Sunday, May 8, 2011

രണ്ട് ടാഗോർ കവിതകൾ

I
പ്രമത്തരുടെയും വമ്പന്മാരുടെയും മുന്നിൽ
ലാളിത്യത്തിന്റെ തൂവെള്ളക്കുപ്പായമണിഞ്ഞ്
നിലകൊള്ളാൻ സങ്കോചമെന്തിനായ്
നിങ്ങളുടെ കിരീടം വിനയത്തിന്റേതായിരിക്കട്ടെ
നിങ്ങളുടെ സ്വാതന്ത്ര്യം ആത്മാവിന്റേതായിരിക്കട്ടെ
കൊടിയ വറുതിയിൽ വരണ്ട പാടത്ത്
ദൈവത്തിന്റെ സിംഹാസനം പണിയുക
വലിപ്പമുള്ളതെല്ലാം മഹത്വമുള്ളതല്ലെന്നറിയുക
ധാർഷ്ട്യം നിത്യമല്ലെന്നും


II

പ്രിയപ്പെട്ടവർ നിന്നെ പരിത്യജിച്ചേക്കാം
ഹൃദയമേ നീയത് കാര്യമാക്കേണ്ട
പ്രത്യാശയുടെ ലതിക ആടിയുലഞ്ഞ്
കനികൾ കൊഴിഞ്ഞ് മണ്ണിൽ
വീണുപോയേക്കാം
ഹൃദയമേ നീയത് കാര്യമാക്കേണ്ട

കവാടമണയുംമുമ്പ് ഇരുൾതിര നിന്നെമൂടിയേക്കാം
വിളക്ക് കൊളുത്തുവാനുള്ള നിന്റെ പരിശ്രമം
വിഫലമായേക്കാം
ഹൃദയമേ നീയതു കാര്യമാക്കേണ്ട


തന്ത്രിവാദ്യം മീട്ടീമുറുക്കാൻ തുനിയുമ്പോൾ
കാട്ടുപക്ഷികളും, ജീവികളും
നിനക്കുചുറ്റും വന്നു നിന്നേക്കാം
സഹോദരങ്ങൾ നിന്നോടു കാരുണ്യം
കാട്ടിയില്ലെന്നിരിക്കാം
ഹൃദയമേ നീയതൊന്നും കാര്യമാക്കേണ്ട


ശിലാഭിത്തികളാണുചുറ്റിലും മുദ്രിതം വാതിലുകൾ
ആവർത്തിച്ചു മുട്ടിയാലും അവ തുറക്കുകയില്ല
ഹൃദയമേ നീയതൊന്നും കാര്യമാക്കേണ്ടതില്ല...

No comments:

Post a Comment