ഇടയ്ക്കിടെയവർ വരാറുണ്ട്
ഉപദേശിക്കുന്നതു കേൾക്കുമ്പോഴേ
ഒരു കടലുയർന്നുവരും മനസ്സിൽ
പറയുന്നത് മുഴുവൻ
സ്നേഹമഹത്വത്തെകുറിച്ച്...
ഒരായുഷ്ക്കാലത്തെയൊരു
മൂന്നുവർഷത്തിലാക്കിയൊതുക്കിനികത്തിയതിൽ
നിറയെതട്ടിക്കൂട്ടിയിട്ട അസ്ത്രസഹസ്രങ്ങളുടെ
മുറിപ്പാടുകളോർമ്മയിലുണ്ടിന്നും.
പിന്നെ വാതിലുകളുടച്ചാഘോഷിച്ചുറക്കം
കെടുത്തുമലോസരങ്ങളുടെ കൊടുംഭാരച്ചുമടും
എത്രയോ പാദുകങ്ങളേറി വന്നിരിക്കുന്നു കാലം
മഷിപ്പാടുകളുണക്കി വിളക്കിയ
വിളനിലങ്ങളിലൂടെയോടിയെത്രയോ രഥങ്ങൾ
പിന്നെയതെല്ലാം ചേർത്തുവച്ചൊരു
ചതുരംഗക്കളി
എഴുതാനിരുന്നപേനതുമ്പിനരികിലൊളിപാർത്ത
മിഴികളെ
വാക്കുകളെയെത്രയോനാൾ
കീറിമുറിച്ചളന്നുതൂക്കിനിങ്ങൾ
ശ്വാസനിശ്വാസങ്ങളെ ചാട്ടുളികളിലേറ്റിയില്ലേ
നിഷേധിക്കാനാവുമോ??
ചുരങ്ങൾക്കരികിലെയാൾക്കൂട്ടമല്ലേ
തുൾസിപ്പൂവിതളുകളിലും വിഷമിറ്റിച്ചത്
പിന്നെയിന്നിനിയൊരുപാടൊരുപാട് കഥകൾ
സൗകര്യപൂർവമെഴുതിയിടാം
പണക്കിലുക്കത്തിന്റെ
സ്നേഹമഹത്വത്തെയറിയിക്കാൻ
കാലത്തിനെന്തു തിടുക്കം
അറിഞ്ഞതുമറിയാത്തതുമെഴുതിനിറംമങ്ങിയ
വർത്തമാനകാലത്തിലേയ്ക്ക്
ഇനിയുമെന്തിനെഴുതിയിടണം ചരമഗീതങ്ങൾ..
പലതും കാണുമ്പോൾ
ഒരുപിടി കടലാസുതുണ്ടുകളുടെ
പ്രദർശനപ്പുരയോ സ്നേഹം
എന്നു ചോദിക്കാൻ തോന്നിപ്പോവുന്നു.....
എഴുതുന്ന വിരലുകൾക്കരികിലൊളിപാർത്തിരിക്കും
മനുഷ്യകുലമേ
കിലുങ്ങുന്ന നാണയതുട്ടുകളിലെ
സ്നേഹമഹത്വത്തെക്കുറിച്ചിനിയുമെഴുതാതിരുന്നാലും..
ഒരായുഷ്ക്കാലത്തിന്റെയോർമ്മയിലല്പമെങ്കിലും വെളിച്ചം
നക്ഷത്രങ്ങളിൽ നിന്നൊഴുകട്ടെ...
No comments:
Post a Comment