Wednesday, April 13, 2011

എല്ലാ ഋതുക്കൾക്കുമുണ്ടാവില്ലേ ഒരോ കഥകൾ


ഇങ്ങോട്ടു ചോദിക്കുന്നതുപോലെ
പലതുമങ്ങോട്ടും ചോദിക്കാനുമുണ്ട്,
പറയാനുമുണ്ട്..
ഒന്നോർമ്മയിൽ സൂക്ഷിച്ചാലും
കൊടുക്കൽവാങ്ങലിന്റെ ജ്യാമ്യപത്രികപോലെ
തിരികെയെന്തെങ്കിലും ലഭിക്കാനായി
നീയൊരാളെയും സഹായിക്കാതിരിക്കുക..
അങ്ങനെയാരോയേകിയ ഒരു ഭാരം
ഇന്ന് ഭൂശിരസ്സിലും വീണിരിക്കുന്നു
നിന്റെ സഹായങ്ങളെല്ലാമിന്നൊരു
കടവായ്പയുടെ രസീതിപോലെയായി
മാറിയിരിക്കുന്നുവല്ലോ
അതറിയാനാവുന്നതിനാൽ
പറയുന്നുവെന്നറിയുക
ഇങ്ങോട്ടു ചോദിക്കുന്നതുപോലെ
പലതുമങ്ങോട്ടും ചോദിക്കാനുണ്ട്
പോകുമ്പോഴും നീ പടയേറിയിരുന്നിരുന്നുവല്ലോ
അതാകാം പോയ വഴിയിൽ
മഷിപ്പാടുകൾ എക്സ്/വൈ
രൂപങ്ങളെപ്പറ്റിയെഴുതിയത്
വിവേകത്തിന്റെ
ഉത്തുംഗശൃംഗമെവിടെയന്നറിയിയാനിത്ര
താഴേയ്ക്ക് നോക്കണമെന്നറിഞ്ഞിരുന്നില്ല.
അതിനാൽ പറയാം
പോകുമ്പോൾ കുറെയേറെ
ഉപദ്രവമിങ്ങോട്ട് ചെയ്യാനല്ലേ നീ ശ്രമിച്ചത്
ഭൂമി തണുത്തുറഞ്ഞൊരു മഞ്ഞുപാളിയായി
മായാത്തതിനാലല്ലേ
ഇന്നീ സഹായക്കടങ്ങളുടെ വായ്പാരസീതി
കാട്ടി വീണ്ടുമതിൽ നിന്നുവിറ്റുവരവുണ്ടാക്കാൻ
നീ ശ്രമിച്ചുകൊണ്ടിരിക്കുന്നത്
സ്നേഹത്തെ തുലാസുകളിറ്റ് തൂക്കി വിൽക്കും
ലോകത്തിനരികിലൊരിക്കൽ ഭൂമി പകച്ചുനിന്നിരുന്നു
ഇന്നങ്ങനെ പ്രത്യേകിച്ചമ്പരപ്പൊന്നുമില്ല
ഇങ്ങനെയുമൊരു ലോകമരികിലുണ്ടെന്നറിയാനായി
പക്ഷെ അതിലൂടെ ചോർന്നൊലിച്ചുപോയ
വിശ്വാസത്തിന്റെ നനുത്ത ഒരു ചെപ്പ്
അതൊരിക്കലുമതേ രൂപത്തിൽ
സൂക്ഷിക്കാനാവില്ലിനി
തീരാക്കടങ്ങളുടെ വായ്പാരസീതിപോലെഴുതും
സഹായപത്രികളിലിനിയെങ്കിലും
കൈയൊപ്പുകളേകാതിരിക്കുക
ഇങ്ങോട്ടുപറയുന്നതിനെല്ലാമിവിടെയും
മറുകുറിപ്പുകളുണ്ടാവുമെന്നുമറിയുക..
എല്ലാ ഋതുക്കൾക്കുമുണ്ടാവില്ലേ
ഒരോ കഥകൾ
കേട്ടുകൊണ്ടിരിക്കാനിമ്പമുള്ളതുമല്ലാത്തതുമായ
കഥകൾ.....

No comments:

Post a Comment