സ്നേഹം പ്രഭാതമഞ്ഞുപോലെ
പരിശുദ്ധമായ നാളിൽ
പ്രണയം മൽസരത്തിലായിരുന്നില്ല
ഒരു ഭീതിയതിനുണ്ടായിരുന്നുവെങ്കിലും..
ഇന്നങ്ങനെയല്ല
സ്നേഹത്തിന്റെ വിശുദ്ധി
അഭിനയത്തിലൊഴുകി
മാഞ്ഞിരിക്കുന്നു..
പ്രണയമൊളിപ്പിച്ചൊഴുകിയ
പുഴ മറന്നെന്നഭിനയിക്കുന്നു
പലതും...
അഭിനയിക്കാതെയിപ്പോൾ
പുഴയ്ക്കൊഴുകാനുമാവുന്നില്ല
ഏതുപ്രണയം?
എന്തു പ്രണയം?
ഹൃദ്സ്പന്ദനത്തിനവസാനം
വരെചീന്തിയെടുക്കും മൽസരം പ്രണയമാകുന്നതെങ്ങെനെ?
സ്നേഹമാകുന്നതെങ്ങെനെ?
ഭൂമിയെന്നോട്
ചോദിച്ചുകൊണ്ടേയിരിക്കുന്നു..
ഒരുത്തരം പറയാനാവുന്നുമില്ല
കടലാകെ ക്ഷോഭിക്കുകയും
ചെയ്യുന്നു......
അരികിൽ പുതിയ പ്രണയം
ലോകം വിലയ്ക്ക് വാങ്ങി
സൽക്കാരങ്ങളിൽ താലോലിച്ച്
വിപ്ലവകഥകളെ വരെ
വിലയ്ക്കെടുക്കുന്നു......
പ്രണയമോ?
അതിപ്പോൾ
എഴുതി തൂത്തുവിട്ട
മഷിപ്പാടുകൾക്കിടയിലെ
ഒരു മൽസരപ്പരീക്ഷയായിരിക്കുന്നു...
നോക്കൂ എത്ര ഭംഗിയിലാണു
പ്രണയാഭിനയം..
കുറെ വർണ്ണങ്ങളും ചേർത്തേയ്ക്കാം
മോടികൂടിയിരിക്കട്ടെ..
പ്രണയകാവ്യങ്ങൾക്കും....
പ്രണയവും സ്നേഹവും
മൽസരപ്പരീക്ഷകളോ?
ആവോ
ആർക്കറിയാം....
No comments:
Post a Comment