Sunday, December 4, 2011

ഇറ്റുവീണൊരുമഞ്ഞുതുള്ളി പോലെയായിരുന്നില്ല ആ കഥയുടെ പരിസമാപ്തി


ഇറ്റുവീണൊരുമഞ്ഞുതുള്ളി
പോലെയായിരുന്നില്ല
ആ കഥയുടെ പരിസമാപ്തി...
ഇടവേളയുടെ മുൾപ്പടർപ്പിൽ
പണയമിട്ടുപോയ മനസ്സാക്ഷിയ്ക്കരികിൽ
ശൂന്യതമാറ്റാൻ പുഴയും കണ്ടെത്തി
പുതുവഴികൾ...
മഹാകാലഗതിയിലും
മനസ്സിന്റെ വിധിന്യായക്കോടതിയിലും
തുലാസുകൾ തൂക്കിയിട്ടു
അന്യായത്തിനൊരിതൾ....
പിന്നെയോ എഴുതിവരിതെറ്റിയ
തർജിമകൾ പോലൊരു ദ്വേഷം....
പിന്നെയോ മാഞ്ഞുപോയൊരു നവംബർ
പോലൊരു പ്രണയം.....
കല്ലിടുക്കിൽ തൂവിയ മഷിപ്പാത്രം പോലെ
യാങ്ങ്സി നദിപോലെ
വന്മതിലിലെ ലിപിപോലെ
നീണ്ടുനീണ്ടുപോയ കഥകൾ....



ഇറ്റുവീണൊരുമഞ്ഞുതുള്ളി
പോലെയായിരുന്നില്ല
ആ കഥയുടെ പരിസമാപ്തി...
ഇടയിൽ
അനേകവൽസരങ്ങളുടെ ആത്മകഥ...
ഋതുക്കളുടെ നറും വർണങ്ങൾ...
കാവ്യങ്ങളൊഴുക്കിയ ആത്മാർഥത..
അതറിയാതെ പോയതിനേറ്റിയ
വിധിപർവച്ചുമടിൻ ഭാരം
താങ്ങാനാവാതെ നിന്ന മഴക്കാലം...
പെയ്തൊഴിയാൻ വെമ്പിയ
ഇടവപ്പാതിമഴ....
പിന്നെയായിരുന്നു ദിഗന്തമുറിവ്
പെയ്തിറങ്ങിയത് തീമഴ..
ഒരുവരിതെറ്റിയായിരം തെറ്റിയ
മഹാകാവ്യങ്ങൾ...
ഒന്നുമറിയാത്തപോൽ
രംഗമൊഴിയാനാവതെ പുകഞ്ഞ ഭൂമി
പുകയും നെരിപ്പോടിലേയ്ക്ക്
തട്ടിതൂവിയ തീയെരിക്കും കുന്തിരിക്കം..
നനഞ്ഞ ചന്ദനമുട്ടികൾ..
സുഗന്ധലേപനങ്ങൾ...
അതിനിടയിലേറ്റിയ ഇരുമ്പുരുക്കും 
ഉലയിലെ തീയും ..


ഇറ്റുവീണൊരു
മഞ്ഞുതുള്ളിപോലെയായിരുന്നില്ല
ആ കഥയുടെ പരിസമാപ്തി..
തകർന്നഗോപുരങ്ങളിലൂടെ,
തിരയേറിയ കടൽതീരത്തിലൂടെ,
ഉലഞ്ഞാടിയ മേഘങ്ങളിലൂടെ,
വിരലിലെരിഞ്ഞ വാക്കുകളിലൂടെ,
പലകുറി വർണം മാറിയ ഋതുക്കളിലൂടെ,
ഋതുക്കൾക്കൊപ്പം നിറം മാറിയ
മഷിതുള്ളികളിലൂടെ,
പ്രണയത്തിനു വിലയിട്ട പ്രദർശനപ്പുരകളിലൂടെ,
നിഴൽപ്പാടങ്ങളിലൂടെ,
ശരത്ക്കാലത്തിൻ തീപ്പൊട്ടുകളിലൂടെ,
ഇലപൊഴിയും വൃക്ഷശിഖരങ്ങളിലുറയും
അക്ഷരങ്ങളിലൂടെ,
വർത്തമാനകാലത്തിനെഴുത്തുപുരയിൽ
കൃത്രിമക്കൂട്ടാലുണ്ടാക്കും പ്രണയവിപ്ലവകഥയിലൂടെ,
മൊഴിയിൽ നിറയും
ആദിവിദ്യയുടെയുലഞ്ഞ സ്വരങ്ങളിലൂടെ
കഥതുടരുമ്പോൾ 
മനസ്സിലാവുന്നു
ആ കഥയുടെ പരിസമാപ്തി
ഇറ്റുവീണൊരു മഞ്ഞുതുള്ളിയിലൊതുങ്ങി
മാഞ്ഞുപോയില്ലയെന്ന്...
അതിനാലാവും 
ഒന്നുമറിയാത്ത പോൽ
ഒന്നും സംഭവിക്കാത്തതുപോലെ
നടന്നുനീങ്ങാനെല്ലാവരും 
പരിശ്രമിക്കുന്നതും...
പരാജയപ്പെടുന്നതും....

No comments:

Post a Comment