Wednesday, December 7, 2011

കടൽശംഖിലെ കവിത


ഭയപ്പെടുത്തുമ്പോൾ
ഭീതിയോടെ ഓടിപ്പോയാവരെയേ
അവൻ കണ്ടിരുന്നുള്ളൂ...


സൂര്യനുദിക്കുന്നതും, അസ്തമിക്കുന്നതും 
എന്നും കാണുന്ന
ആകാശത്തിനങ്ങനെയൊരു 
ഭീതിയില്ലാതായതിലവനതിശയിക്കാനുമിടയില്ല...


എങ്കിലും സമുദ്രതീരത്തിരുന്ന്
കടൽശംഖിൽ കവിതതേടി നടന്ന
ഒരു ചെറിയ ഭൂമി അവനെ ഭയപ്പെട്ടോടിയില്ല
എന്നത് അവനെ കോപാകുലനാക്കുകയും 
ചെയ്യുന്നു..


ഇടയ്ക്കിടെ വർണ്ണം മാറും ഋതുക്കളെപ്പോൽ
മാറും മനുഷ്യകുലത്തിനരികിൽ
എന്നും തിളങ്ങും നക്ഷത്രവിളക്കുമായ്
സന്ധ്യയുണരുന്നതും 
അവനെ പ്രകോപിതനാക്കുന്നു..


ലോകം കാൽചുവട്ടിലെ ഒരുപിടി
മണ്ണെന്ന് കരുതിയനാളിലാവും
ഭൂമിയൊരു മൺ തരിയെന്നും
അവൻ കരുതിയിരിക്കുക....


മഷിപ്പാത്രങ്ങൾ തലോടുമ്പോൾ
കുറെ കടം വാങ്ങാൻ കിട്ടുന്നവർ
പകർത്തെഴുത്ത് നടത്തുമ്പോൾ
അവന്റെയുള്ളിലിപ്പോഴും ഒരു ധൈര്യം
മഴക്കാലത്തെയൊരു മൺകുടത്തിലൊതുക്കാൻ..
ശരത്ക്കാലത്തിനൊരു ചരമഗീതമെഴുതാൻ...





No comments:

Post a Comment