Wednesday, November 23, 2011

കൂടുതലെഴുതിയാൽ....


കൂടുതലെഴുതിയാൽ
ശരത്ക്കാലത്തിലൂടെ നടന്ന് ഭൂമിയെത്തുക 
ചരിത്രം മറക്കാനാഗ്രഹിക്കും
കാലം നയിച്ച യുദ്ധഭൂമിയിലാവും..
ഭൂമിയും ഋതുക്കളും പഠിപ്പിച്ചതിനപ്പുറം
ചായം പുരട്ടിയ പ്ലാസ്റ്റിക് പനിനീർപ്പൂകാട്ടിയത്
എങ്ങനെയൊരിത്തിരി
പൊൻപണം കൈയിലാക്കാമെന്നും
അതെങ്ങെനയരങ്ങിലൊരാഭരണപ്പെട്ടിയിലെ
ആർഭാടമാക്കി മാറ്റാമെന്നും മാത്രം
അതിനപ്പുറമതിനൊരുകുടം 
മഹത്വം തട്ടിതൂവും നിന്റെ
മഷിപ്പാടുകളുടെ സൗഹൃദങ്ങൾ
കാണുമ്പോൾ 
എന്തും വിലയിട്ടെടുക്കും ലോകത്തിൻ
മൂല്യമിത്ര ചെറുതോ എന്നും തോന്നിപ്പോകുന്നു...


ചരിത്രത്തിൻ യുദ്ധഭൂമിയിലെ കലിംഗം 
ഇന്നും നിന്റെയുള്ളിലുണ്ടാവാം
എന്തിനിങ്ങനെയൊരു പ്രതികാരം
ചെയ്തുവെന്നോർത്തു നീയുള്ളിന്റെയുള്ളിൽ
ആരും കാണാതെ ദു:ഖിക്കുന്നുവെന്നും
ആകാശവാതിലിനരികിലെ ദൈവം
ഭൂമിയോടു പറഞ്ഞിരിക്കുന്നു..
ഞങ്ങളുടെ ഭൂമിയുടെ 
സ്വകാര്യദു:ഖസന്തോഷങ്ങൾ
തീറെഴുതിയടുത്തതിനുള്ളയാഘോഷങ്ങൾ
തുടർന്നാലും..
ലോകമായ ലോകത്തിലെയെഴുത്തുമഷിതുള്ളികളൊരുതട്ടിലും
ഈ ഭൂമിയിലെ കടലും, ശംഖുകളും
പ്രപഞ്ചമാകെയും മറ്റൊരുതട്ടിലുമിട്ടാലേതിനാവും
ഭംഗിയെന്നതിനെയോർത്തു 
ആകാശമാകുലപ്പെടുന്നുമില്ല...
എഴുതി തൂത്തു മായ്ക്കുമൊരു
ചെറിയ തൂക്കുപലകയ്ക്കരികിൽ
അനന്തമായ ചക്രവാളം കണ്ടിരിക്കുമ്പോൾ
ചരിത്രയുദ്ധങ്ങളുടെ താളുകളടർത്തി
നീയെന്തിനിങ്ങനെയീ ഭൂമിയോടു
യുദ്ധം ചെയ്യുന്നുവെന്നൊരത്ഭുതം
മാത്രമിന്നിവിടെ ബാക്കിനിൽക്കുന്നു...
എത്ര പറഞ്ഞാലുമെത്രയെഴുതിയാലും
മനസ്സിലാവാത്തൊരു ലോകത്തിനായെഴുതിയ
ഭൂമിയുടെ പുസ്തകം
സന്ധ്യ നക്ഷത്രങ്ങൾക്കിടയിൽ സൂക്ഷിച്ചിരിക്കുന്നു...
അതിലെന്തിനാണീലോകത്തിനിത്രയേറെ
ആകുലത??

No comments:

Post a Comment