Thursday, February 17, 2011

കഥാവലോകനം


കഥകളൊന്നുമിനി വേണ്ടായെന്നു
പറയുന്നു ഭൂമി....
ചാണക്യകഥകൾ
രാജ്യതന്ത്രജ്ഞർക്കായെഴുതി
സൂക്ഷിച്ചോളുക
കവിതയെ സ്നേഹിക്കുന്ന
ഭൂമിയ്ക്കിനിയൊരു
കാല്പനികകഥ വേണ്ട
നോക്കെത്താദൂരത്തോളം
കാലത്തിന്റെയങ്ങേയറ്റത്തോളം
എഴുതിയതൊക്കെയങ്ങ്
വായിച്ചേക്കാം....
പക്ഷെ ഉപദേശിക്കുന്നവരോടൊന്നും
ഇന്നൊരു സ്നേഹമോ ബഹുമാനമോ തോന്നുന്നില്ല്ല
മറിച്ചൊന്നും കരുതരുത്
അതങ്ങനെയായിപ്പോയി
എത്ര കഥയെഴുതിയാലുമതിനൊരു
മാറ്റുണ്ടാവില്ല, മാറ്റവുമുണ്ടാവില്ല..
അതു കൊണ്ടുപറയുന്നു
മഞ്ഞുവീണ നനഞ്ഞ ഗ്രാമത്തിലെ
നടുമുറ്റത്തിരുന്നിതുപോലെയൊരുപാട്
കഥകൾ കേട്ടിരിക്കുന്നു
കേട്ടിരിയ്ക്കാനാകുമെങ്കിലങ്ങോട്ടും
പറയാം കുറെ കഥകൾ
പക്ഷെ പിന്നെയും പിന്നെയും
പറയുന്നതും കേൾക്കുന്നതും
സുഖകരമായ അനുഭവമല്ലല്ലോ
ശിശിരകാലപ്പൂവുകൾ
വിരലിൽ സുഗന്ധമാവുമ്പോൾ
എന്തിനിങ്ങനെയൊരു കഥാവലോകനം.

No comments:

Post a Comment