വളരെ ശരിയായ വിധത്തിൽ
നിങ്ങൾക്കതറിയാം
അങ്ങനെയൊരാളെ കാണുന്നതുപോലും
ഞങ്ങൾക്കിഷ്ടമേയല്ലയെന്ന്
നിങ്ങളെന്നുപറഞ്ഞാൽ
ഗാന്ധിയാവാം, ബുദ്ധനോ
പ്ലേറ്റോയോ, ജീസസ്സോ
ഡക്കാൻപീഠഭൂമിയോ
മാതൃരാജ്യത്തിന്റെ മഹത്തായ
പ്രതിനിധികളെന്നഭിമാനിക്കുന്നവരുമാവാം.
അറിഞ്ഞുകൊണ്ടതു നിങ്ങൾ
ചെയ്യുന്നതെന്തിനെന്നുമറിയാം
അങ്ങനെയൊരാളെ
ഞങ്ങളെക്കൊണ്ടടിപ്പിച്ച്
രസിക്കണം നിങ്ങൾക്കല്ലേ
ഒരു നേരം പോക്ക്പോലെ
അതല്ലെന്ന് പറയേണ്ടതില്ല
അങ്ങനെയൊരാളെ ഞങ്ങളുടെ
മുന്നിലേയ്ക്കിട്ടുതന്നാൽ
ഞങ്ങൾക്കുണ്ടായേക്കാവുന്ന
അതികോപത്തെയും നിങ്ങൾക്കറിയാം
അങ്ങനെ ഞങ്ങളുടെ
മനസ്സിലശാന്തിയൊഴുക്കി
ഞങ്ങൾക്കിഷ്ടമില്ലാത്ത
മുഖത്തെ പ്രദർശിപ്പിച്ചതിനെയും
ഞങ്ങളെ കൊണ്ടടിച്ചുരസിക്കുന്ന
കൂട്ടങ്ങളേ
നിങ്ങൾക്ക് വേറെ ജോലിയില്ലേ
ഒന്നുപറയാം
അങ്ങനെയൊരാളെ കാണുന്നതുപോലും
ഞങ്ങൾക്കിഷ്ടമില്ല
ഞങ്ങളുടെ മനശാന്തി
തകർന്ന് ഞങ്ങളില്ലാതെയാവും വരെയും
നിങ്ങളീ ജോലിതുടരുക
ഞങ്ങളോടൊപ്പം മറ്റു ചിലരുടെയും
മനശ്ശാന്തിയുമില്ലാതായേയ്ക്കും
ഒരു കല്ലു കൊണ്ട്
നിങ്ങൾക്കൊരുപാടു
സന്തോഷമുള്ള കാര്യങ്ങൾ
നടക്കും
ജീസസ്സ്, പ്ലേറ്റോ, ഗാന്ധി, ബുദ്ധൻ
എന്നിങ്ങനെ
പലേ സ്വയം പ്രശംസാനാമങ്ങളും
പടിപ്പുരവാതിലുകളിൽ തൂക്കിയിടാനായ്
നിങ്ങൾ സൂക്ഷിച്ചോളുക ...
ആൾക്കൂട്ടമതിശയപ്പെട്ടേയ്ക്കും
നിങ്ങളുടെയൊക്കെ മഹത്വം കണ്ട്.
No comments:
Post a Comment