Sunday, December 4, 2011

ഇന്നലെയുടെ അനുബന്ധം


ഇന്നലെയുടെ
അനുബന്ധമെഴുതിയെഴുതി
നീ വിഷമിച്ചിരിക്കുന്നു എന്നറിയാം...
മഴക്കാലത്തിനുള്ളിലൂടെയും
കുറെയേറെ നീർതുള്ളികളൊഴുകി
മാഞ്ഞിരിക്കുന്നു..
എങ്കിലും ഇവിടെയുമൊരു
 നിഴലനക്കം....
ഓർമ്മചെപ്പിൽ നിന്നും
അനുകൂലമായതുമാത്രം
തിരഞ്ഞെടുക്കാൻ നീ
ശ്രമിക്കുന്നു..
പുതിയ പകിട്ടിൽ മനസ്സിലെയും 
ഹൃദയത്തിലെയും
പ്രകാശം നഷ്ടമായ നീ
ഒന്നുമറിയാതെയിരുന്ന
ഭൂമിയിലേയ്ക്കെത്ര
ഉരഗങ്ങളെ വില്വപത്രങ്ങളുമായി 
അയച്ചു....
ദ്രാവിഢനഗരത്തിൽ
പഴയകാലനേതാക്കളുടെ 
ചരിത്രത്തിലും നീയിട്ടു 
അല്പം കറുപ്പ്..
പ്രതികർമ്മത്തിനായല്ല
ദൈവങ്ങളെ വിളിച്ചത്
ഇത്രയേറെദിനങ്ങളിൽ 
ചങ്ങലപ്പൂട്ടിട്ടു മനസ്സുലച്ചവരാരെങ്കിലും
അവരിൽ നിന്നു ഭദ്രമായ്
ഭൂമിയെ രക്ഷിക്കുക എന്നേ
പറഞ്ഞിരുന്നുള്ളൂ.....
ഇനിയും ദു:ഖമേറ്റാനെത്തും നേരം
അതു തടയാനും ഒരു നിവേദനം
സമർപ്പിച്ചിരുന്നു ദൈവങ്ങൾക്ക്
സൂത്രധാരൻ നീയെന്നറിഞ്ഞ്
സത്യത്തിൽ അതിശയിച്ചത്
ദൈവങ്ങളായിരിക്കില്ല
ഞങ്ങളുടെ ഭൂമിയായിരിക്കും....
സഹായിച്ച മുഖത്തിനും
ഉപദ്രവങ്ങളേകിയ മുഖത്തിനും
ദൈവദർപ്പണങ്ങളിൽ
നിന്റെ മുഖം കാണേണ്ടിവന്ന
ഭൂമിയോട്
ഇനിയേതു പ്രതികർമ്മകഥയാണിന്നു
നീ  പറയാനൊരുങ്ങുന്നത്?
നിന്റെ പ്രതികാരം കണ്ട് കണ്ട്
ദൈവങ്ങൾക്ക് പോലുമിന്ന് 
മടുപ്പുമായിരിക്കും..
അതിനാലാവും ഒരുവശം
ചെരിയും തുലാസുകൾക്കരികിലും
കോരിയൊഴുക്കും നിറങ്ങൾക്കരിലും
ദൈവം വിളിപ്പാടിനരികിൽനിന്നും 
വിരൽതുമ്പിൽ ആഗ്രഹിക്കുമ്പോഴെല്ലാം
വരമൊഴുക്കുന്നത്..
ചകോരങ്ങളെക്കാൾ
ഭംഗിയായി മനുഷ്യകുലം
ശബ്ദമുയർത്തുമ്പോൾ
ശരി തന്നെ
ഒരു വാനമ്പാടിയുടെ
സംഗീതം കേൾക്കാനുമാവില്ല....

No comments:

Post a Comment