ഓർമ്മയിൽ സൂക്ഷിക്കാനിഷ്ടമില്ലാത്തവയെ
മറക്കണമായിരുന്നു
മറക്കേണ്ടതിനുമൊരു രീതിയുണ്ട്
ഒരു സമ്പ്രദായമുണ്ട്..
വർഷങ്ങളോളമൊരാളെ
മഷിപ്പാടുകളിൽ മുക്കിയുണക്കി
കരിയിച്ചപ്പോൾ
ഓർമ്മയിൽ സൂക്ഷിക്കേണ്ടതതായിരുന്നു..
ഇന്നും തുടരുന്നതതല്ലേ
പിന്നെ ഭൂമിയ്ക്ക് മാത്രമെന്തിനൊരു
വിലക്ക്...
തുടർന്നേക്കാം
തുടരാനൊരു കഥയില്ലാത്ത വിഷമം
മഷിപ്പാടുകൾക്കും
നിഴലുകൾക്കുമുണ്ടാവേണ്ടതില്ലല്ലോ..
ഓർമ്മയിൽ സൂക്ഷിക്കാനിഷ്ടമില്ലാത്തവയെ
മറക്കേണ്ടതുണ്ട്
മഷിപ്പാടുകളുടെ രീതി തന്നെ തുടരാം
ഒരു തുള്ളിയിലതൊതുങ്ങില്ലല്ലോ..
അതിനെ കഴുകി മായ്ക്കാൻ
ഒരു കടൽതന്നെ വേണമിന്ന്..
No comments:
Post a Comment