Friday, July 8, 2011

നിന്റെ കത്തുവായിച്ചു.. സത്യമായും എനിയ്ക്കുമല്പം ദു:ഖം തോന്നി.



നിന്റെ കത്തുവായിച്ചു..
സത്യമായും എനിയ്ക്കുമല്പം 
ദു:ഖം തോന്നി..
ആ വിവർത്തകനോടെനിക്കിപ്പോൾ
സഹതാപമുണ്ട്..
അയാളുടെ പരിഭാഷകൾ
കാണുമ്പോഴേ അറിയാം
എന്തോ വ്യസനം  അയാൾ
സ്വകാര്യമായി സൂക്ഷിക്കുന്നുവെന്ന്..
ആ വിവർത്തകനോടുള്ള
രോഷമിപ്പോൾ മഞ്ഞുപോലെ
തണുത്തു തുടങ്ങിയിരിക്കുന്നു..
മനുഷ്യമനസ്സുകളെത്രയോ
വിചിത്രം...
അതിനൊരു ദീനം വന്നാലുള്ള
അവസ്ഥ അതിദയനീയം
പിന്നെ മൺസൂൺനിലാവും
ചാരി നിൽക്കുന്ന ഒരാളെയവിടെ
കാണാനിടയായി
മൺസൂൺനിലാവെന്നൊരുനിലാവുണ്ടോ
കാർമേഘാവൃതമായ മഴക്കാലങ്ങളിൽ
നിലാവ് ദൃശ്യവുമല്ല
പിന്നെയീ മൺസൂൺനിലാവിലെഴുതും
മഹാസാഹിത്യകാരനെ കണ്ടുനോക്കുക
ലങ്കയിലെ രാജാവിന്റെ
അനേകമുഖങ്ങളിലൊന്നുപോലെതോന്നും...
നിനക്കും അങ്ങനെതന്നെ
തോന്നുമെന്നെനിക്കറിയാം...
പഴയകാലങ്ങളെങ്ങനെ മറക്കാനാവും
ഭൂമിയുടെ ചുമരുകൾക്കരികിൽ
നിന്നാരോ പറഞ്ഞുകൊണ്ടേയിരിക്കുന്നു
പോയകാലത്തെ നമുക്കൊരു
മേഘ തുണ്ടായി മായ്ച്ചേക്കാമെന്ന്
പക്ഷെ ചുമരുകൾക്കരികിലെ
നിഴലുകളവിടെ തന്നെയുണ്ട്
ഇടയ്ക്കിടെയവരവരോടു
തന്നെ മത്സരിക്കുന്നു
നിനക്കറിയുമോ?
ബ്രഹ്മാസ്ത്രങ്ങളനേകമെന്നെ
ചുറ്റിക്കൊണ്ടേയിരിക്കുന്നു
എങ്കിലുമൊരു വിരൽതുമ്പിലെൻ
ഹൃദയവും സ്പന്ദിക്കുന്നു
നിലയില്ലാകയങ്ങളിലൂടെയൊഴുകിയൊഴുകി
ഞാനിന്നൊരു തുരുത്തിലെത്തിയിരിക്കുന്നു
ചെമ്പകപ്പൂവുകളനേകം സുഗന്ധതൈലങ്ങൾ
തീർക്കുമൊരു സായന്തനത്തിൽ
ഈ തുരുത്തിലിരിക്കുമ്പോൾ
ആകാശത്തിലനേകം 
നക്ഷത്രദീപങ്ങൾ തെളിയുന്നു
മുഖാവരണങ്ങളില്ലാതെയന്ന്
പ്രത്യേകമായും നിന്നോട് 
പറയാനുമാഗ്രഹിക്കുന്നു....

No comments:

Post a Comment