കാലമിനി ആദർശത്തെപ്പറ്റിയെന്തെഴുതും
ഒരു ചെറിയമുറിപ്പാടിലൂടെയതൊരു
പുഴപോലെയൊഴുകി മാഞ്ഞിരിക്കുന്നു..
ഒരിക്കൽ
അത്യാഗ്രഹമരുതെന്നൊക്കൊ
ഭൂമിയെയുപദേശിച്ചിരുന്നു
ഇനിയിപ്പോഴതുമാവില്ല
പ്രപഞ്ചത്തിനരികിലെ
ഹരിതവനങ്ങളിലൂടെ ഭൂമിനടക്കുമ്പോൾ
മഷിപ്പാത്രങ്ങളിൽ നിറയുന്നു
കുരുക്ഷേത്രത്തിന്റെയന്ത്യമെന്നോണം
രുധിരം..
മഹാസാഗരമേറിവന്ന
ശംഖുകളെഴുതും കഥയെങ്ങെനെ
വാഗ്ദോരിണിയാവും
അതിനുള്ളിൽ കടലൊഴുകുന്ന
ശ്രുതികേൾക്കുന്നില്ലേ?
അതിരുകൾക്കരികിലിരുന്ന്
അയൽതീരങ്ങളിലെയ്ക്കൊളിനോക്കിയ
നിമിഷങ്ങളിലെങ്കിലും
നിങ്ങളൊരു മനോഹരമായ
കടൽശംഖിനെയോർത്തിരുന്നുവെങ്കിൽ
നക്ഷത്രങ്ങൾ പൂത്തുലയും
ആകാശത്തെയോർത്തിരുന്നുവെങ്കിൽ...
അതെങ്ങെനെ
കണ്ണിലിരുട്ടും പൂശി നടക്കുമ്പോൾ
പലതും കാണാനായിയെന്നുവരില്ല..
കാണാതെ പോകുന്നതിലൂടെ
കാലവും രഥമേറി നീങ്ങും
പിന്നെയവിടെയവശേഷിക്കുക
പൂഴിമണ്ണുമാത്രമാവും..
ഇനിയിപ്പോൾ ആദർശത്തെപ്പറ്റിയെഴുതേണ്ടതില്ല
ആലങ്കാരികമായ
ആടയാഭരണങ്ങളെപ്പറ്റിയുമെഴുതേണ്ടതില്ല
എഴുതാനൊന്നും ബാക്കിയില്ലാതാവുമ്പോൾ
നിങ്ങൾ പല്ലക്കേറി വരുമെന്നറിയാം
തർജിമപുസ്തകങ്ങൾ തേടിയെടുത്ത്
എല്ലാറ്റിനെയും ചേർത്തുവച്ചൊരു
വട്ടപ്പൂജ്യത്തിലാക്കിയാഹളാദിച്ചാലും...
കണ്ണിലിരുട്ടും പൂശി നടക്കുമ്പോൾ
പൂജ്യങ്ങളെ സ്നേഹിക്കാനേ നിങ്ങൾക്കാവൂ...
അതിനിടയിൽ
ശംഖുകളുമെഴുതിയേക്കാം
കടലിന്റെ കഥകൾ
അതിനു നിങ്ങളെന്തിനു നീരസപ്പെടണം?
ശംഖുകളിലൂടെ
കടലൊഴുകുന്നതു കണ്ടിട്ടില്ലേ
എത്ര ഭംഗിയാണതിനെന്ന്
പ്രത്യേകം പറയേണ്ടതില്ലല്ലോ....
No comments:
Post a Comment