Monday, February 21, 2011

അത്രയ്ക്ക് തണുപ്പല്ലേയിവിടെ


ഇവിടെയിത്തിരി തീയ് കൈയിലുണ്ട്
എന്നന്നേ പറഞ്ഞിരുന്നതല്ലേ
തീയെത്രയുണ്ടെന്നറിയാനായി അന്നു ശ്രമം
പിന്നെ തീ കൊണ്ട് കളിക്കാനായി ഭ്രമം
മലമുകളിലെ മുഖപടമിട്ട ലോകത്തിരുന്ന്
നിഴലുകളിൽ മറഞ്ഞ്
തീക്കനൽ വാരിയെറിഞ്ഞുകളിച്ചരികിലെ
കാടും, തണൽ മരങ്ങളും കത്തിച്ചില്ലേ
അണയാതെയാതീയൊരഗ്നിപർവതശിലയായി...
പിന്നെയെഴുത്ത്
നിമിഷങ്ങളെപൂട്ടിയുഴുത് കൊയ്ത്
വീണ്ടുമെഴുത്ത്
തീയിലിന്ധനമെന്ന പോൽ....
പേനതുമ്പിൽ പന്തങ്ങളുമായ്
കുറെപേർ മുന്നിലോടി
കുറെ പേർ പിന്നിലണിനിരന്നു
തീയാളിയാളിയൊരു
വസന്തകാലക്കിളിക്കൂടുമൊടുക്കിയൊരു
പൂക്കാലവും കരിയിച്ചു
എന്നിട്ടും തീയണയാഞ്ഞതെന്തേ
നിലാവിന്റെ തീരത്തേതു
പേടകത്തിലാണോ ഭൂചിത്രങ്ങളുടെയറ....
കണ്ടതു തന്നെ വീണ്ടും വീണ്ടും
കാണുന്നതെന്തിനാണാവോ
ഒരേ ചിത്രങ്ങൾ തന്നെയത്രനാൾ കാണും
മടുപ്പു തോന്നുന്നില്ലേ???
അന്നേ പറഞ്ഞിരുന്നതല്ലേ
ഇവിടെയിത്തിരി തീയുണ്ടെന്ന്
തീ കൈയിൽ കോരിയാലെന്താവും
വാരിയെറിഞ്ഞ തീക്കനൽ
തടുത്തിവിടെയും വിരലുകൾ വിങ്ങി
പിന്നെയരികിലെത്തിയ
ശിശിരം തൂവിയ മഞ്ഞിൽ
മുക്കിയെഴുതുമ്പോളിന്നൊരു സുഖം..
തീയും തീ കായുകയാവുമിപ്പോൾ
അത്രയ്ക്ക് തണുപ്പല്ലേയിവിടെ.....

No comments:

Post a Comment