Tuesday, September 14, 2010

ദേവീമാഹാത്മ്യം

ദേവീമാഹാത്മ്യം

അമ്മയുടെ ഓർമയുണർത്തുന്ന പുസ്തകശേഖരത്തിൽ നിന്ന് ദേവീമാഹാത്മ്യം കിട്ടി. അതിനുള്ളിൽ നാലകത്തെ ദേവിയ്ക്കായി ഉത്സവത്തിനായി അമ്മ കരുതിയ കുറെ രൂപയുണ്ടായിരുന്നു. പിന്നെ കുറെ തുണ്ടുകടലാസുകളും


പഴയ കണക്കുചീട്ടുകൾ.

മോഹൻ കടയിൽ -500 രൂപ

ഭവാനി 25 രൂപ

കുട്ടൻ അർച്ചന 200 രൂപ



മോഹന്റെ കടയിൽ നിന്ന് അമ്മയ്ക്കാവശ്യമുള്ള സാധനങ്ങൾ അമ്മ വാങ്ങാറുണ്ടായിരുന്നു. മോഹൻ ഒരു മനുഷ്യസ്നേഹിയായിരുന്നു. വളരെ ചെറിയ വയസ്സിലെ അഛനമ്മമാർ നഷടമായി സ്വപ്രയത്നത്താൽ ഉയർന്ന ആൾ.



വെളുത്തേടം ഭവാനി അലക്കുകാരിയായിരുന്നു. ഞങ്ങളുടെയൊക്ക മുഷിഞ്ഞ വസ്ത്രങ്ങൾ കഴുകി ഇസ്തിരിയിടുക.വസ്ത്രങ്ങളോടൊപ്പം നാട്ടിൽ നടക്കുന്ന എല്ലാ കാര്യത്തിലും അല്പം അലക്കുകാരം അവർ  നീറ്റിച്ചു. അവരുടെ മകൻ ഒരു രാഷ്ടീയക്കാരന്റെ കാർ ഡ്രൈവർ ആയിരുന്നു. അതിന്റെ പത്രാസ് അവർ ഇടയ്ക്കിടെ കാണിക്കാറുണ്ടായിരുന്നു. അമ്മയുടെ പഴയ സാരിയൊക്കി അവർ ചോദിച്ചു വാങ്ങാറുണ്ടായിരുന്നു. ഒരു തുലാവർക്ഷമഴയിൽ ആറ്റിൽ വസ്ത്രം കഴുകിക്കൊണ്ടിരുന്ന ഭവാനി തലചുറ്റി ആറ്റിൽ വീണൊഴുകിപ്പോയി. വെളുത്തേടം ഭവാനിയുടെ വേർപാടിൽ ഞങ്ങൾ വേദനിച്ചു.

കുട്ടൻ നാലമ്പലത്തിലിരുന്ന് അർച്ചനരസീതുകളെഴുതും.അമ്മയ്ക്കെപ്പോഴും ഒരു നീണ്ട ലിസ്റ്റുണ്ടാവും കൈയിൽ; സഹസ്രനാമത്തിൽ തുടങ്ങി ചന്ദനച്ചാർത്തിലെത്തി നിൽക്കുന്നവ.

ദേവീ മാഹത്മ്യത്തിനുള്ളിൽ തെക്കതിലെ ദേവിയ്ക്കുള്ള നിത്യപൂജയുടെ രസീത്.അമ്മയുടെ ഓർമയിൽ ചന്ദനസുഗന്ധമുണ്ട്. തുളസി മണ്ഡപത്തിലെ വിളക്കിന്റെ പ്രകാശവും...

അത്ഭുതമായി തോന്നിയ കാര്യം തെക്കതിൽ ദേവപ്രശ്നം നടന്നപ്പോഴാണു അമ്മയുടെ ദേവീമാഹാത്മ്യം എന്റെ കൈയിൽ വന്നുചേർന്നത്. അമ്മ ദേവിയ്ക്കായ് ദേവീമാഹാത്മ്യത്തിൽ കരുതിയ രൂപയെല്ലാം ഞാൻ തെക്കതിലേയ്ക്ക് പോസ്റ്റിലയച്ചു. പഴമക്കാർ പറയാറുണ്ട് ദേവഋണങ്ങൾ നീക്കിവയ്ക്കാൻ പാടില്ല.

2 comments:

  1. പഴയ ഓർമ്മകൾക്ക് ചിറക് വയ്ക്കുന്നു ഇത് വായിച്ചപ്പോൾ

    ReplyDelete
  2. To kalavallabhan
    അഭിപ്രായത്തിനു നന്ദി
    പഴയ ഏതു ഓർമയാണു ചിറകു വിരിച്ച് കലാവല്ലഭന്റെ മനസ്സിൽ നിറഞ്ഞത് എന്നു മനസ്സിലായില്ല...

    ReplyDelete