Wednesday, July 27, 2011

ശരത്ക്കാലത്തിൽ പൊഴിഞ്ഞുവീഴുമിലകൾ




ശരത്ക്കാലത്തിൽ
പൊഴിഞ്ഞുവീഴുമിലകൾ 
എഴുതാനിനിയുമുണ്ടെന്ന്
സ്വകാര്യം പറയുമ്പോൾ
പഴുക്കിലകളെതാഴേയ്ക്കെറിയും
ഒരു കാവ്യത്തിനരികിൽ
നീ നിൽക്കുന്നുവോ
നിനക്ക് സുഖമെന്നുപറയുന്നു
നീ തന്നെ..
എനിക്ക് ദു:ഖമെന്നും പറയുന്നു
ആരൊക്കെയോ...
ഇലപൊഴിയും 
കാലത്തെയൊരിലപോലെ
ഞാനൊഴുകി മായും
എന്നൊരു കവിപറയുന്നു..
മേഘദൂതുകളിൽ
മഴപെയ്തുമായും നേരം
എന്റെ സുഖദു:ഖരേഖകൾ
ഒരു ശംഖിനുള്ളിൽ
ഞാനൊളിപ്പിക്കുമവസ്ഥയിൽ 
നീയെന്തിനു
ശാന്തിനികേതനത്തിനരികിൽ
ശരത്ക്കാലത്തിൻകൊഴിയുമിലതേടി 
നടക്കുന്നു..
അങ്ങനെയെങ്കിലും എന്റെ
ദു:ഖത്തിൻതുലാസൊന്നു
കനം തൂങ്ങി താണിരുന്നെങ്കിലെന്ന്
ആരും കാണാതെ
നീയാശിക്കുന്നുവോ..
നിനക്കറിയാനായി പറയാം
ചിലനേരങ്ങളിലെനിക്ക്
വളരെ ദു:ഖം തോന്നാറുണ്ട്
ഇങ്ങനെയൊക്കെ
വന്നതിലുള്ള വലിയ ദൈന്യം..
ആ സമയം നീയെന്റെ 
കണ്മുന്നിൽ വന്നുപെട്ടാൽ
പിന്നെയന്നമാവാസിയായിരിക്കും
എനിയ്ക്കും പിന്നെ നിനക്കുമെന്ന്
പ്രത്യേകം പറയുന്നു..
ചിലനേരങ്ങളിൽ
ഒന്നും തോന്നാറില്ല
ആ നേരങ്ങളിൽ നിന്നെ കണ്ടാൽ
കഷ്ടം നിനക്കിങ്ങനെ വന്നല്ലോ
എന്നും തോന്നും
പിന്നെ ശരത്ക്കാലത്തിലെ 
പഴുക്കിലകളെ ഞാനയനിയിൽ
കടഞ്ഞഗ്നിതൂവിയൊരു പൊൻതുണ്ടാക്കും
അതിൽ ഞാനെൻ മനസ്സിനെവിളക്കി
ഒരക്ഷരക്കൂടുപണിയും..
ആകാശനക്ഷത്രങ്ങൾ തിളങ്ങും
സന്ധ്യയിലതിൽ നിന്നുണരും
ഒരു സ്വപ്നകാവ്യം..
ശരത്ക്കാലവർണത്തിൽ...


No comments:

Post a Comment