Friday, July 1, 2011

ഇനിയുമിതിൽ കൂടുതൽ ഞാനെന്തെഴുതാൻ.


പ്രിയപ്പെട്ടവളെ;
ഇന്നലെയെന്റെ കത്തിനു 
നീയെഴുതിയ മറുപടി കണ്ടു..
ഇനി നിനക്കൊന്നുമെഴുതില്ലയെന്നും 
കരുതിയതായിരുന്നു..
അകലെയിരുന്നൊരു ദുരിതദൈന്യംനീട്ടും 
മുനയൊടിഞ്ഞ പെൻസിൽതുമ്പുപോലെ 
നിന്റെ കത്തുകളെന്നെ മുറിവേൽപ്പിക്കുന്നു..
ചിരിക്കുന്നുണ്ടെങ്കിലും സന്തോഷഭരിതരായി
ആളുകൾ ചുറ്റും കൂടുന്നുണ്ടെങ്കിലും നീയെന്നെ
വല്ലാതെ ചുറ്റിക്കുന്നു..
എനിക്കിന്നുമനസ്സിലാവുന്നു
നീയെഴുതുന്നപോലെയൊക്കെ
ഒരുകാലത്ത് ഞാനുമെഴുതിയിരുന്നു
നിനക്കെത്രയുപദ്രവമതുമൂലമുണ്ടായി
എന്നും ഞാനിന്നറിയുന്നു..
നിന്റെ മുൾമുനയുള്ള വാക്കുകളെന്നെ 
മുറിവേൽപ്പിക്കുന്നുമുണ്ട്
ഞാൻ സന്തോഷഭരിതനായിരിക്കാൻ ശ്രമിക്കുന്നു..
നിന്റെയിന്നത്തെയവസ്ഥയിൽ
നിനക്ക് സന്തോഷമുണ്ടാവുമെന്ന 
വിശ്വാസവുമെനിക്കില്ല...
അതിനെന്റെ പ്രവർത്തികളും 
ഒരു പരിധി വരെ കാരണമായി
എന്നറിയുന്നതിൽ അല്പം ദു:ഖവുമുണ്ട്..
അസ്തമയത്തിന്റെ ചില്ലുകൂടിലെ 
പ്രകാശം മായും...
പിന്നെയും പുലരികളുണ്ടാവും..
അതിനിടയിലൂടെ പലതുമില്ലാതെയാവും
മുഖങ്ങളും, മുഖാവരണങ്ങളും
അതിനോടൊപ്പം മാഞ്ഞും പോയേക്കാം,
തുരുമ്പുപിടിച്ച ഓർമ്മകൾ പോലെ...
അതിനാലിനിയും നീയോർമ്മചെപ്പുകളെ
താഴിട്ടുപൂട്ടിയേതെങ്കിലും
സമുദ്രത്തിലേയ്ക്കെറിഞ്ഞാലും...
പ്രിയപ്പെട്ട കുട്ടീ;
പിന്നീടൊരിക്കലും നിനക്ക്
ദു:ഖിക്കേണ്ടിയും വരില്ല...
ഇനിയുമിതിൽ കൂടുതൽ ഞാനെന്തെഴുതാൻ...



പ്രിയപ്പെട്ടവനേ;
നിന്റെയെഴുത്തുവായിച്ചിരിക്കുന്നു
മറുപടിയെഴുതാൻ തിരയും
സൗമ്യവും മൃദുലവുമായ
വാക്കുകളൊക്കെയകലെയകലെ
വ്യോമമാർഗവും കടന്നെവിടേയ്ക്കോ
യാത്രപോയിരിക്കുന്നു..
അതിനെയൊക്കെ തിരികെയെടുത്ത്
മിനുക്കിതുടച്ചെടുക്കുമ്പോഴേയ്ക്കുമൊരായുഷ്ക്കാലവും
തീർന്നിരിക്കും..
ഒന്നു നീയറിയാതെ പോയി..
ഓർമ്മചെപ്പിനെയെന്നേ ഞാൻ താഴിട്ടുപൂട്ടി
സമുദ്രത്തിലേയ്ക്കൊഴുക്കിയിരുന്നു...
തിരയേറ്റത്താലതു  തീരമേറിയെന്റെയീ ഭൂമിയുടെ 
വാതിലുകളുലച്ച് മുന്നിലൊഴുകിനീങ്ങിയതാണെന്നറിയുക..
ആ സ്മൃതിപേടകത്തിനെയിനിയൊരു
നെരിപ്പോടിലേയ്ക്കെറിഞ്ഞേയ്ക്കാം
കത്തിയെരിഞ്ഞു ചാമ്പലായേക്കാമത് 
ആ വിഭൂതിയൊരു കലശത്തിലാക്കി 
വീണ്ടുമൊഴുക്കിയേക്കാം സമുദ്രത്തിലേയ്ക്ക്...
പിന്നീടൊരിക്കലുമൊരോർമ്മപ്പാടു
പോലുമതിലുണ്ടാവുകയുമില്ല...
ഇതിൽകൂടുതൽ ഞാനുമെന്തെഴുതാൻ...









No comments:

Post a Comment