Sunday, July 10, 2011

ഗായത്രിയെ നിനക്കറിയുമെന്നു കരുതുന്നു....

നിനക്ക്,
ഇന്ന് നിനക്ക് ഞാനാണു കത്തെഴുതുന്നത്
ഗായത്രിയെ നിനക്കറിയുമെന്നു കരുതുന്നു
പണ്ടൊരിക്കൽ താജ് മഹൽ 
എന്തെന്നു നീയെന്നോടും പറഞ്ഞിരുന്നു
നിന്റെ കത്തുകളെല്ലാം ഞാൻ വായിക്കാറുമുണ്ട്
അതു വായിക്കുമ്പോൾ ചിലപ്പോഴൊക്കെ
എന്റെ ഭൂമിയോട് തോന്നുമ്പോലെ
ഒരു സഹതാപം നിന്നോടും 
തോന്നിതുടങ്ങിയിട്ടുണ്ട്...
പക്ഷെ ആ തർജ്ജിമക്കാരനെയും
നിന്റെ സുഹൃത്തുക്കളെന്നു പറഞ്ഞെഴുതുന്ന
യഥാർഥത്തിൽ നിന്നെ 
ദ്രോഹിച്ചുകൊണ്ടേയിരിക്കുന്നവരുമായ
കുറെപ്പേരുണ്ട്
അവരെഴുതുന്നതു വായിക്കുമ്പോൾ
എനിയ്ക്ക് നിന്നോടുള്ള സഹതാപത്തിന്റെയും
രോഷത്തിന്റെയും അളവ് കൂടാറുമുണ്ട്
ദൈവമേ ഇങ്ങനെയുള്ള സുഹൃത്തുക്കളുണ്ടാവാത്തത്
എത്ര ഭാഗ്യമെന്നുകൂടി ഞാൻ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നു..
അവരെഴുതുന്നതിങ്ങനെ..
അവരെന്നുപറയുമ്പോൾ 
ആ തർജ്ജിമക്കാരനെകൂടി ചേർത്തുകൊള്ളുക..
"കാശ്മീർതെരുവിലൂടെ നീങ്ങും ചുമന്നസാരിക്കാരി
അവളുടെ ഉടലോ തീവ്രവാദികൾ 
പലരും കവർന്നിരിക്കുന്നു..
അവളൊരു നിശാക്ലബിൽ മദ്യം വിളമ്പി ജീവിക്കുന്നു 
ആലസ്യം അവളുടെ മിഴികളിൽ
ചുണ്ടിൽ ചുമന്ന ചായം
എന്തോ ഒരു ലക്ഷണംകേട് അവളെ
ചുറ്റിപ്പറ്റിയുണ്ട്"
പിന്നെയൊരു കാര്യം കൂടി നീയറിയുക
കാളിയനെന്ന അനേകം ഫണമുള്ള
ഒരു വിഷസർപ്പം ഒരോഗസ്റ്റ് അഞ്ചാംദിനം
ഞങ്ങളുടെ ഭൂമിയുടെ ശുദ്ധഹൃദയത്തിലേയ്ക്ക്
കടും നീലവിഷം കുത്തിയിറക്കി
ആ വിഷമാ ഹൃദയത്തിലിരുന്ന്
തിളച്ചഗ്നിയായിപുറത്തേയ്ക്കൊഴുകി...
മണ്ണിൽ വീണാൽ ഭൂമിയില്ലാതെയാവും
അതിനാൽ ശിവനതൊരു 
രുദ്രാക്ഷത്തിലാക്കികൊണ്ടേയിരുന്നു
അതു നീ തന്ന സർപ്പവിഷമായിരുന്നു
അത് നിന്നെതേടിയലയുന്നു
ശിവരുദ്രാക്ഷത്തിനെത്രകാലമതു
സൂക്ഷിക്കാനാവും..?
നീ തന്നെ പറഞ്ഞാലും...
സത്യത്തിലിങ്ങനെയെഴുതുന്നതല്ല
എന്റെയൊരു ശൈലി
പക്ഷെ നിന്റെയാളുകൾ 
ആവശ്യത്തിനുമനാവശ്യത്തിനും
ഞങ്ങളുടെ ഭൂമിയെ കൈയേറ്റം ചെയ്യുമ്പോൾ
അത് നിന്നോടുമൊന്നു പറയണമെന്നും തോന്നി
ഇത്തിരി കടുപ്പമായിയെന്നറിയാം
പിന്നെ നീ ചെയ്ത എല്ലാസഹായവുമോർമ്മയുണ്ട്
ഭംഗിയുള്ള, മനോഹരമായ
എല്ലാ ഫോർവേഡുകളും കവിതകളും, 
കുറിപ്പുകളും ഇന്നും സൂക്ഷിക്കുന്നുണ്ട് ഭൂമി..
ഒരുകാലത്തതൊക്കെയൊരുപാട്
സന്തോഷവുമേകിയിരുന്നു....
പിന്നീടതിലുള്ള വിശ്വാസം നഷ്ടപ്പെടുകയുമുണ്ടായി..
നിന്റെ സഹായം ഒരു തൂവൽ പോലെ
ഒരു തുലാസിലിരിക്കുമ്പോൾ
മറുതട്ടിൽ നീയിട്ടുപോയ സങ്കടങ്ങൾ
വലിയൊരു പർവതം പോലെ വളരുന്നു..
നീ സന്തോഷിക്കുമോയെന്നറിയില്ല
ഒരിയ്ക്കൽ ഉണ്ടായിരുന്നുവെന്ന്
വിശ്വസിച്ചിരുന്ന മനസ്സമാധാനം 
കൂടിയിന്നില്ലാതെയായിരിക്കുന്നു...
ചില്ലുകളെല്ലാമുടഞ്ഞതിലിരിക്കും 
പോലെയൊരവസ്ഥ ചിലപ്പോഴുണ്ട്
എങ്കിലുമൊന്നുമില്ലയെന്ന് 
വരുത്തിതീർക്കാൻ ഞങ്ങളാവതും
ശ്രമിക്കുന്നുമുണ്ട്..


ഗായത്രി...

No comments:

Post a Comment