴുതാനുണ്ടാവുമോ
നിന്റെ കൈയിൽ....
എന്റെകൈയിലുമുണ്ട്
കടലാസ്തുണ്ടുകൾ
ഒന്നാം പാഠത്തിലെഴുതിനിറച്ചോരക്ഷരങ്ങൾ
ചിത്രശലഭങ്ങളുടെ കഥകളാവാം..
എങ്കിലുമെനിക്കവയെല്ലാം പ്രിയം..
നിന്നെപ്പോലെയരങ്ങിലെല്ലാം
എന്റെമികച്ച സൃഷ്ടികാണൂ, കാണൂ
എന്നൊരു ചൂണ്ടുപലകയുമായ്
നിൽക്കുകയെന്നതരോചകമെനിക്ക്...
ചുമന്നുതുടുക്കട്ടെയരങ്ങുകൾ
ചെഗുവേരെയെപ്പോലൊരു
വിപ്ലവഗാനമെഴുതാനെനിക്കാവില്ല...
മൃദുവായൊരക്ഷരങ്ങൾക്കരികിലേയ്ക്ക്
കൽച്ചീളുകൾവീണിരിക്കുന്നു..
അതെടുത്തുമാറ്റും ശബ്ദമേ 
നീ കേൾക്കുന്നുള്ളൂ...
ടാഗോറും നെരൂദയും
ജീവിച്ചിരുന്നുവെങ്കിൽ
അതൊരുപക്ഷേയവരറിഞ്ഞേനേ..
ഉദാത്തസൃഷ്ടികളെഴുതുന്നവർക്കേ
അതുമനസ്സിലാക്കാനാവൂ..
എഴുതുന്നതെല്ലാം മികച്ചവയെന്നെഴുതി
ചൂണ്ടുപലകയുമായ്
നിൽക്കേണ്ടെതായൊരാവശ്യം 
അവർക്കുണ്ടായിട്ടില്ലയെന്നത്
അവരുടെ സൃഷ്ടികർമ്മത്തിലൂടെ
നീങ്ങുമ്പോഴറിയാനുമാവുന്നു....