Monday, July 11, 2011

എഴുതിതീരാത്ത എഴുത്തുമഷിപ്പാടിനപ്പുറം ഇന്ന് നിനക്കെഴുതുന്നത് ഗൗരി

ഇന്ന് നിനക്കെഴുതുന്നത്
ഗൗരി..
ഗൗരിയോടു നിനക്കൊരു 
ചെറിയ കടപ്പാടുണ്ടാവും
എഴുതിതീരാത്ത എഴുത്തുമഷിപ്പാടിനപ്പുറം
നിന്നെയൊന്നു സഹായിക്കാമെന്നു
കരുതിയ ഗൗരി..
പക്ഷെ നിനക്ക് സഹായം വേണ്ടിയിരുന്നില്ല
എങ്ങനെയെങ്കിലുമൊരു
വിജയമേ നിനക്കാവശ്യമുണ്ടായിരുന്നുള്ളൂ
എതിർക്കുന്നവരെയടിച്ചോടിച്ചില്ലാതാക്കുക
എന്നതേ നിനക്കറിഞ്ഞിരുന്നുള്ളൂ അക്കാലം..
എനിക്കും നിന്നോടുള്ളതല്പം സഹതാപം തന്നെ
ഇത്രയൊക്കെ കാട്ടിക്കൂട്ടിയിങ്ങനെയൊക്കെ
അഭിനയിക്കാനെങ്ങെന കഴിയും
മനുഷ്യകുലത്തിനെന്നോർത്തൊരു
ദു:ഖവുമുണ്ട്..
പലരും പലർക്ക് വേണ്ടി ശരശയ്യ പണിതു..
വീണുകിട്ടിയ അവസരമൊപ്പിച്ച്  
നീ  ഭൂമിയുടെ ശിരസ്സിലൂടെയങ്ങ്
നടക്കുകയുംചെയ്തു
നീ വീണപ്പോൾ
ദൈവമേ നീയായിരുന്നുവോ 
ഇതിനു പിന്നിലെന്നു തോന്നിയെങ്കിലും
നിന്നെയാക്ഷേപിക്കാനന്നു തോന്നിയില്ല
കാലത്തിന്റെ അക്കാലത്തെ അനുസ്മരണികളും
തുളസീദളങ്ങളിലെ നിന്റെയാപേക്ഷിക
സിദ്ധാന്തങ്ങളും കണ്ടുതുടങ്ങിയ നാളായിരിക്കണം
എതിർമൊഴികളുമുണർന്നു തുടങ്ങിയതെന്നറിയുക
ഭൂമിയുടെയുള്ളിലെ 
മഴതുള്ളികളിലഗ്നിയുണർന്നതുമാനാളിൽ
തന്നെയെന്നും നീയറിയുക

ഞങ്ങളുടെ ഭൂമിയോട് പകയുള്ള ആൾ
അതു സൂക്ഷിച്ചുതന്നെ വയ്ക്കട്ടെ...
വിജയിക്കാനായെന്തും 
ചെയ്യുന്നവരോടെന്തുപറയണമെന്നറിയില്ല..
സഹായിക്കാനായിരമാളുണ്ടെന്ന ശക്തിയിൽ
വിജയിക്കാനായിയെന്തും ചെയ്യുന്നതിനോട്
ഞങ്ങളുടെ സന്ധ്യയ്ക്ക് യോജിപ്പുമില്ല...
ഭൂമിയുടെയുള്ളിലെ പ്രഭാതങ്ങൾക്കോ, 
വേനൽമഴതുള്ളികൾക്കോ,
നക്ഷത്രസന്ധ്യകൾക്കോ
ശരത്ക്കാലത്തിനോ കവിതയെ മാത്രം
മറക്കാനാവില്ലെയെന്നറിഞ്ഞാലും
മാറ്റങ്ങളുടെ ഋതുക്കളിലും
സന്തോഷത്തിന്റെ തുണ്ടുകളിലും
സങ്കടങ്ങളുടെ കടലിലും
ശംഖിനുള്ളിലും കവിതയുണ്ടായിരിക്കും..
കവിതയ്ക്കൊരു വിലങ്ങിടും 
ഭൂമിയുണ്ടാവുകയില്ലെയെന്നറിഞ്ഞാലും.

No comments:

Post a Comment