കനൽ മൊഴികൾ
മധുസൂദനൻ നായർ
വിറ്റില്ല ഞാനെന്റെ ജന്മം ഒരിത്തിരി
കൊറ്റിന്നു വേണ്ടിയിട്ടാർക്കും
വെട്ടിപ്പിടിച്ചില്ല സ്വർഗങ്ങളാരുടെയു-
മർഥങ്ങളപഹരിച്ചില്ല
പൊട്ടിപ്പിടിയ്ക്കുമീമണ്ണീന്റെ മാറത്തു
കെട്ടിപ്പിടിച്ചതേയുള്ളൂ
ഉച്ചാരണം പോലുമില്ലാത്ത മർത്യന്റെ
ഒച്ചയായ് മാറിയേയുള്ളൂ
മണ്ണിന്റെ കരൾ വെന്ത കല്ലാണു ഞാൻ
കല്ലുമുരുകും വചസ്സിന്റെ വെളിവാണു ഞാൻ
നേരിന്റെ മുനയുള്ള നോവാണു ഞാൻ
നോവിലുരുകുമാത്മാവിന്റെ ചിരിയാണു ഞാൻ
ഉലകിനെകൂറിട്ട് മതബലി കൊടുക്കുന്ന
ബലനീതികൾക്കൊരെതിർമൊഴിയാണു ഞാൻ
കഥമാറിയാടുന്ന നാട്യഗൃഹങ്ങളിലെ-
യണിയറക്കളികളുമരങ്ങുതളിയും ധൂർത്ത
നടഭാഷയും ചീർത്ത കലിവേഷവും
മൂകമുടയും നിരാലംബബിംബങ്ങളും കൺടു
കോലങ്ങൾ കെട്ടിയതു കോലകത്താടിയതു
കേവലവിനോദങ്ങളല്ല
പേക്കഥപ്പാഴ്ത്തുള്ളലല്ല
രാജാങ്കണങ്ങളിലെനിയ്ക്കിടം വേണ്ട
രാജപ്രഭാവപ്രസാദങ്ങൾ വേണ്ട
കോപ്പു വഴിയുന്ന രണ്ടേകാലും വേണ്ട
പാരിന്റെ രക്തവും വേർപ്പും പതപ്പിച്ചു
പാനകം മോന്തുന്ന ഭൂകാമുകന്മാർക്ക്
പാദം തുടച്ചത്തർ പൂശുന്ന ശൃംഗാര
പദമായ് കൊഴിഞ്ഞു വീഴേണ്ട
വിറ്റില്ല ഞാനെന്റെ സ്വപ്നങ്ങളൊരുവാര
സദ്യയ്ക്ക് വേണ്ടിയിട്ടാർക്കും
ഒറ്റിക്കൊടുത്തില്ല വാക്കിനെ, ഗർഭത്തി
ലെന്നെ ചുമന്നൊരുദരത്തെ.....
Sunday, May 16, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment