Monday, June 28, 2010

നീ
(ഒ എൻ വി)

ഇവിടെയെത്തുമീവസന്തത്തിൻ
നാവു പിഴുതെടുത്തുനീ
കിളികൾതൻ കൊക്കിൽ
കിനിയുന്നീലൊരു നറുമൊഴിപോലും

കവർന്നെടുത്തു നീ വസന്തത്തിൻ
മുഖശ്വസിതസൗഭഗം മുഴുവനും ഇതാ
ഇവിടെപ്പൂത്തതുമണമില്ലാപ്പൂക്കൾ

പുഴയിലെ മീനിൻ കുലം കെടുത്തി നീ
പുഴയും നീയെറിഞ്ഞുടച്ച കണ്ണാടി
പ്പൊളികളായ് ചേറിക്കിടക്കുന്നു താഴെ
 
മനുഷ്യനൽപാല്പം മരിയ്ക്കുവാൻവേണ്ടും
മരുന്നുകൾ വിറ്റു ധനികനായ നീ
ഒടുക്കത്തെ മരുന്നൊരുക്കീ വയ്ക്കുന്നു

ശ്വസിയ്ക്കും വായുവിൽ
കുടിയ്ക്കും നീരിലും
മൃതിയുടെ ഇരക്കൊളുത്തുവയ്ക്കുന്നു
ഇരിയ്ക്കുന്ന കമ്പു സ്വയം മുറിയ്ക്കുന്നു

ഉണർന്നുകൺചിമ്മും ഒരു നഗരത്തെ
വിഷവാതത്തിന്റെ
ശവക്കച്ച തീർത്തു പുതപ്പിച്ചെന്നേയ്ക്കു
മുറക്കിടുന്നു നീ

വരുന്ന നൂറ്റാണ്ടിൻ കതിർമുഖം കാണാൻ
പൊരുന്നിരിക്കുമീ കറുത്ത പക്ഷിയെ
ഞെരിച്ചുകൊല്ലാനോ?
നിഷാദ! നിർത്തുക

1 comment:

  1. നന്നായിരിക്കുന്നു. എഴുത്തു തുടരുക

    ReplyDelete