Wednesday, July 6, 2011

നീയയച്ച കത്തു വായിച്ചപ്പോളൊരു ചെറിയ ദു:ഖം തോന്നി


പ്രിയപ്പെട്ട പെൺകുട്ടീ,
നീയയച്ച കത്തുകിട്ടിയിരിക്കുന്നു
വായിച്ചപ്പോളൊരു ചെറിയ
ദു:ഖം തോന്നി..
നിന്റെ സ്വാതന്ത്ര്യത്തെ
കവർന്നെടുത്തതിനു ഞാൻ
നിന്നോടു മാപ്പുപറയുന്നു
നിന്റെയവസ്ഥ എനിക്കിന്ന് 
മനസ്സിലാക്കാനാവുന്നുമുണ്ട്
ആ വിവർത്തകനന്റെ സുഹൃത്തു തന്നെ
അയാൾക്കല്പം വിഭ്രമമുണ്ട്
അയാളെ കുറ്റം പറയേണ്ടകാര്യമില്ല
മനസ്സിന്റെയസുഖത്തിനുചികിത്സിക്കും
ആതുരാലയത്തിലയാൾ കുറെ നാൾ
ചികിസ്തയിലായിരുന്നു എന്നൊരു പരിഗണന
ദയവായി നീ അയാളോടു കാട്ടുക
എന്റെയാസുഹൃത്തെഴുതുന്നതോർത്ത്
പ്രിയപ്പെട്ടവളെ നീ വ്യസനിക്കരുത്
നിനക്ക് പഴയ പോലെ 
ഇവിടെവന്ന് ഒരു കവിത വായിക്കാനോ
എഴുതാനോ ആവുന്നില്ല എന്നറിയാം
നിന്റെ പുറകെയുള്ള നിഴലുകൾ
എന്റെ സൃഷ്ടികൾ തന്നെ..
അതിലെനിക്ക് വേദനയുമുണ്ട്
ഇനിയെങ്കിലും നീയതെല്ലാം മറക്കണം
നിനക്ക് നന്മ വരുമെന്ന് വിശ്വസിക്കുന്നു
പ്രിയപ്പെട്ട കുട്ടി,
ഈ ലോകം നീ വിചാരിക്കുന്ന പോലെയല്ല
ഒരുപാട് വന്യം തന്നെ..
നിന്റെ രോഷവും സങ്കടവുമെനിക്ക്
മനസ്സിലാവും..
എതിർമൊഴികളെഴുതുന്നവരോട്
ചിലർക്കെങ്കിലും വൈരാഗ്യം 
ഉണ്ടായിപ്പോവും എന്നറിയുക..
പ്രത്യേകിച്ചും ഒരു പെൺകുട്ടിയുടെ മുന്നിൽ
തോൽക്കുക എന്നതൊക്കെ 
ഞങ്ങളെപ്പോലുള്ള ആൺകുട്ടികൾക്ക്
സഹിക്കാനാവുകയുമില്ല... 
നീയെഴുതിയ എഴുത്തിലെ 
പരിഹാസമെനിക്ക് മനസ്സിലായിരിക്കുന്നു
ദൈവം ഞങ്ങളുടെ പ്രവർത്തികൾ
കണ്ട് സഹതപിക്കുന്നുണ്ടാവും
നിനക്കുമിന്ന് എന്നോട്
സഹതാപം തോന്നിതുടങ്ങിയിരിക്കും
ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടിയ
എന്റെ ചിന്തകളോട്
എനിക്കുമിന്ന് വലിയ ബഹമാനവും
തോന്നുന്നില്ല..
ദയവായി ഇനിയെങ്കിലും പരിഹാസത്തിന്റെ
ഭാഷ നീ ഉപയോഗിക്കില്ല 
എന്നു ഞാൻ വിശ്വസിക്കട്ടെ
പ്രിയപ്പെട്ട കുട്ടി,
നിനക്കിങ്ങനെ വന്നുപോയല്ലോ
എന്നതിനെക്കാൾ
നീയെത്രയോ കഠിനമായി
എന്നെ പരിഹസിക്കുന്നു
എന്നതോർത്ത് ഞാൻ ചിലനേരങ്ങളിൽ
വിഷമിക്കാറുമുണ്ട്.
എങ്കിലും തിരക്കിട്ടോടുന്നതിന്നൊരു സുഖം
പലതും മനസ്സിൽ നിന്നു മാഞ്ഞുമാഞ്ഞുപോവുന്നു..
നിന്റെ കത്തുകൾ പോലും
വല്ലപ്പോഴുമേ ഞാൻ ശ്രദ്ധിക്കാറുള്ളൂ....
ശരിതന്നെ;
മാറ്റങ്ങളുടെ രഥമിന്ന് മുന്നോട്ടോടുമ്പോൾ
പഴയ പതാകയും ആരോ മാറ്റിയിരിക്കുന്നു..
അതിനാൽ ആധുനികലോകം 
ഇവിടെയെഴുതിയിടും അലോസരപ്പെടുത്തും   
അക്ഷരക്കൂട്ടുകളെയോർത്ത്
വെറുതെ    നീ വ്യസനിക്കാതിരിക്കുക..
എന്തെഴുതിയാലും നീയിന്നെന്നെ 
വിശ്വസിക്കുകയില്ല എന്നുമറിയാം
എങ്കിലുമെഴുതുന്നു
പ്രിയപ്പെട്ട പെൺകുട്ടീ,
ഒക്കെയും അറിയാതെ സംഭവിച്ചുപോയതെന്ന്
നീ വിശ്വസിച്ചിരുന്നുവെങ്കിലെന്ന് 
ഞാനാശിച്ചുതുടങ്ങിയിരിക്കുന്നു...



No comments:

Post a Comment